ഒമാനിൽ ഏപ്രിൽ ഒന്ന് മുതൽ ഇന്ധനവില വർധിക്കുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിക്കനുസരിച്ച് പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതലാകും പ്രാബല്യത്തിൽ വരുക. സൂപ്പർ പെട്രോൾ ലിറ്ററിന് 13 ബൈസയും റഗുലർ പെട്രോളിന് 15 ബൈസയുമാണ് മാർച്ചിലെ വിലയിൽ നിന്ന് വർധിച്ചത്. ഡീസൽ വിലയിൽ 17 ബൈസയുടെയും വർധനവുണ്ട്. നിലവിൽ ലിറ്ററിന് 145 ബൈസയുള്ള സൂപ്പർ പെട്രോളിന് ഏപ്രിൽ ഒന്ന് മുതൽ 158 ബൈസയാകും ഈടാക്കുക. 130 ബൈസയുള്ള റഗുലർ പെട്രോളിന് 145 ബൈസയായും 146 ബൈസയുള്ള ഡീസലിന് 163 ബൈസയായും ഉയർത്തി.

എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായാണ് ഒമാൻ പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞത്. 17 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ജനുവരി 15 മുതൽ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. ജനുവരിയിൽ വർധിപ്പി ച്ചെങ്കിലും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിലയിൽ ചെറിയ കുറവ് വരുത്തിയിരുന്നു. ഡീസലിന് ഫെബ്രുവരിയിൽ മാത്രമാണ് വില കുറച്ചത്. അതേ വിലതന്നെയാണ് മാർച്ചിൽ ഈടാക്കിയതും.

ഫെബ്രുവരിയിൽ സൂപ്പർ പെട്രോൾ ലിറ്ററിന് 153 ബൈസയും റെഗുലറിന് 137 ബൈസയും ഡീസലിന് 146 ബൈസയുമായിരുന്നു. സബ്‌സിഡി ഭാരം കുറക്കാൻ ലക്ഷ്യമിട്ടാണ് ഇന്ധനങ്ങളുടെ വില നിയന്ത്രണം സർക്കാർ വിപണിക്ക് വിട്ടുനൽകിയത്. ഇന്ധന വില, പ്രത്യേകിച്ച് ഡീസൽ വില വർ
ധിക്കുന്നതോടെ പല ഉൽപന്നങ്ങളുടെയും വില വർധിക്കാനിടയുണ്ട്. രണ്ടു മാസത്തിന് ശേഷമാണ് ഡീസൽ വില വർധിക്കുന്നത്. ചരക്കുവാഹനങ്ങളിൽ ഡീസലാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

അതിനാൽ, ഭക്ഷ്യ ഉൽപന്നങ്ങളടക്കമുള്ള എല്ലാത്തിന്റെയും വിലവർധനയെ ഡീസൽവില ബാധിക്കും. ഇന്ധനവില ഉയരുന്നതോടെ ടാക്‌സി ഡ്രൈവർമാരും നിരക്ക് വർധിപ്പിക്കാനിടയുണ്ട്.