ലിമ: കേരളത്തിൽ കഴിഞ്ഞ ദിവസം മൃഗബലിയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു. ഇടയ്ക്കിടെ ദേശീയ തലത്തിൽ ഇത്തരം വാർത്തകൾ പുറത്തു വരാറുണ്ട്. നരബലിയ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരികയുണ്ടായി. ഇതൊക്കെ ആധുനിക കാലത്താണ് നടക്കുന്നതെന്നാണ് നടുക്കുന്ന വിവരം. എന്നാൽ, കാലങ്ങൾക്ക് മുമ്പ് കുരുന്നുകളെ പോലും ബലി നൽകുന്ന ക്രൂരമായ വിശ്വാസം ഈ ലോകത്ത് നിലനിന്നിരുന്നു. ഇത് സംബന്ധിച്ച ഞെട്ടിക്കുന്നൊരു വിവരമാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും ഭീകരമായ നരബലി നടന്നത് 550 വർഷങ്ങൾക്കു മുമ്പു പെറുവിലാണ് എന്നു പറയുന്നു. 140 കുരുന്നുകളെ ഒന്നിച്ചായിരുന്നു നരബലി നടത്തിയത് എന്നു ഗവേഷകർ കണ്ടെത്തി. ഒരു ഖനനത്തിലുടെയാണ് ഈ ക്രൂരതയുടെ ചുരുളഴിഞ്ഞത്. 140 കുട്ടികളിൽ ഭൂരിഭാഗവും എട്ടിനും 12 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ട്രൂഹിയോ നഗരത്തിനു സമീപത്തു നിന്നാണ് ആർക്കിയോളജിസ്റ്റുകൾക്ക് ഈ നരബലി സംബന്ധിച്ചു നിർണ്ണായക തെളിവുകൾ ലഭിച്ചത്. ശക്തമായ പ്രളയത്തിൽ നിന്നു മുക്തി നേടാനായിരുന്നു ഈ ക്രൂരകൃത്യം എന്നു പറയുന്നു.

2011 ൽ ഒരു ക്ഷേത്രവശിഷത്തിനു സമീപത്തു നടത്തിയ ഉത്ഖനനത്തിൽ 40 പേരെ നരബലി നടത്തിയതായി കണ്ടെത്തി. ഇതോടൊപ്പം 74 ലാമകളും ഉണ്ടായിരുന്നു. ശക്തമായ പ്രളയത്തിൽ നിന്നു രക്ഷനേടാനായിരുന്നു പെറുവിൽ 140 കുരുന്നുകളെ നരബലി നടത്തിയത് എന്നു പറയുന്നു. പ്രളയത്തിൽ പെട്ടു കൃഷിയും മത്സ്യബന്ധനവും നിലച്ച് ജീവിതം ദുരിത പൂർണ്ണമാകും എന്ന ചിന്തയിലാണ് ഇവർ നരബലി നടത്തിയത് എന്നു പറയുന്നു. 140 കുട്ടികളിൽ എല്ലാവരുടെയും ചില പ്രത്യേക വരിയെല്ലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. ഇത് ഹൃദയം എടുത്തു മാറ്റാൻ വേണ്ടിയായിരിക്കും എന്ന നിഗമനമുണ്ട്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).