അബുദാബി: രാജ്യാന്തര വിപണിയിൽ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് നീങ്ങുന്നു. എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കാനാണ് സാധ്യത. ആവശ്യമായ എണ്ണയുടെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വില ഉയരുമ്പോൾ ഇറക്കുമതിച്ചെലവ് കുതിക്കും. ചെലവ് വർധിക്കുന്നതോടെ രാജ്യത്തെ അവശ്യസാധനങ്ങളുടെ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമെന്നാണ് കണ്ക്ക്കൂട്ടൽ.

ആവശ്യമായ എണ്ണയുടെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വില ഉയരുമ്പോൾ ഇറക്കുമതിച്ചെലവ് കുതിക്കും.ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റർ) 68.13 ഡോളറായി. 2015 മേയിലെ വിലനിലവാരത്തിലേക്കാണ് വിപണി ഇപ്പോൾ എത്തിയിരിക്കുന്നത്. അന്നത്തെ വില ബാരലിന് 68.19 ഡോളറായിരുന്നു. ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദന നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, മറ്റൊരു പ്രമുഖ എണ്ണ ഉൽപാദക രാജ്യമായ ഇറാനിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളാണ് രാജ്യാന്തര വിപണിവിലയിൽ ഇപ്പോൾ പ്രതിഫലിക്കുന്നത്. ഏഷ്യൻ ഓഹരി വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നതും പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്ക, ജപ്പാൻ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പത്തിക റിപ്പോർട്ടുകൾ അനുകൂലമായതും വിലവർധനയ്ക്കു കാരണമാണെന്ന് വിപണിവൃത്തങ്ങൾ പറയുന്നു.

ബാരലിന് 115 ഡോളറിൽ നിൽക്കേയാണ് 2014 മധ്യത്തോടെ എണ്ണവില കുത്തനെ ഇടിഞ്ഞത്. അമേരിക്കയിലെ ഷെയ്ൽ കമ്പനികൾ ഉൽപാദനം ആരംഭിച്ചതായിരുന്നു കാരണം. ഇതോടെ രാജ്യാന്തര വിപണിയിൽ ലഭ്യത കുത്തനെ കൂടുകയും വില താഴുകയുമായിരുന്നു. ഒരു ഘട്ടത്തിൽ വില ബാരലിന് 30 ഡോളർ വരെ എത്തിയിരുന്നു. ഒപെക് രാജ്യങ്ങളും റഷ്യയുൾപ്പെടെ ഒപെക്കിനു പുറത്തുള്ള ഏതാനും രാജ്യങ്ങളും ഉൽപാദനം വെട്ടിച്ചുരുക്കാൻ 2016 നവംബറിൽ തീരുമാനിച്ച ശേഷമാണ് വില നേരിയ തോതിൽ കയറിത്തുടങ്ങിയത്.

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കും. ആവശ്യമായ എണ്ണയുടെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വില ഉയരുമ്പോൾ ഇറക്കുമതിച്ചെലവ് കുതിക്കും. മൊത്തം ഇറക്കുമതിച്ചെലവും കയറ്റുമതിവരുമാനവും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി വീണ്ടും ഉയരുമെന്ന ആശാസ്യമല്ലാത്ത അവസ്ഥയുണ്ടാകും.

രാജ്യത്തെ എണ്ണ വിപണനക്കമ്പനികൾ വിലവർധന ഉപയോക്താക്കളിലേക്കു കൈമാറാനാണു സാധ്യത. അങ്ങനെ പെട്രോൾ, ഡീസൽ വില ഉയർന്നാൽ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകും. ഇന്ധനത്തിന്മേലുള്ള എക്‌സൈസ് തീരുവയും സംസ്ഥാന നികുതിയും കുറയ്ക്കാൻ സർക്കാരുകൾ തയാറായാലേ ഇത് ഒഴിവാക്കാനാകൂ. വിലക്കയറ്റം കൂടിയാൽ റിസർവ് ബാങ്ക് വായ്പാപലിശനിരക്കുകൾ സമീപഭാവിയിൽ ഉയർത്താനോ താഴ്‌ത്താതിരിക്കാനോ സാധ്യത.