- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോർച്യൂണർ ഉപയോഗിച്ച് ആദിൽ ഷായെ ഇടിച്ചു വീഴ്ത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട വാഹനം നിർത്തിയിട്ട ജെസിബിയിൽ ഇടിച്ചു തകർന്നു; വടിവാൾ കൊണ്ട് വെട്ടിയതിന് പിന്നാലെ ആദിലിന്റെ നെഞ്ച് ലാക്കാക്കി വെടിയുതിർത്തു; ഇന്ന് പുലർച്ചെ പെരുമ്പാവൂരിൽ ഉണ്ടായ വെടിവയ്പിന് പിന്നിൽ ഗൂണ്ടാസംഘങ്ങളുടെ പക
പെരുമ്പാവൂർ: പാലക്കാട്ട്താഴത്ത് ഇന്ന് പുലർച്ചെ വെടിവയ്പുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാറിലെത്തിയ ആറംഗ സംഘം തണ്ടേക്കാട് സ്വദേശി ആദിൽഷായെ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ തണ്ടേക്കാട് മുത്തുംപടി നിസാർ, മിത്തു, ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന മറ്റ് 4 പേർ എന്നിവർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 1.30 -ടെയായിരുന്നു സംഭവം. ഈ സമയം പാലക്കാട്ടുതാഴം ജെ.സി.ബി സ്റ്റാന്റിന് സമീപത്തുകൂടി നടന്നുപോയ ആദിൽഷായെ ഫോർചൂണർ കാറിൽ എത്തിയവർ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. നിലത്ത് വീണപ്പോൾ വടിവാൾ ഉപയോഗിച്ച് ഇയാളെ വെട്ടുകയും ചെയ്തു. ഈ സമയം നിസ്സാർ കൈയിൽ കരുതിയ പിസ്റ്റൾ കൊണ്ട് ആദിൽഷായുടെ നെഞ്ചിൽ വെടിവക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം.
ഇവർ സഞ്ചരിച്ച കാറ് ജെ.സി.ബിയിൽ ഇടിച്ച് ഭാഗികമായി തകരുകയും ചെയ്തു. പരിക്കേറ്റ ആദിൽഷായെ ആദ്യം സാൻജോ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാരകായുധങ്ങൾ കൈവശം വച്ചതിനും, കൊലപാതകശ്രമത്തിനുമാണ് ഒളി ലുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവസ്ഥലത്തെ വഴിയരികിൽ മെറ്റൽകൂനക്കടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു വടിവാള് പിന്നിട് നടന്ന തെളിവെടുപ്പിൽ കണ്ടെടുത്തു.
ഫോർച്ചൂണർ ഉപയോഗിച്ച് ആദിലിനെ ഇടിച്ചു വീഴ്‌ത്താനായിരുന്നു പ്രതികളുടെ ആദ്യ നീക്കം. എന്നാൽ നിയന്ത്രണം വിട്ട വാഹനം അടുത്ത് നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ചു തകർന്നു. വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടെനെ ആദിലിനെ നിസരിനൊപ്പം ഉണ്ടായിരുന്ന കിച്ചു എന്ന പ്രതി വടിവാൾ ഉപയോഗിച്ച് വെട്ടി. തൊട്ടടുത്ത നിമിഷം നിസാർ പിസ്റ്റൾ ഉപയോഗിച്ച് വെടിവക്കുകയായിരുന്നു.ഒരാഴ്ച മുമ്പുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലെത്തിച്ചതെന്നാണ് വിവരം
ബോംബ് സ്‌ക്വാഡ്, വിരലടയാള വിദ്ഗ്ദ്ധർ തുടങ്ങിയവർ ഇവിടെയെത്തി പരിശോധന നടത്തി. കാറിൽ നിന്ന് മദ്യക്കുപ്പികളും മാരകായുധങ്ങളും പൊലീസിന് കണ്ടെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് അഡീഷണൽ എസ്‌പി സുരേഷ് കുമാർ, പെരുമ്പാവൂർ ഡി.വൈ.എസ്‌പി കെ. ബിജുമാൻ, സിഐ. ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് അഡീഷണൽ എസ്‌പി മാധ്യമങ്ങളോട് പ്രതികരിച്ചു.
മറുനാടന് മലയാളി ലേഖകന്.