മെൽബൺ: പെട്രോൾ വിലക്കുറവിന്റെ നാളുകൾ ഇനി പ്രതീക്ഷിക്കേണ്ടെന്ന് റിപ്പോർട്ട്. നിലവിൽ പെട്രോൾ വില നാലു മാസത്തെ ഉയർന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. രാജ്യമെമ്പാടും റെഗുലർ 91 ഒക്ടേൻ പെട്രോളിന് ശരാശരി 119.1 സെന്റാണ് ഇപ്പോൾ വില. ഒരിടയ്ക്ക് പെട്രോൾ വിലക്കുറവ് അനുഭവിച്ചിരുന്ന വാഹന ഉടമകൾക്ക് ഇനി പെട്രോൾ വിലയിൽ കുറവ് പ്രതീക്ഷിക്കേണ്ട.

അതേസമയം സിഡ്‌നിയിലാണ് പെട്രോൾ വില ഇപ്പോൾ ഏറ്റവും അധികമായിരിക്കുന്നത്. ശരാശരി 124.8 സെന്റാണ് ഇവിടെ പെട്രോൾ വിലയെന്ന് ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം വ്യക്തമാക്കുന്നു. പെട്രോൾ വില ഇനിയും ഉയർന്നു കൊണ്ടേയിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ക്രെയ്ഗ് ജെയിംസ് വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 40 ഡോളറിൽ താഴെയായിരുന്ന സമയത്ത് പെട്രോൾ വിലയിൽ ഏറെ കുറവാണ് രാജ്യത്ത് അനുഭവപ്പെട്ടിരുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പെട്രോൾ വിലക്കുറവിന്റെ ഗുണം വാഹനഉടമകൾ അനുഭവിക്കുകയും ചെയ്തിരുന്നു. പെട്രോൾ റീട്ടെയ്‌ലർമാർ തമ്മിലുള്ള മത്സരത്തിന്റെ ഫലമായും പെട്രോൾ ലിറ്ററിന് ഒരു ഡോളറിൽ താഴെ വില്ക്കുകയും ചെയ്തിരുന്നു.

എന്നാൽ എണ്ണവില ബാരലിന് 50 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെ പെട്രോൾ വിലയിലും അതു പ്രതിഫലിക്കാൻ തുടങ്ങി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരാൻ തുടങ്ങിയതോടെ ഇനി പെട്രോൾ വിലയിൽ വിലക്കുറവ് ഉണ്ടാകില്ലെന്നു തന്നെയാണ് വിലയിരുത്തുന്നത്. പെട്രോൾ വില കുറഞ്ഞു നിന്ന സമയത്ത് മുൻ വർഷത്തെ അപേക്ഷിച്ച് ഒരു കുടുംബത്തിന് ശരാശരി 260 ഡോളർ ലാഭിക്കാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തുന്നത്.