തിരുവനന്തപുരം: കോവിഡ് കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടക്കും. രാവിലെ 11 നാണ് സമരം ആരംഭിക്കുക. ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ 15 മിനിറ്റ് നിശ്ചലമാക്കി നിർത്തുന്നതാണ് സമരമുറ.

ഒരാഴ്ചക്കിടെ നാലാം തവണയും ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്ത് സാധാരണ പെട്രോൾ വിലയും സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഞായറാഴ്ച പെട്രോൾ വില 99.20 രൂപയായി. ഡീസൽ ലിറ്ററിന് 94.47 രൂപ. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ 97.38, 92.76, കോഴിക്കോട് 97.69, 93.93 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില. ഒരാഴ്ചക്കിടെ നാലുതവണയായി പെട്രോളിന് 1.10 പൈസയും ഡീസലിന് 1.04 പൈസയും കൂടി.

മുഴുവൻ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന് സിഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അഭ്യർത്ഥിച്ചു. കോവിഡ് കാരണം ജോലിയും കൂലിയും ഇല്ലാതെ നട്ടംതിരിയുന്നതിടയിലാണ് ഇടിത്തീപോലെ പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്. ദുരന്തകാലത്ത് ജനങ്ങളെ സഹായിക്കുന്നതിനുപകരം അവരുടെ ജീവൻ ഊറ്റിക്കുടിക്കുന്ന രക്തരക്ഷസായി മോദി സർക്കാർ മാറുന്നെന്നും അദ്ദേഹം പറഞ്ഞു.