- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചരിത്രത്തെ വളച്ചൊടിച്ചു; പരാതിയിൽ നാലാഴ്ച്ചക്കകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; കോടതിയുടെ ഇടപെടൽ കുഞ്ഞാലിമരയ്ക്കാറുടെ കുടുംബാംഗം നൽകിയ ഹർജിയിൽ
കൊച്ചി: മോഹൻലാൽ-പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കുന്നതിന് എതിരായ പരാതിയിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപിച്ച് കുഞ്ഞാലിമരയ്ക്കാറുടെ കുടുംബാംഗം നൽകിയ ഹർജിയിലാണ് നടപടി.
ചിത്രത്തിന് പ്രദർശന അനുമതി നൽകുന്നതിന് എതിരെ കുഞ്ഞാലിമരയ്ക്കാർ കുടുംബത്തിലെ അംഗമായ മുഫീദ അറാഫത്ത് മരയ്ക്കാർ ആണ് കോടതിയെ സമീപിച്ചത്. ചിത്രത്തിന് പ്രദർശന അനുമതി നൽകുന്നതിന് എതിരെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സർക്കാരിന് പരാതി നൽകിയിരുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ അതിൽ നടപടിയൊന്നും സ്വീകരിച്ചില്ല. പരാതി ബന്ധപ്പെട്ട മന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്നാണ് സെൻസർ ബോർഡ് നൽകിയ മറുപടി. അതേസമയം ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായി സിനിമയുടെ ടീസറിൽനിന്നു വ്യക്തമാവുന്നതായി ഹർജിക്കാർ പറഞ്ഞു. സമുദായങ്ങൾ തമ്മിൽ വിദ്വേഷം ജനിപ്പിക്കാനും ഇതു കാരണമാവും. വിദഗ്ധ സമിതി പരിശോധിച്ചതിനു ശേഷം മാത്രമേ ചിത്രത്തിന് അനുമതി നൽകാവൂ എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ