ന്യൂഡൽഹി: പോൺ സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുന്ന   വേളയിലും ഓൺലൈൻ വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളിൽ ലൈംഗികതയുടെ അതിപ്രസരം. നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ ഓൺലൈൻ സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോമുകളുടെ പേരിലാണ് ഇപ്പോൾ ഇത്തരത്തിലുള്ള പരാതികൾ ഉയരുന്നത്. ഇവയിൽ നിന്നും അമിത ലൈംഗികതയുള്ള വീഡിയോകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഇവയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്.

ജസ്റ്റിസ് ഫോർ റൈറ്റ്സ് എന്ന സന്നധ സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിന് പിന്നാലെ ഡൽഹി ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.ഇരു കമ്പനികളും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടി ആഭാസവും ലൈംഗികാതിപ്രസരവുമുള്ള വീഡിയോകൾ നൽകുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി. കമേശ്വർ റാവുവും അടങ്ങിയ ബെഞ്ചാണ് കേസിൽ സർക്കാരിന്റെ വിശദീകരണം തേടിയത്. കേസിൽ ഫെബ്രുവരി എട്ടിന് വാദം കേൾക്കും.

രണ്ട് പ്ലാറ്റ്ഫോമുകളിലും വരുന്ന വീഡിയോകൾ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്. രാജ്യത്ത് പോൺസൈറ്റുകൾ നൽകുന്നത് തടയാൻ ടെലികോം കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കെതിരേയും പരാതി ഉയരുന്നത്.