- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും വർധിച്ചു; സംസ്ഥാനത്ത് ഇന്ന് വർധിച്ചത് പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയും; ഈ മാസം വില വർധിപ്പിച്ചത് 16 തവണ; ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു
തിരുവനന്തപുരം: മഹാമാരിക്കിടയിലും ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില വീണ്ടും വർധിച്ചു.സംസ്ഥാനത്ത് ഇന്ന് പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയുമായാണ് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസൽ വില 91.50 രൂപയായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില.ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി.ലോക്ഡൗണിൽ വരുമാനം പോലും ലഭിക്കാതെ കഷ്ടതയനുഭവിക്കുന്നതിനിടയിലാണ് ഇന്ധനവില കയ്യുംകണക്കുമില്ലാതെ വർധിപ്പിക്കുന്നത്.
ഈ മാസം മാത്രം 16 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ആരംഭിച്ച വിലവർധനവ് ഇപ്പോഴും തുടരുകയാണ്.മറ്റു സംസ്ഥാനങ്ങളിൽ പെട്രോൾ വില ഇതിനോടകം നൂറുകടന്നു.കഴിഞ്ഞ ദിവസത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു. ഇന്ത്യയിലുടനീളമുള്ള പല നഗരങ്ങളിലും പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡ് നിരക്കിലാണ് വിൽപ്പന നടക്കുന്നത്.
ഈ മാസം 29 ആം തീയ്യതിയാണ് ഒടുവിൽ വിലവർധിച്ചത്. അന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. അനിയന്ത്രിതമായ വിലവർധനവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.മുംബൈയിലെ ഇന്ധനവിലയെ ഡോൺബ്രാഡ്മാന്റെ ശരാശരിയോട് ഉപമിച്ച് ശശി തരൂർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂർ ട്രോൾ പോസറ്ററുമായി രംഗത്തെത്തിയത്. ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിക്കുടമയായ സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാന്റെ 99.94നോടാണ് ആളുകൾ പെട്രോൾവിലയെ തരൂർ താരതമ്യം ചെയ്തത്.നേരത്തേ പെട്രോൾവില നൂറുകടന്നപ്പോൾ സചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറിയോട് ഉപമിച്ചായിരുന്നു ട്രോളുകൾ ഒഴുകിയിരുന്നത്.
ഇന്ന് സംസ്ഥാനത്തെ പെട്രോൾവില ഇപ്രകാരമാണ്: ആലപ്പുഴ 95.19, എറണാകുളം 94.66, ഇടുക്കി 95.67,കണ്ണൂർ 94.69,കാസർകോട് 95.38,കൊല്ലം 95.59,കോട്ടയം 94.70,കോഴിക്കോട് 94.81,മലപ്പുറം 95.21,പാലക്കാട് 95.61,പത്തനംതിട്ട 95.23,തൃശൂർ 94.86,തിരുവനന്തപുരം 96.21/വയനാട് 95.69 എന്നിങ്ങനെയാണ്. ഇതേ നില തുടർന്നാൽ വരും ദീവസങ്ങളിൽ തന്നെ തലസ്ഥാനത്ത് പെട്രോൾ വില സെഞ്ച്വറി അടിക്കുമെന്ന കാര്യം തീർച്ചയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് തീരുമാനിക്കുന്നത് എങ്ങിനെ?
എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.
പെട്രോൾ-ഡീസൽ വില എങ്ങനെ പരിശോധിക്കാം
എസ്എംഎസ് വഴി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് നിങ്ങൾക്ക് അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ വിൽക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ, ആർഎസ്പി 102072 (ആർഎസ്പി <സ്പേസ്> ഡീലർ കോഡ് ഓഫ് പെട്രോൾ പമ്പ്) ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കുക. അതുപോലെ, മുംബൈയ്ക്ക് ആർഎസ്പി 108412, കൊൽക്കത്തയ്ക്ക് ആർഎസ്പി 119941, ആർഎസ്പി എന്നിവ ടൈപ്പുചെയ്യുക. 133593 ചെന്നൈയ്ക്കായി 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മൊബൈലിൽ ഏറ്റവും പുതിയ നിരക്കുകൾ ലഭിക്കും. അതുപോലെ, മറ്റ് നഗരങ്ങളുടെ കോഡുകൾ ഇന്ത്യൻ ഓയിൽ വെബ്സൈറ്റിൽനിന്ന് അറിയാം.
മറുനാടന് മലയാളി ബ്യൂറോ