കോതമംഗലം: മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസ് പരത്തുവയലിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 336-മത് ഓർമ പെരുന്നാളാണ് ഈ വർഷം ആഘോഷിക്കുന്നത്. പെരുന്നാൾ ചടങ്ങുകളിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും സഭയിലെ മെത്രാപൊലീത്തമാരും പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കും.

പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പെരുന്നാൾ ചടങ്ങുകൾ നടക്കുക.നാളെ വൈകിട്ട് 4 മണിക്ക് കോഴിപ്പിള്ളി ചക്കാലക്കുടി വി. യൽദോ മാർ ബസേലിയോസ് ചാപ്പലിൽ നിന്നും പ്രാർത്ഥനക്ക് ശേഷം പതാക പ്രദിക്ഷണമായി ചെറിയ പള്ളിയിലേയ്ക്ക് എത്തിക്കും.തുടർന്ന പള്ളിയകത്തെ കബറിങ്കൽ പ്രാർത്ഥനക്ക് ശേഷം 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തും.ഒക്ടോബർ 2,3 തീയതികളിലാണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്.

നാളെ മുതൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ സാമൂഹ്യ അകലം പാലിച്ച് പള്ളിയിലെത്തി പ്രാർത്ഥിച്ച് വഴിപാടുകൾ സമർപ്പിച്ച് മടങ്ങാവുന്നതാണ്. കാൽനട തീർത്ഥാടകർക്ക് സംഘം ചേരാതെ പള്ളിയിലെത്തുന്നതിനും, കബറിങ്കൽ പ്രാർത്ഥിച്ചു മടങ്ങുന്നതിനും ക്രമീകരണം ഉണ്ടായിരിക്കും.

പെരുന്നാൾ ക്രമീകരണങ്ങൾക്കായി വികാരി ഫാ. ജോസ് പരത്തുവയലിൽ ജനറൽ കൺവീനർ, തന്നാണ്ടു ട്രസ്റ്റിമാരായ അഡ്വ. സി ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും ട്രസ്റ്റിമാരായ ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, ജോൺസൻ തേക്കിലകാട്ട്, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവർ കൺവീനർമാരായും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, സ്‌കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.