ദുബായ്: അടുത്തമാസം പെട്രോൾ വിലയിൽ കുറവ് പ്രഖ്യാപിച്ച് എനർജി മന്ത്രാലയം. പെട്രോളിന്റേയും ഡീസലിന്റെയും വിലയിൽ അടുത്ത മാസം ഇടിവ് ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഇത് പൊതുജനങ്ങൾക്കുള്ള പെരുന്നാൾ സമ്മാനമാണെന്നും വ്യക്തമാക്കി. പെട്രോളിന് മുൻ മാസത്തെ അപേക്ഷിച്ച് 10 ഫിൽസാണ് കുറവ്. നിലവിൽ ലിറ്ററിന് 1.96 ദിർഹമായിരുന്നത് 1.86 ദിർഹമായി കുറയും. പെട്രോൾ 95ന് 1.85 ദിർഹത്തിൽ നിന്ന് 1.75 ദിർഹമായും കുറയും.

അൺലെഡഡ് പെട്രോൾ 91ന് ലിറ്ററിന് 1.78 ദിർഹത്തിൽ നിന്ന് 1.68 ദിർഹമായി വില താഴും. ഡീസൽ ലിറ്ററിന് അടുത്ത മാസം 1.84 ദിർഹമായിരിക്കും പുതുക്കിയ നിരക്ക്. ഇത് മുൻ മാസം ലിറ്ററിന് 1.90 ദിർഹമായിരുന്നു. പുതുക്കിയ നിരക്കുകൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.