ന്യൂഡൽഹി : എല്ലാ സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണം. ഇതിൽ രാഷ്ട്രീയമൊന്നും കാണരുതെന്ന് സംസ്ഥാനങ്ങളോട് അഭ്യർത്ഥനയുമായി കേന്ദ്ര സർക്കാർ. എക്സൈസ് തീരുവയിൽ കേന്ദ്രം കുറവ് വരുത്തിയതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറച്ച് ഇന്ധന വിലയിൽ കുറവ് വരുത്തിയിരുന്നു. ഇതോടെയാണ് മറ്റ് നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോടും കേന്ദ്രം അഭ്യർത്ഥിച്ചത്.

നിലവിൽ 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും നികുതി കുറച്ചിരുന്നു. കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചത്. എൻഡിഎ ഭരണത്തിലുള്ള ബീഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ഈ തീരുമാനം പിന്തുടരുകയായിരുന്നു.

എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന മൂല്യവർധിത നികുതി കുറക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്ട്രയിൽ സർക്കാർ അടിയന്തരമായി നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയർന്ന് കഴിഞ്ഞു. കേരളത്തിലും ഇന്ധന നികുതി കുറയ്ക്കാൻ ആവശ്യം ഉയർന്നെങ്കിലും കുറയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.