- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി എഴുതുകയില്ല; എഴുതിയത് കത്തിച്ച് കളയും; സംഘപരിവാർ ഭീഷണിയിൽ മനം നൊന്ത് തമിഴ് നോവലിസ്റ്റ് സാഹിത്യ ലോകം ഉപേക്ഷിച്ചത് ഇങ്ങനെ
ചൈന്നെ: ഹിന്ദുത്വസംഘടനകളുടെ എതിർപ്പിനെ തുടർന്ന് എഴുത്ത് എന്നന്നേക്കുമായി നിർത്തുകയാണെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ. അദ്ദേഹത്തിന്റെ 'മധോരുഭഗൻ' എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാർ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് എഴുത്തു നിർത്തുകയാണെന്ന് മുരുഗനും വിശദീകരിച്ചിട്ടുണ്ട
ചൈന്നെ: ഹിന്ദുത്വസംഘടനകളുടെ എതിർപ്പിനെ തുടർന്ന് എഴുത്ത് എന്നന്നേക്കുമായി നിർത്തുകയാണെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ. അദ്ദേഹത്തിന്റെ 'മധോരുഭഗൻ' എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാർ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് എഴുത്തു നിർത്തുകയാണെന്ന് മുരുഗനും വിശദീകരിച്ചിട്ടുണ്ട്. ഇനിമുതൽ സാഹിത്യ സംബന്ധിയായ കാര്യങ്ങളിൽ പങ്കെടുക്കില്ല. പുസ്തകങ്ങൾ വാങ്ങിയവർക്ക് അതു കത്തിച്ചുകളയാൻ അവകാശമുണ്ട്. പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ മരിച്ചെന്നാണ് അദ്ദേഹം എഴുത്തു നിർത്തുന്നതിനെക്കുറിച്ചു വിശദീകരിച്ചത്.
2010ൽ പ്രസിദ്ധീകരിച്ച നോവലിലെ വിവാദ ഭാഗങ്ങൾ നീക്കാമെന്ന് അറിയിച്ചിട്ടും ഭീഷണി തുടരുന്നതിനാൽ ഇനി എഴുതില്ലെന്നാണു മുരുഗൻ അറിയിച്ചത്. 'പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ മരിച്ചു. ദൈവമല്ലാത്തതിനാൽ പുനർജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാത്തതിനാൽ പുനർജന്മത്തിൽ വിശ്വസിക്കുന്നുമില്ല. സാദാ സ്‌കൂൾ ടീച്ചർ പി മുരുഗനായി ജീവിക്കും. ജീവിക്കാൻ അനുവദിക്കുക' മുരുഗൻ ഫേസ്‌ബുക്കിൽ കുറിച്ചു. പ്രസാധകരായ കാലചുവട്, നാട്രിനയ്, അടയാളം, മാലൈഗൾ, കായൽകവിൻ എന്നിവരോട് തന്റെ ചെറുകഥാസമാഹാരങ്ങളോ നോവലുകളോ കവിതകളോ മറ്റു പുസ്തകങ്ങളോ വിൽക്കരുതെന്നും പെരുമാൾ മുരുഗൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുച്ചെങ്കോട് അർധനാരീശ്വരി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെ മറ്റും അനുമതിയോടെ നടന്നിരുന്ന ലൈംഗികബന്ധങ്ങൾ മുരുഗൻ നോവലിൽ ചിത്രീകരിച്ചിരുന്നു. ഇതാണ് ഹിന്ദുത്വസംഘടനകളെ ചൊടിപ്പിച്ചത്. കുട്ടികളില്ലാത്ത ദമ്പതികളുടെ ദുഃഖം പ്രമേയമാക്കിയ നോവലാണ് 'മധോരുഭഗൻ'. കുട്ടികളില്ലാത്ത സ്ത്രീ ഭർത്താവിന്റെ അനുമതിയോടു കൂടി അന്യപുരുഷനുമായി ലൈംഗികബന്ധം പുലർത്തുന്ന 'നിയോഗധർമം' മഹാഭാരതത്തിൽ വരെയുള്ളതാണെന്നും ഇത് ഭാരതീയപാരമ്പര്യത്തിന് അന്യമല്ലെന്നും മുരുഗനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
തമിഴിൽ ആറു നോവലുകൾ പ്രസിദ്ധീകരിച്ച പെരുമാൾ മുരുഗൻ തന്റെ പുസ്തകങ്ങൾ പിൻവലിക്കുകയാണെന്നും ഇതിനു പ്രസാധകർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്നും അറിയിച്ചു. സ്ഥലവുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ നോവലിൽനിന്ന ഒഴിവാക്കാമെന്നു പറഞ്ഞിട്ടും പ്രതിഷേധം തുടരുകയായിരുന്നു. തുടർന്നാണ് കടുത്ത നിലപാട് എടുത്തത് തൃച്ചങ്കോട്, നാക്കൽ ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരേ എടുത്ത നിലപാടുകളാണ് ഹിന്ദു സംഘടനകളുടെ എതിർപ്പിന്റെ പ്രധാന കാരണം. ഇവരുടെ വിദ്യാഭ്യാസ പ്രവർത്തനം അശാസ്ത്രീയമാണ്.
മുരുഗന്റെ അവസാന നോവലായ പൂക്കുളി സമർപ്പിച്ചിരിക്കുന്നത് ജാതിവിദ്വേഷത്തിൽ കൊല്ലപ്പെട്ട ധർമപുരി ഇളവരശന്റെ പേരിലാണ്. ഇതും സംഘടനകളുടെ എതിർപ്പിനിടയാക്കിയെന്നു മുരുഗൻ പറഞ്ഞു. നോവലിസ്റ്റിനെ അറസ്റ്റ് ചെയ്യണമെന്നും പുസ്തകം നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. എന്നാൽ, സംഘപരിവാർ സംഘടനകളുടെ നീക്കത്തിനെതിരേ തമിഴ് എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തി. ഈ പുസ്തകം വൺ പാർട്ട് വുമൺ എന്ന പേരിൽ പെൻഗ്വിൻ ഇന്ത്യ ഇംഗ്ലീഷിലേയ്ക്കു തർജമ ചെയ്തിരുന്നു. നാമക്കൽ ഗവൺമെന്റ് ആർട്‌സ് കോളജിൽ തമിഴ് പ്രഫസറാണ് പെരുമാൾ മുരുഗൻ.
തിങ്കളാഴ്ച നാമക്കലിൽ നടന്ന സമാധാനയോഗത്തിൽ ചിലർ നടത്തിയ രൂക്ഷപരാമർശങ്ങൾ മുരുഗനെ വേദനിപ്പിച്ചെന്നും എഴുത്ത് മതിയാക്കാനുള്ള തീരുമാനത്തിന് കാരണമായത് ഇതാകാമെന്നും മുരുഗന്റെ അടുത്ത സുഹൃത്തുക്കൾ മാദ്ധ്യമങ്ങളോടു പറഞ്ഞു. സാഹിത്യോത്സവങ്ങൾക്കോ പൊതുപരിപാടികൾക്കോ എഴുത്തുകാരനെന്ന നിലയിൽ ആരും ക്ഷണിക്കരുത്. താൻ എഴുത്ത് മതിയാക്കിയ സാഹചര്യത്തിൽ മത, ജാതിസംഘടനകൾ ദയവുചെയ്ത് പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുരുഗൻ ആവശ്യപ്പെട്ടു.