- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളിനും ഡീസലിനും ജി.എസ്.ടി ചുമത്തിയാൽ പരമാവധി ഈടാക്കാൻ സാധിക്കുന്നത് നികുതി 28 ശതമാനം മാത്രം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നികുതിയിൽ നഷ്ടം വരും; വിഷയത്തിൽ കോടതി ഇടപെടുമ്പോഴും ആരും അത്ഭുതം പ്രതീക്ഷിക്കാത്തത് വരുമാന നഷ്ടം ഭയന്ന് ഇരുകൂട്ടരും ഒരുപോലെ എതിർക്കുന്നത് തന്നെ
കൊച്ചി: കേരളത്തിൽ പെട്രോൾ വില നൂറു കടക്കാൻ ഇനിയും അധികം സമയം വേണ്ട. ആ നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ നടുവൊടിയുമ്പോഴും ഇക്കാര്യത്തിൽ യാതൊരു നടപടികളും സർക്കാറുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. പെട്രോളും ഡീസലും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെടുന്ന നിവേദനത്തിൽ ആറ് ആഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കോടതി ഇടപെടൽ ഉണ്ടായാൽ കൂടി ഇക്കാര്യത്തിൽ കാര്യമായി മാറ്റം വരുമെന്ന് ആറും പ്രതീക്ഷിക്കുന്നില്ല. ഇതിന് കാരണം, ഈ ആവശ്യത്തെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ എതിർക്കും എന്നതാണ്.
പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻവേദി ചെയർമാനും സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം.സി. ദിലീപ് കുമാർ ഫയൽചെയ്ത ഹർജി തീർപ്പാക്കിക്കൊണ്ടാണ് കേരളാ ഹൈക്കോടതി തീരുമാനം കൈക്കൊണ്ടത്. അതുവരെ സംസ്ഥാന സർക്കാർ ഇന്ധനത്തിന് നികുതി ഈടാക്കുന്നത് നിർത്തിവെക്കണമെന്ന ഹർജിക്കാരന്റെ അപേക്ഷയിൽ ഉടൻ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചു. വിഷയം നയതീരുമാനത്തിന്റെ ഭാഗമാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു.
പെട്രോളിയം ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള ശുപാർശകളൊന്നും സംസ്ഥാന ധനമന്ത്രിമാർ കൂടി അംഗങ്ങളായ ജി.എസ്.ടി കൗൺസിൽ ഇതുവരെ നൽകിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി കൗൺസിലിന്റെ ശുപാർശയില്ലാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിനെ നിയമം അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.2017 ജൂലായ് ഒന്നിനാണ് രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തിൽ വന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സുപ്രധാന വരുമാന മാർഗമായതിനാൽ പെട്രോളിയം ഉത്പന്നങ്ങളെ അന്ന് ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയില്ല.
ഇപ്പോൾ ഇന്ധനവില റെക്കാഡ് ഉയരത്തിലെത്തിയ പശ്ചാത്തലത്തിൽ ജി.എസ്.ടി ബാധകമാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ കേന്ദ്രം എക്സൈസ് നികുതിയും സംസ്ഥാനങ്ങൾ വാറ്റും പുറമേ സെസുമാണ് ഇന്ധനത്തിനുമേൽ ഈടാക്കുന്നത്. നികുതി കുറയാതിരിക്കുകയും അന്താരാഷ്ട്രവില കൂടുകയും ചെയ്തതോടെയാണ് രാജ്യത്ത് ഇന്ധനവില കുതിച്ചത്.ക്രൂഡോയിൽ, പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എ.ടി.എഫ്), പ്രകൃതിവാതകം എന്നിവയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ജി.എസ്.ടി കൗൺസിലിന്റെ അടുത്തയോഗം ചർച്ച ചെയ്തേക്കും. പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി.
അതേസമയം, പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏർപ്പെടുത്താൻ അന്തിമതീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്. നിലവിലെ ജിഎസ്ടി നയം അനുസരിച്ച് ഒരു വസ്തുവിന് മേൽ പരമാവധി ചുമത്താവുന്ന നികുതി 28 ശതമാനാണ്. അതുപ്രകാരം ഡീസലിനും പെട്രോളിനും പരമവാധി 28 ശതമാനമേ നികുതി ചുമത്താൻ സാധിക്കുകയുള്ളൂ. ഇങ്ങനെ വരുമ്പോൾ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒരുപോലെ നികുതി നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ്. 28 ശതമാനം നികുതി മാത്രമായാൽ സംസ്ഥാനത്തിന് ലഭിക്കുക 14 ശതമാനം മാത്രമാകും. ഇത് വരുമാന നഷ്ടത്തിന് ഇടയാക്കും. ഈ സാധ്യത മുന്നിൽ കണ്ടാണ് പലപ്പോഴും ജിഎസ്ടിയോട് ഇരു കൂട്ടരും മുഖം തിരിച്ചു നിൽക്കുന്നത്.
2.37 ലക്ഷം കോടിനടപ്പുവർഷത്തെ ആദ്യ ആറുമാസക്കാലത്ത് പെട്രോളിയം ഉത്പന്നങ്ങളിൽ നിന്ന് ലഭിച്ച നികുതിവരുമാനം 2.37 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.53 ലക്ഷം കോടി രൂപ കേന്ദ്ര വിഹിതവും 84,057 കോടി രൂപ സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. 2019-20ലെ പെട്രോളിയം നികുതി വരുമാനം 5.55 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം ഈയിനത്തിൽ കേന്ദ്രസർക്കാർ ആകെ പ്രതീക്ഷിക്കുന്ന വരുമാനം 3.46 ലക്ഷം കോടി രൂപയാണ്.
മറുനാടന് മലയാളി ബ്യൂറോ