- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന പ്രഖ്യാപനം വെറുതെയായി; 2022ൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 77 ശതമാനത്തിൽനിന്ന് 67% ആയി കുറയ്ക്കുമെന്ന മോദി പ്രഖ്യാപനം പാളി; എണ്ണ വില ഇനിയും കൂടും; ഏഴ് വർഷത്തെ മോദി ഭരണത്തിൽ അധികമായി ഇന്ധനത്തിൽ പിരിച്ചത് 15 ലക്ഷം കോടി
ന്യൂഡൽഹി: ഇന്ധന വില ഇനിയും കൂടും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് ഇതിന് കാരണം. ഇന്ധനവില പിടിച്ചുകെട്ടാൻ ഇറക്കുമതി പരാമവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി പാളിയതാണ് രാജ്യത്തിന് വിനയാകുന്നത്. ആഭ്യന്തര ഉൽപാദനം കൂട്ടാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല.
കാര്യക്ഷമമായ സാങ്കേതികവിദ്യയിലൂടെ ആഭ്യന്തര ഉൽപാദനം കൂട്ടാൻ ലക്ഷ്യമിടുന്നതായി മോദി 2015 ൽ പ്രഖ്യാപിച്ചിരുന്നു. പാരമ്പര്യേതര മേഖലയിൽ പദ്ധതികൾക്കും തുടക്കമിട്ടിരുന്നു. 2022 ആകുമ്പോഴേക്ക് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 77 ശതമാനത്തിൽനിന്ന് 67% ആയി കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടർന്നുള്ള ഓരോ വർഷവും ഇറക്കുമതി കൂടുകയായിരുന്നുവെന്നതാണ് വസ്തുത.
2021-22 ൽ ഇറക്കുമതി മൊത്തം ഉപഭോഗത്തിന്റെ 85.4% ആണ്. 10,140 കോടി ഡോളറാണ് 2019-20 ൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ചെലവിട്ടത്. ആഭ്യന്തര ഉൽപാദനം കൂട്ടാനായി സ്വകാര്യനിക്ഷേപം ലക്ഷ്യമിട്ടിരുന്നെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. ഇറക്കുമതി കൂടിയത് കാരണം രൂപയുടെ മൂല്യത്തിലും അത് പ്രതിഫലിപ്പിച്ചു.
ബിജെപിയുടെ ഏഴുവർഷത്തെ കേന്ദ്രഭരണത്തിൽ പെട്രോൾ, ഡീസൽ അധിക നികുതിയായി പിരിച്ചത് 15 ലക്ഷം കോടി രൂപയാണെന്ന കണക്കുകളും പുറത്തു വരുന്നു. കോവിഡ് കാലത്തും രണ്ടേകാൽ ലക്ഷം കോടി രൂപ പിരിച്ചു. നികുതിയിൽ നാമമാത്ര ഇളവ് വരുത്തിയത്. ചുമത്തിയ അധിക നികുതി കുറച്ചാൽ പെട്രോളും ഡീസലും ലിറ്ററിന് 70 രൂപയിൽ താഴെ നൽകാനാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
അസംസ്കൃത എണ്ണയുടെ വിലക്കുറവിൽനിന്ന് ജനത്തിന് ലഭിക്കേണ്ട നേട്ടം നികുതി വർധനയിലൂടെ കേന്ദ്രം കവരുകയാണ്. എണ്ണയുടെ വിലയ്ക്ക് ആനുപാതികമായി നികുതി ക്രമീകരിക്കാൻ തയ്യാറുമല്ല. 2014ൽ ബിജെപി കേന്ദ്രഭരണത്തിൽ എത്തുമ്പോൾ പെട്രോൾ ലിറ്ററിന് 48 രൂപ. ഇപ്പോൾ 103.72 രൂപ. ഡീസൽ ലിറ്ററിന് 35 രൂപ എന്നത് 91.49 രൂപയായി. പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്തിയപ്പോൾ അസംസ്കൃത എണ്ണയുടെ വില കുറയുകയായിരുന്നു.
കേന്ദ്രം നികുതി കൂട്ടിയതുമാത്രമാണ് വിലക്കയറ്റത്തിന് കാരണം. സംസ്ഥാന നികുതി ഉയർത്തിയിട്ടുമില്ല. 2014ൽ ലിറ്റർ പെട്രോളിന് 9.48 രൂപയായിരുന്നു കേന്ദ്ര നികുതി. ഇത് 32.98 രൂപയാക്കി ഉയർത്തി. മൂന്നര മടങ്ങ് വർധന. കഴിഞ്ഞ ദിവസം കുറച്ചത് അഞ്ചു രൂപയും. ഡീസലിന് 3.56 രൂപ നികുതി 31.83 രൂപയാക്കി. ഒമ്പത് മടങ്ങ് വർധന. ഇപ്പോഴത്തെ കുറവ് 10 രൂപ.
മറുനാടന് മലയാളി ബ്യൂറോ