ലണ്ടൻ: ആഴ്‌സണലിന്റെ ചെക്ക് റിപ്പബ്ലിക്ക് ഗോൾ കീപ്പർ പീറ്റർ ചെക്ക് അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞു. 34-കാരനായ ചെക്ക് ക്ലബ് ഫുട്‌ബോളിൽ തുടരും. ട്വിറ്ററിലാണു താരം വിരമിക്കൽ തീരുമാനം അറിയിച്ചത്. യൂറോ കപ്പിൽ ചെക്ക് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. 121 അന്താരാഷ്ട്ര മത്സരങ്ങൾ ചെക്കിന്റെ ഗോൾവല കാത്ത താരം രാജ്യത്തിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങളിൽ കളിച്ചതിന്റെ റിക്കാർഡും സ്വന്തം പേരിൽ കുറിച്ചിരുന്നു.

2004 യൂറോ കപ്പിലാണ് ചെക്ക് രാജ്യാന്തര അരങ്ങേറ്റം നടത്തുന്നത്. ഈ ടൂർണമെന്റിൽ ചെക്ക് റിപ്പബ്ലിക് മൂന്നാം സ്ഥാനത്തു വന്നു. 2006 ലോകകപ്പിൽ ടീമിന്റെ ഗോൾ വല കാത്ത ചെക്ക് 2008 യൂറോ കപ്പിൽ ടീമിനെ നയിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ ഗോൾവല ദീർഘകാലം കാത്ത ചെക്ക് കഴിഞ്ഞ സീസണിലാണ് ആഴ്‌സണലിലേക്ക് കൂടുമാറിയത്. അട്ടിമറിയിലൂടെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്ക് പിന്നിലായി ആഴ്‌സണൽ കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. നാല് പ്രീമിയർ ലീഗ് കിരീടങ്ങളും നാല് എഫ്എ കപ്പ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ചെക്ക് ചെൽസിക്ക് ഒപ്പം നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.