ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക-ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്'. 2017 ഇൽ നടന്ന SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി വിജയിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള BPL കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് Rs.24000/- രൂപയാണ് നൽകുന്നത്. ഇത്തവണ 150 കുട്ടികളാണ് ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

സ്‌കോളര്ഷിപ്പിന്റെ വിതരണോത്ഘാടനം മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ, 2018 ജനുവരി 2 , ചൊവാഴ്ച വൈകുന്നേരം 3:30 മണിക്ക് ടെക്നോപാർക്കിലെ ഭവാനി മന്ദിരത്തിൽ നിർവഹിക്കും. കഴക്കൂട്ടം എം എൽ എ യും ടൂറിസം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ , മേയർ വി കെ പ്രശാന്ത് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

വിവിധ വർത്തമാന പത്രങ്ങളിൽ നൽകിയ പരസ്യത്തെ തുടർന്ന് 315 പേരാണ് സ്‌കോളർഷിപ്പിന് അപേക്ഷിച്ചത്. അപേക്ഷിച്ചവരിൽ 185 പേർ അർഹരാണെന്നു വെരിഫിക്കേഷനിലൂടെ കണ്ടെത്തി. ഓരോ കുട്ടിയുടെയും ജീവിത സാഹചര്യം പരിശോധിച്ച് , ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ അർഹരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും , അതിൽ നിന്നുമുള്ള ആദ്യ 150 പേർക്കാണ് ഇപ്പോൾ സ്‌കോളർഷിപ് നൽകുന്നത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഐ ടി ജീവനക്കാരിൽ നിന്നും സ്‌പോൺസർമാരെ കണ്ടെത്തിയാണ് പ്രതിധ്വനി സ്‌കോളർഷിപ്പിനുള്ള തുക കണ്ടെത്തിയത്.

ആദ്യ ഗഡു ആയ Rs .9000 /- സ്‌കോളര്ഷിപ്പിന്റെ ഉത്ഘാടനത്തിന്റെ അന്ന് വിതരണം ചെയ്യുകയും, തുടർന്ന് ഓരോ മൂന്നു മാസം കൂടുമ്പോഴും Rs .3000 /- രൂപ വീതം അഞ്ചു തവണ ആയി കുട്ടികളുടെ ബാങ്ക് അക്കൗണ്ട് ഇൽ നിക്ഷേപിക്കുകയും ചെയ്യും. ഓരോ കുട്ടിയുടെയും പഠനത്തിന് ആവശ്യമായ സഹായവും കുട്ടികളുടെ ഉപരി പഠനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ വിദഗ്ദ്ധരുടെ സഹായത്താൽ ക്ലാസുകൾ നൽകുന്നതിനും പ്രതിധ്വനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകുന്നത് . 80 വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ വർഷം (2015 -17) പ്രതിധ്വനി സ്‌കോളർഷിപ്പ് നൽകിയത്. ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രൻ, ടി വി അനുപമ IAS ,  പി വിജയൻ IPS, ടെക്‌നോപാർക്ക് സി ഇ ഓ  ഋഷികേശ് നായർ , കരിയർ ഗൈഡൻസ് സ്‌പെഷ്യലിസ്റ്റ് ഗോപകുമാർ കാരക്കോണം, അന്നത്തെ ടെക്‌നോപാർക്ക് ആയിരുന്ന CEO  ഗിരീഷ് ബാബു എന്നിവർ കഴിഞ്ഞ വർഷത്തെ സ്‌കോളർഷിപ് പദ്ധതിയുടെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.