മനാമ: സെപ്റ്റംബറിൽ പെട്രോൾ വില വീണ്ടും വർധിക്കുമെന്ന് സൂചന. ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന പെട്രോളിന്റെ വില 80ശതമാനമായി വർദ്ധിപ്പിക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, നിലവിലെ നിരക്കുകൾ സംബന്ധിച്ചുള്ള പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ കൂടി പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിരക്ക് പ്രാബല്യത്തിലാവുക.

പെട്രോൾ വിലയുടെ വർദ്ധനവ് സംബന്ധിച്ച് പത്തു മണിക്കൂർ മുൻപ് മാത്രമുണ്ടായ അറിയിപ്പിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് നാഷണൽ ഓയിൽ ആൻഡ് ഗ്യാസ് അഥോറിറ്റി വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ അവസാനമായി പെട്രോൾ നിരക്ക് വർധിപ്പിച്ചത്. അന്ന് മുംതാസ് പെട്രോളിന്റേത് 60ശതമാനത്തോളവും ജായിദ് പെട്രോളിന് 56.25ശതമാനവുമാണ് വർദ്ധനവ് നടപ്പാക്കിയത്.

ലോകത്തെ ഇന്ധന നിരക്കുകൾ വിലയിരുത്തി സാഹചര്യത്തിനനുസരിച്ച് വില കൂട്ടാനും കുറക്കാനുമാണ് പദ്ധതി. യു.എ.ഇയിൽ എണ്ണ വിപണിയിലെ വ്യതിയാനം എല്ലാ മാസവും പെട്രോൾ വിലയെയും ബാധിക്കുന്നുണ്ട്.

ആഗോളവിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്നു പ്രതിസന്ധി ഉണ്ടായപ്പോഴാണ് ബഹ്‌റൈനിൽ പെട്രോൾ വില കൂട്ടിയത്. പ്രതിസന്ധി മറികടക്കാൻ നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചത്. മാംസ സബ്‌സിഡി റദ്ദാക്കൽ, വൈദ്യുതി-ജല നിരക്ക് വർധിപ്പിക്കൽ എന്നിവയെല്ലാം ഇതിൽ പെടും.