കോഴിക്കോട്: രാജ്യത്തെ ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാറിനെ മാത്രം കുറ്റം പറയേണ്ടെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഇന്ധന വില കുറയണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി കുറക്കാൻ സർക്കാർ തയാറുണ്ടോ എന്നും കേന്ദ്ര മന്ത്രി ചോദിച്ചു. കേന്ദ്ര നികുതിയിലൂടെ ലഭിക്കുന്ന വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. ഇത് ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല സംസ്ഥാനത്ത് വില കുറയുന്നത്. ഇതിൽ പല ഘടകങ്ങളുണ്ട്. എണ്ണ വിലയിൽ പകുതിയും നികുതിയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഈടാക്കുന്ന നികുതി ജനങ്ങൾക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങളായി ലഭിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ആലപ്പുഴ ബൈപ്പാസ് സ്വന്തം പേരിലാക്കാൻ എൽ.ഡി.എഫ് ശ്രമിക്കേണ്ടെന്ന് മുരളീധരൻ പറഞ്ഞു. ബൈപ്പാസ് യാഥാർഥ്യമാക്കാൻ കാരണം സംസ്ഥാന സർക്കാരല്ല. ഉദ്ഘാടന ചടങ്ങിലേക്ക് കെ.സി. വേണുഗോപാലിനെ ക്ഷണിക്കാത്ത കാര്യം അറിയില്ല. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് കൂടുതൽ ഇടപെടൽ നടത്തിയതെന്ന് പറയുന്നവർക്ക് സൂര്യൻ പടിഞ്ഞാറാണ് ഉദിക്കുന്നതെന്നും പറയാമെന്നും വി. മുരളീധരൻ വ്യക്തമാക്കി.