- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദി അധികാരത്തിൽ എത്തുമ്പോൾ നേമത്തെ പെട്രോൾ വില 72 രൂപ; ഏഴ് കൊല്ലം കഴിയുമ്പോൾ ക്രൂഡ് ഓയിൽ വില 55 ഡോളറും; എന്നിട്ടും രാജഗോപാലിന് വോട്ട് ചെയ്തവർ പെട്രോളിന് കൊടുക്കുന്നത് 93 രൂപ; പാചക വാതകത്തിന് മൂന്ന് മാസത്തിനിടെ കൂടിയത് 200 രൂപയും; ബിജെപിയെ തളയ്ക്കാൻ 'പെട്രോൾ' വജ്രായുധമാകും; പ്രചരണത്തിൽ ഇന്ധനം കത്തും
തിരുവനന്തപുരം: ബിജെപിയെ നേമത്തും തോൽപ്പിക്കാനുള്ള തുറുപ്പു ചീട്ടായി പെട്രോൾ വില വർദ്ധന മാറും. മോദിയ്‌ക്കെതിരെ ആയുധമാക്കാൻ ഇതിലും നല്ല ആയുധം ഇല്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്താം. ബിജെപിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 94 രൂപയോട് അടുത്താണ് വില. പാചകവാതകത്തിന് ഇന്നലെയും വില വർധിച്ചു. 3 മാസത്തിനിടെ കൂടിയത് 200 രൂപ. വീട്ടമ്മമാരെ നേരിട്ടു ബാധിക്കുന്ന വിഷയം തിരഞ്ഞെടുപ്പിൽ ആളിക്കത്തുമെന്നുറപ്പ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാകാനാണ് തീരുമാനം. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മുതൽ നിത്യോപയോഗ സാധനങ്ങൾക്കു വരെ വില കൂടുകയാണ്. 2016ൽ മോദി അധികാരത്തിൽ എത്തുമ്പോൾ 72 രൂപയായിരുന്നു പെട്രോൾ വില. അന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറും. ഇന്ന് ക്രൂഡ് ഓയിൽ ബാരലിന്റെ നിരക്ക് 65 ഡോളറും. തിരുവനന്തപുരത്തെ വില 93ൽ അധികവും. അതായത് കുറയേണ്ടിടത്ത് വില കൂടിയ അത്ഭുതം. ഇതിന് പ്രധാന കാരണം മോദി സർക്കാരാണ്. ഖജനാവിലേക്ക് പണമൊഴുക്കാൻ പിണറായി സർക്കാരും ഇതിന് കൂട്ടു നിൽക്കുന്നു-ഇതാകും കോൺഗ്രസിന്റെ പ്രചരണായുധം.
എന്നാൽ എല്ലാ കുറ്റവും കേന്ദ്രത്തിൽ ചുമത്താനാണ് സിപിഎമ്മിന് താൽപ്പര്യം. എക്‌സൈസ് നികുതി കുറയ്‌ക്കേണ്ടത് കേന്ദ്രമാണെന്ന് കേരള സർക്കാരും പ്രതിരോധം തീർക്കുന്നു. അങ്ങനെ പ്രചരണ ചർച്ച കൊഴുക്കും. കോവിഡിനു ശേഷമുള്ള സാമ്പത്തികമാന്ദ്യം തുടരുന്നതിനാൽ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി. പലർക്കും വരുമാനം കുറഞ്ഞു. ഇതിനിടെയുണ്ടായ വിലക്കയറ്റ പ്രതിസന്ധി ഫലപ്രദമായി ഉപയോഗിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കേരള സർക്കാർ വിചാരിച്ചാൽ പത്ത് രൂപവരെ പെട്രോളിന് കുറയ്ക്കാമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുകയാണ്. വില വർധന നിയന്ത്രിക്കാനോ വില വർധനയുടെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താനോ കേന്ദ്രസർക്കാർ തയാറായിട്ടില്ല. കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ പ്രധാന പ്രചാരണായുധമായി ഇതു മാറ്റും. ഇതിനെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ബിജെപി പാടുപെടും. വിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാകുമെന്ന വിവരം സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്.
സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കട്ടെ എന്നാണ് കേന്ദ്ര നിലപാട്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങൾ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകുകയും ചെയ്തു. നേരത്തെ യുഡിഎഫ് ഭരണകാലത്ത് കേരളവും നികുതി കുറച്ചിട്ടുണ്ട്. എന്നാൽ, രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ നികുതി കുറയ്ക്കാൻ തയാറല്ലെന്നാണു ധനമന്ത്രി ടി.എം. തോമസ് ഐസക് പറയുന്നു. ഇതാണ് സിപിഎമ്മിനെ കുടുക്കാൻ കോൺഗ്രസ് ഉപയോഗിക്കുന്ന വില കൂടുതൽ ആയുധം.
ഇന്ധനവില വർധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടിത്തുടങ്ങി. സവാളയുടെ വില കിലോയ്ക്ക് 35 രൂപയിൽനിന്ന് 60 രൂപ വരെയായി ഉയർന്നു. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 120 രൂപയായി. മുരിങ്ങക്കായ കിലോയ്ക്ക് 98 രൂപയും പയറിന് 88 രൂപയും ബീൻസിന് 60 രൂപയും തേങ്ങയ്ക്ക് 54 രൂപയുമാണ് ഇന്നലത്തെ ഹോർട്ടി കോർപിലെ വില. അങ്ങനെ പ്രചരണ ചൂടിനൊപ്പം വിലയും കുതിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ