ന്യൂ ജേഴ്സി: പാറ്റേഴ്‌സൺ സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയ തിരുനാൾ ഈമാസം 28, 29 ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. 20ന് വെള്ളിയാഴ്ച് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുർബാനയോടനുബന്ധിച്ചു ലദീഞ്ഞും തുടർന്നു കൊടിയേറ്റവും നടക്കും. വികാരി ഫാ. ജേക്കബ് ക്രിസ്റ്റി കൊടി ഉയർത്തുന്നതോടെയാണ് തിരുനാളിനു തുടക്കം കുറിക്കുന്നത്.

28ന് ശനിയാഴ്‌ച്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു പ്രത്യേക അതിഥിയായി എത്തുന്ന സിറോ മലബാർ ഷിക്കാഗോ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം വഹിക്കും. ഫാ. ജോസ് കണ്ടത്തിക്കുടി, ഇടവക വികാരി ഫാ: ജേക്കബ് ക്രിസ്റ്റി തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. തുടർന്ന് പള്ളി ഓഡിറ്റോറിയത്തിൽ റോബി കുട്ടപ്പശ്ശേരിയുടെ നേതൃത്വത്തിൽ ഇടവകയിലെ കലാകാരന്മാർ വിശുദ്ധ ഗീവർഗീസ് സഹദായുടെ ജീവിത ചരിത്രം സദസ്സിൽ അവതരിപ്പിക്കും, കൂടാതെ സെന്റ് ജോർജ് ആർട്‌സ് സ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നൽകും, തുടർന്ന് പള്ളിയിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ റാസ നഗരംചുറ്റി തിരിച്ചു പള്ളിയിൽ പര്യവസാനിക്കും. തുടർന്ന് വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും, തിരുനാളിനോട് അനുബന്ധിച്ചു വിവിധ സ്റ്റാളുകളും ഒരുക്കിയിട്ടുണെണ്ടന്നു പാരിഷ് ട്രസ്റ്റിമാരായ താമസ് തോട്ടുകടവിൽ, ജോംസൺ ഞാലിമ്മാക്കൽ എന്നിവർ അറിയിച്ചു.

എല്ലാ വിശ്വാസികളെയും ഈ പെരുന്നാളിലേക്ക് സ്‌നേഹത്തോടെ ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി ഫാ: ജേക്കബ് ക്രിസ്റ്റി, പെരുനാൾ പ്രസുദേന്തിമാരായ സെന്റ് തോമസ് വാർഡ് പ്രതിനിധി ആൽബർട്ട് കണ്ണമ്പള്ളി എന്നിവർ അറിയിച്ചു.