ചെന്നൈ: ഹിന്ദു സംഘടനകളുടെ എതിർപ്പിനാൽ എഴുത്ത് അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകനു മദ്രാസ് ഹൈക്കോടതിയുടെ അനുകൂല വിധി. 'മാതൊരുഭാഗൻ' (അർധനാരീശ്വരൻ) എന്ന പുസ്തകം പിൻവലിക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.

നോവലിലെ ചില പരാമർശങ്ങൾ ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് നാമക്കൽ ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗം പുസ്തകം പിൻവലിച്ച് മാപ്പു പറയാൻ പെരുമാൾ മുരുകനോട് ആവശ്യപ്പെട്ടിരുന്നു. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് എസ്‌കെ കൗൾ, ജസ്റ്റിസ് പുഷ്പ സത്യനാരായണൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മതവികാരത്തെ അവഹേളിച്ചു എന്നാരോപിച്ച് മുരുകനെതിരെ ക്രമിനൽ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹർജിയും ഹൈക്കോടതി തള്ളി.

പെരുമാൾ മുരുകനോട് മാപ്പ് പറയനാവശ്യപ്പെട്ട സമാധാന ചർച്ചക്ക് നേതൃത്വം നൽകിയ നാമക്കൽ ജില്ലാ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടു തമിഴ്‌നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടനയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിഷേധത്തെ തുടർന്ന് 2015 ജനുവരി 12 ന് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ പുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാമെന്നും വിപണിയിൽ ബാക്കിയുള്ള കോപ്പികൾ പിൻവലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും പെരുമാൾ മുരുകൻ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ഇതിന് പിന്നാലെ തന്റെ എല്ലാ പുസ്തകങ്ങളും പിൻവലിക്കുകയാണെന്നും സാഹിത്യജീവിതം അവസാനിപ്പിക്കുകയാണെന്നും പെരുമാൾ മുരുകൻ പ്രഖ്യാപിച്ചത് ആവിഷ്‌ക്കാര സ്വാതന്ത്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇടയാക്കി. മാതൊരുഭാഗനിലെ പരാമർശങ്ങൾ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില ഹിന്ദു സംഘടനകളാണ് പ്രതിഷേധം അഴിച്ചുവിട്ടത്.