തിരുവനന്തപുരം:അമ്മച്ചിയെ കണ്ടിട്ട് എന്റെ അമ്മയെപോലെ ഉണ്ട് എന്ന് പറഞ്ഞ് അടുതെത്തി ഭക്ഷണം വാങ്ങി കൊടുത്തയാൾ തന്റെ പണവും തട്ടി മുങ്ങുമെന്ന് തങ്കമ്മ അമ്മച്ചി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല.തലസ്ഥാന നഗരത്തിലെ പേരൂർക്കട ജംങ്ഷനിൽ വർഷങ്ങളായി മുറുക്കാൻ വിൽക്കുന്നയാളാണ് തങ്കമ്മ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് താൻ 32 വർഷമായി പേരൂർക്കട എസ്ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയ ആൾ വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചടവില്ലാത്ത ലോൺ തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് പണവും തട്ടി മുങ്ങിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ തിരക്കേറിയ ജംങ്ഷനിൽ ഒരു ചെറിയ ഷെഡ് കെട്ടിയ ശേഷമാണ് കച്ചവടം നടത്തുന്നത്. എന്നാൽ ഞായറാഴ്ച ദിവസം രാവിലെ സമീപത്തെ വഴിയോര കച്ചവടക്കാരില്ലാത്ത നേരത്താണ് തങ്കമ്മയെ വഴിയാത്രക്കാരൻ പറ്റിച്ച് കടന്നത്. മൂന്നു ദോശയും ഇറച്ചിക്കറിയും വാങ്ങി വയോധികയുടെ അടുക്കൽ എത്തിയ വിരുതൻ, താൻ പേരൂർക്കട സ്റ്റേഷനിൽ 32 വർഷമായി എസ്ഐ ആണെന്നും എന്റെ അമ്മയെ പോലെയിരിക്കുന്നു എന്നും പറഞ്ഞു ദോശയും കറിയും കഴിക്കാൻ നൽകുകയായിരുന്നു.ഇത് കഴിച്ച് വെള്ളം കുടിക്കണം എന്ന് പറഞ്ഞാണ് അയാൾ പൊതി നൽകിയത്.

വഴിയോരക്കച്ചവടക്കാർക്ക് 25,000 രൂപ വീതം തിരിച്ചടയ്ക്കേണ്ടാത്ത ബാങ്ക് വായപ കിട്ടിയിട്ടുണ്ടോ എന്നാണ് അയാൾ അടുത്തതായി ചോദിച്ചത്. ഇല്ല മക്കളേ എന്നു പറഞ്ഞതും, തന്റെ ഭാര്യ പേരൂർക്കടയിലെ ഒരു ബാങ്കിലെ മാനേജർ ആണെന്നും പറഞ്ഞു മൊബൈൽ ഫോൺ എടുത്തു ഭാര്യയോടു സംസാരിക്കുന്നതു പോലെ അഭിനയിച്ചു സംസാരിച്ചു. പാവം അമ്മച്ചിയാണ് 25,000 രൂപ കൊടുക്ക് എന്നു പറഞ്ഞു. തുടർന്നു മുദ്രപത്രം വാങ്ങാൻ പണം ആവശ്യപ്പെട്ടു. ഹാർവിപുരത്ത് വഴിയോരക്കച്ചവടം നടത്തുന്ന സഹോദരനും കൂടി വായ്പ വേണമെന്നു വയോധിക പറഞ്ഞു. തുടർന്ന് മുദ്രപത്രം വാങ്ങാൻ പണം മാത്രം തന്നാൽ മതി എന്ന് പറഞ്ഞു.

500 രൂപയാണ് അയാൾ ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ച മുഴുവൻ നടത്തിയ കച്ചവടത്തിൽ നിന്നും ആകെ ലഭിച്ച 400 രൂപ അയാൾക്ക് നൽകുകയായിരുന്നു. അത് മതി അമ്മാ ബാക്കി 100 രൂപ ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞ് മുങ്ങിയയാളെ പിന്നെ ദീർഘനേരമായിട്ടും ആരും കണ്ടില്ല. ഉച്ചയായതോടെ സമീപത്തെ മറ്റൊരു കച്ചവടക്കാരനോട് കാര്യം പറഞ്ഞപ്പോഴാണ് തന്നെ വന്നയാൾ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് തങ്കമ്മ അമ്മച്ചിക്ക് മനസ്സിലായത്. അയ്യോ എന്റെ ഒരാഴ്ചത്തെ പൈസയാണല്ലോ മൂന്ന് ദോശയും തന്നിട്ട് അയാൾ കൊണ്ട് പോയത് എന്ന് പറഞ്ഞ് വിഷമത്തിലും ചിരിക്കുകയാണ് അമ്മച്ചി.

30 വർഷമായി പേരൂർക്കട തെരുവിൽ മുറുക്കാൻ കച്ചവടം നടത്തുകയാണ് ഹാർവിപുരം കോളനി സ്വദേശിനിയായ തങ്കമ്മ അമ്മ. മുറുക്കാനും സിഗററ്റും ഒക്കെ വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഏക ജീവിതമാർഗം. രാവിലെ മുതൽ വൈകുന്നേരം വരെ കച്ചവടം നടത്തിയാൽ കിട്ടുന്നത് 150 രൂപയിൽ താഴെ മാത്രമാണ്. ഈ വയസ്സാം കാലത്തും മക്കളെയോ മറ്റുള്ളവരേയൊ ബുദ്ധിമുട്ടിക്കാതെ സ്വന്തം അന്നത്തിനുള്ളത് അധ്വാനിച്ച് കണ്ടെത്തുന്നവരെ ചൂഷണം ചെയ്യുന്നത് മനസ്സാക്ഷിയില്ലായ്മ തന്നെയാണ്.

കണ്ണിൽ ചോരയില്ലാത്ത ഇത്തരം പ്രവർത്തി ചെയ്യുന്നവരെ ഏത് മാനസിക അവസ്ഥയുള്ളവരായിട്ടാണ് കാണേണ്ടത് എന്നത് ഉത്തരമില്ലാത്ത ഒരു ചോദ്യവുമാണ്.