കൊച്ചി: ക്രൂഡ് ഓയിൽ വില കുറയുമ്പോഴും പെട്രോൾ വിലയിൽ കുറവ് അനുഭവിക്കാൻ സാധ്യതയില്ലാത്തവരാണ് ഇന്ത്യക്കാർ. തുടർച്ചയായി പെട്രോൾ വില ഉയരുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കേരളത്തിൽ പെട്രോൾ വില ഏറ്റവും ഉയർന്ന നിരക്കിൽ. തിരുവനന്തപുരത്ത് 88 രൂപ 6 പൈസയാണ് പെട്രോളിന്റെ വില. ഗ്രാമഭാഗങ്ങളിൽ ഇതിനേക്കാൾ ഉയർന്ന് നിരക്കിലാണ് പെട്രോളിന്റെ വില. 89 രൂപ 50 പൈസയാകും ഇവിടുത്തെ വില.

കൊച്ചിയിൽ പെട്രോളിന് 86 രൂപ 32 പൈസയായി. 35 പൈസയുടെ വർധനവ് ഉണ്ടായതോടെയാണ് പെട്രോൾ വില സർവകാല റെക്കോർഡിലെത്തിയത്. 2018 ഒക്ടോബറിലെ 85 രൂപ 99 പൈസയായിരുന്നു ഇതുവരെ കൊച്ചിയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന വില.

ഡീസലിനും 37 പൈസയുടെ വർധനവുണ്ടായിട്ടുണ്ട്. കൊച്ചിയിൽ ഡീസൽ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഇത് 82 രൂപ 14 പൈസയാണ്.

അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിരിക്കുന്ന സമയത്ത് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയർത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരിയിൽ മാത്രം ആറിലേറെ തവണയാണ് പെട്രോൾ വില വർധിച്ചത്.