യുഎഇയിൽ ലൈസൻസ് ഇല്ലാതെ നായകളെ വളർത്തുന്നവർക്ക് പതിനായിരം ദിർഹം മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ ഈടാക്കുന്ന പുതിയ നിയമം വരുന്നു.വളർത്തുനായ്ക്കൾക്ക് നിർബന്ധമായും ലൈസൻസ് നിർബന്ധമാക്കുന്ന നിയമത്തിന് ഷെയ്ഖ് ഖാലിഫ ബിൻ സയീദ് അൽ നഹ്യാൻ അംഗീകാരം നൽകി.

പുറത്തിറങ്ങഉമ്പോൾ കയറോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് നായയെ ബന്ധിച്ച ശേഷം ഇതിന്റെ പൂർണ നിയന്ത്രണം ഉടമ കയ്യാളിയിരിക്കണമെന്നും നിർദേശമുണ്ട്. പ്രതിരോധ കുത്തിവയ്പുകൾ എടുക്കാത്ത നായകളുടെ ഉടമകളിൽ നിന്നും ഒരുലക്ഷം ദിർഹം വരെ പിഴ ഈടാക്കും. ഉടമകൾക്ക് ജൂൺ പകുതി വരെ ലൈസൻസ് നേടാം.
പ്രതിരോധ കുത്തിവയ്പുകളും നൽകാവുന്നതാണ്.

പ്രാദേശിക സർക്കാരുകൾ ലൈസൻസുള്ള നായകളുടെയും അവയുടെ ഉടമകളുടെയും വിവരങ്ങൾ സൂക്ഷിക്കേണ്ടതാണ്. അപകടകാരികളായ എല്ലാ വന്യമൃഗങ്ങളെയും വളർത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ളതും വിലകൂടിയതുമായ മൃഗങ്ങളെ സൂക്ഷിക്കാൻ മൃഗശാലകൾക്കും വന്യജീവി പാർക്കുകൾക്കും സർക്കസുകാർക്കും ഗവേഷണ -പ്രജനന കേന്ദ്രങ്ങൾക്കും മാത്രമാണ് അവകാശമുള്ളത്. വന്യമൃഗങ്ങളെ വളർത്തുന്ന കാര്യം ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും നിഷ്‌കർഷിക്കുന്നു. ഇത്തരം മൃഗങ്ങളെ വളർത്തുന്നവർ പതിനായിരം മുതൽ അഞ്ച് ലക്ഷം വരെ പിഴ നൽകേണ്ടി വരും.

ഇത്തരം മൃഗങ്ങൾ ആരെയെങ്കിലും അക്രമിച്ചാൽ ഉടമ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും. ആക്രമിക്കപ്പെടുന്നയാൾ കൊല്ലപ്പെട്ടാൽ ആജീവനാന്ത തടവും ലഭിക്കും.