തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് ദിവാൻ ഭരണമോ രാജഭരണമോ അല്ല. പ്രൈവറ്റ് സെക്രട്ടറി ഭരണം! മന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറി വി.എൻ.സജീവനെതിരെ ആരോപണവുമായി പേരൂർക്കട ദത്തു കേസിലെ അനുപമ എസ്.ചന്ദ്രൻ എത്തുകയാണ്. പക്ഷേ ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല. ആരും ഒരു നടപടിയും എടുക്കില്ല. എന്നാലും സംഭവിച്ചത് ആ അമ്മ തുറന്നു പറയുകയാണ്. സ്വന്തം കുട്ടിയെ തിരിച്ചു കിട്ടാൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ.

'നിങ്ങൾക്കു മുൻഗണന കുഞ്ഞല്ലേ, മറ്റു കാര്യങ്ങളെന്തിനാ അന്വേഷിക്കുന്നത്, ഇങ്ങനെ പോയാൽ സർക്കാർ നിങ്ങൾക്കെതിരാകും. ആ ബുദ്ധിമുട്ടുണ്ടാക്കരുത്' എന്നു സജീവൻ താക്കീത് നൽകിയതായി അനുപമയും അജിത് കുമാറും വെളിപ്പെടുത്തി. മന്ത്രിയുടെ മുൻപിൽ വച്ചായിരുന്നു സംഭാഷണം. ഇതിൽ നിന്നും മന്ത്രി ഓഫീസിനെ ഭരിക്കുന്നതും പ്രൈവറ്റ് സെക്രട്ടറിയാണെന്ന് വ്യക്തമാകുകയാണ്. സിപിഎം സംസ്ഥാന സമിതി അംഗമാണ് സജീവൻ. എകെജി സെന്ററിലെ മുൻ ഓഫീസ് സെക്രട്ടറി. സിപിഎം നേതൃത്വവുമായി അടുത്തു നിൽക്കുന്ന നേതാവ്.

വീണാ ജോർജിന്റെ പാർട്ടി ഘടകം ഏര്യാ കമ്മറ്റിയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മന്ത്രിയെ പാർട്ടിയിൽ മുകൾ തട്ടിലുള്ള നേതാവ് നയിക്കുന്നു. പോരാത്തതിന് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ എകെജി സെന്ററിലെ അധികാര കേന്ദ്രം. ഇതെല്ലാമാണ് മന്ത്രിക്ക് മുകളിൽ സജീവനെ നിർത്തുന്ന ഘടകങ്ങൾ. ശിശുക്ഷേമ സമിതിക്കു മുൻപിൽ സമരം തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപു മന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയപ്പോഴായിരുന്നു പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ.

കുഞ്ഞിന്റെ അവകാശമുന്നയിച്ചു തങ്ങൾ പരാതി നൽകിയിട്ടും അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ നടപടി വേണമെന്നു കൂടിക്കാഴ്ചയിൽ മന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നു പറഞ്ഞപ്പോഴായിരുന്നു പ്രൈവറ്റ് സെക്രട്ടറി ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചതെന്ന് അനുപമയും അജിത്തും പറഞ്ഞു. അതൊരു മുന്നറിയിപ്പും താക്കീതുമായിരുന്നു. അതുകൊണ്ട് തന്നെ ഡിഎൻഎ പരിശോധന അട്ടിമറിക്കുമോ എന്ന ഭയം അവർക്കുണ്ട്.

ലൈസൻസില്ലാത്ത ശിശുക്ഷേമസമിതി നടത്തിയതു കുട്ടിക്കടത്തെന്ന് അനുപമ. സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനൽ കേസെടുക്കണം, പുറത്താക്കണം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്കു കത്തുനിൽക്കും. സമരം ഉടൻ അവസാനിപ്പിക്കില്ലെന്നും അനുപമ പറഞ്ഞു. അതേസമയം, കുഞ്ഞിനെ ഡിഎൻഎ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളെയാണു കുഞ്ഞിനെ ഏൽപിച്ചിരുന്നത്. ഇവരിൽനിന്നു കുഞ്ഞിനെ ഏറ്റുവാങ്ങി ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെടുന്ന സംഘം തിരിച്ചെത്തി.

ഉദ്യോഗസ്ഥ സംഘത്തിന് കുഞ്ഞിനെ കൈമാറാൻ വിജയവാഡയിലെ ദമ്പതികൾ ആദ്യം വിസമ്മതമറിയിച്ചിരുന്നു. കോടതി നിർദേശിക്കാതെ കുഞ്ഞിനെ വിട്ടുനൽകുന്നതിലായിരുന്നു ഇവരുടെ ആശങ്ക. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ ഇവരെ ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയ ശേഷമാണു സമ്മതിച്ചത്. കുഞ്ഞുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും ആരോപണങ്ങളിലും ഇവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.