കൊച്ചി: രാജ്യാന്തര എണ്ണവില തുടർച്ചയായി ഇടിഞ്ഞിട്ടും രാജ്യത്ത് പെട്രോൾ വില കുറയുന്നില്ല. കൂടുന്നില്ലെന്നത് മാത്രമാണ് ആശ്വാസം. ഡീസൽ വിലയിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. പെട്രോൾ വില കുറയ്ക്കാൻ മോദി സർക്കാരും ഇടപെടൽ നടത്തുന്നില്ല.

കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഡീസൽ വില 61 പൈസ കുറച്ചു. കൊച്ചിയിലെ ഡീസൽവില 94.82 എന്ന സർവകാലഉയരത്തിൽ നിന്ന് 94.21 രൂപയിലേക്ക് താഴ്ന്നു. അതേസമയം പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു. 102 രൂപയ്ക്ക് മുകളിലാണ് കേരളത്തിൽ പെട്രോൾ വില.

രാജ്യാന്തര അസംസ്‌കൃത എണ്ണവിലയിൽ ഇടിവുണ്ടായത് ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്കു ആശ്വാസമാണ്. എന്നാൽ ഇതിന്റെ നേട്ടം കമ്പനികൾക്ക് മാത്രമായി ചുരുങ്ങുകയാണ്. വില കൂടുമ്പോൾ വില കൂട്ടുകയു ംചെയ്യും. ഇന്ത്യ ഇറക്കുമതിചെയ്യുന്ന ബ്രെന്റ് ക്രൂഡിന് ബാരലിന് രണ്ടു ഡോളർ താഴ്ന്ന് 66 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

ജൂലൈ 30ന് ബ്രെന്റ് ക്രൂഡിന് 75 ഡോളറും അമേരിക്കൻ ക്രൂഡിന് 73 ഡോളറുമായിരുന്നു വില. അമേരിക്കൻ ക്രൂഡിന് കഴിഞ്ഞ ദിവസം മൂന്നുഡോളറിനടുത്ത് കുറഞ്ഞ് ബാരലിന് 63 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തെ ഏറ്റവും കുറഞ്ഞ ക്രൂഡ് നിരക്കാണിത്.

രാജ്യാന്തര തലത്തിൽ കോവിഡ് വ്യാപനം കൂടുന്നതാണ് ഇതിന് കാരണം. എണ്ണ ഉപയോഗം കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. വിവിധ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഡിമാൻഡ് കുറയുന്നുണ്ട്. അഫ്ഗാൻ പ്രതിസന്ധിയും വില കുറയാൻ കാരണമാണ്.

എണ്ണയിൽ പരമാവധി ലാഭം ഉണ്ടാക്കുകയാണ് ഇന്ത്യൻ എണ്ണ കമ്പനികൾ. എട്ട് കൊല്ലം മുമ്പ് ക്രൂഡോയിൽ വില ബാരലിന് 135 ഡോളർ എത്തിയിരുന്നു. അന്ന് 70 രൂപയായിരുന്നു രാജ്യത്തെ പെട്രോൾ വില. ഇന്ന് അന്താരാഷ്ട്ര വിപണയിൽ ഇതിന്റെ പകുതിയേ വിലയുള്ളൂ. എന്നാൽ ഇന്ത്യയിൽ ഇന്ധന വില 102 രൂപയും.