പ്രാഗ്: രണ്ടുവട്ടം വിംബിൾഡൺ കിരീടം ചൂടിയ ചെക്ക്‌റിപ്പബ്ലിക്കിന്റെ ടെന്നീസ് താരം പെട്രാ ക്വിറ്റോവയ്ക്ക് കഠാരയാക്രമണത്തിൽ പരിക്ക്. കിഴക്കൻ ചെക്ക് നഗരമായ പ്രോസ്റ്റയോവിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ ക്വിറ്റോവയുടെ ഇടത് കൈയ്ക്കാണു പരിക്കേറ്റത്. ടെന്നിസിൽ ഇടംകൈക്കാരിയാണു ക്വിറ്റോവ.

മോഷണത്തിനായി ക്വിറ്റോവയുടെ വീട്ടിൽ കടന്നുകയറിയ യുവാവാണ് ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഇയാൾ രക്ഷപെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

26കാരിയായ പെട്രോ ക്വിറ്റോവ ലോക റാങ്കിങ്ങിൽ 11-ാം സ്ഥാനത്താനാണ്. 2011, 2014 വർഷങ്ങളിൽ വിംബിൾഡൺ കിരീടം ചൂടിയതടക്കം മൊത്തം 19 ടൈറ്റിലുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഭാഗ്യംകൊണ്ടു ജീവിച്ചിരിക്കുന്നതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്വിറ്റോവ പറഞ്ഞു. മുറിവ് ഗുരുതരമാണ്. സെപ്ഷ്യലിസ്റ്റിനെ കാണണമെന്നും ക്വിറ്റോവ പറഞ്ഞു. സ്വയം സംരക്ഷിക്കാൻ ശ്രമിക്കവേയാണ് കുത്തേറ്റത്. ഞാനാകെ ഉലഞ്ഞിരിക്കുന്നു. എന്നാൽ താൻ കരുത്തയാണെന്നും ശക്തമായി തിരിച്ചുവരുമെന്നും അവർ കൂട്ടിച്ചേർത്തു.

മനപ്പൂർവമുള്ള ആക്രമണമല്ല നടന്നതെന്നു കരുതുന്നതായി ക്വിറ്റോവയുടെ വക്താവ് കാരൾ അറിയിച്ചു. പെട്രോവയെ ആക്രമിക്കാനോ അവരുടെ വസ്തുക്കൾ മോഷ്ടിക്കാനോ ആരും മുതിരില്ലെന്നും കാരൾ കൂട്ടിച്ചേർത്തു.

മുമ്പ് മറ്റൊരു ടെന്നീസ് താരം മോണിക്കാ സെലസ് കത്തിക്കുത്തേറ്റ് കളിക്കളത്തോടു വിടപറഞ്ഞിരുന്നു. എട്ട് ഗ്രാൻസ്ലാം സ്വന്തമാക്കി ലോക ഒന്നാം നമ്പർ സ്ഥാനത്തു തുടരുന്ന സമയത്താണ് മോണിക്കയ്ക്കു കുത്തേൽക്കുന്നത്. മറ്റൊരു താരമായ സ്‌റ്റെഫി ഗ്രാഫിന്റെ ആരാധകനെന്ന് അവകാശപ്പെട്ട വ്യക്തിയാണ് കളിക്കിടെ ആക്രമണം നടത്തിയത്.