ദോഹ: രാജ്യത്ത് നാളെ മുതൽ ഇന്ധനവില വർദ്ധിക്കും. രണ്ട് മാസത്തെ ഇടിവിന് ശേഷമാണ് ഈ വർദ്ധന. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഊർജ്ജ-വ്യവസായ മന്ത്രാലയം ഉത്ത രവിറക്കിയത്. 0.10 റിയാലിന്റെ വർദ്ധനയാണുണ്ടാകുക.

നാളെ മുതൽ 91 ഒക്ടയിനും പ്രീമിയം ഗ്രേഡ് പെട്രോളിനും ലിറ്ററിന് 1.35 റിയാലാകും. സൂപ്പർ ഗ്യാസോലിന് 1.45 റിയാലാകും വില. ഡീസൽ വിലയ്ക്ക് മാറ്റമില്ല. ലിറ്ററിന് 1.40 റിയാലാണ് വില. കഴിഞ്ഞ രണ്ട് മാസമായി 0.05 റിയാലിന്റെ ഇടിവ് ഇന്ധനവിലയിൽ ഉണ്ടായിരുന്നു. പുതുക്കിയ വില വരുന്നതോടെ ആഗസ്റ്റിലെ നിരക്കിലെക്ക് വില ഉയരും. ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ആഗസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. ആഗോളവിലയെ അടിസ്ഥാനമാക്കി ഏപ്രിൽ മുതൽ മാസം തോറുമുള്ള ഇന്ധന വില പുനർനിർണയിക്കുമെന്ന് ഊർജ്ജമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് വർഷത്തിനിടെ ഇന്ധന വിലയിൽ മുപ്പത് ശതമാനത്തിലേറെ വർദ്ധനയുണ്ടാകുന്നത് ഇതാദ്യമായാണ്. വിലയിടിവ് മൂലം ഖത്തർ എണ്ണക്കമ്പനിയായ വൊഖൂദിന് മുപ്പത് ശതമാനം നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. 2015ൽ 960 മില്യൻ റിയാലിന്റെ ലാഭമുണ്ടാക്കിയ കമ്പനിക്ക് ഇക്കൊല്ലം ഇതേ കാലയളവിൽ 850 മില്യൻ റിയാൽ മാത്രമാണ് ലാഭമുണ്ടാക്കാനായത്. ഇവരുടെ പല ഡീസൽ കരാറുകളും വേണ്ടെന്ന് വച്ചതാണ് ഇതിന് കാരണം.

ഒക്ടോബറിൽ യഥാക്രമം 1.25 റിയാലും 1.35 റിയാലും സപ്തംബറിൽ യഥാക്രമം 1.30, 1.40 റിയാൽ എന്നിങ്ങനെയായിരുന്നു വില. അതേസമയം ഡീസലിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസത്തെ ലിറ്ററിന് 1.40 റിയാൽ എന്ന അതേ വില അടുത്തമാസവും തുടരും.