ദോഹ: ഖത്തറിലെ പെട്രോൾ വില സാധാരണക്കാർക്ക് താങ്ങാവുന്നതും ലോകത്തെ മറ്റേതു രാജ്യവുമായി താരതമ്യപ്പെടുത്തിയാലും ഒട്ടും വിലക്കൂടുതൽ അല്ലെന്നും റിപ്പോർട്ട്. സർക്കാർ സബ്‌സിഡി ഏറെയുള്ളതാണ് ഇവിടുത്തെ ഇന്ധനവില. ഒരു ലിറ്റർ സൂപ്പർ പെട്രോളിന് റീട്ടെൽ വില ഒരു റിയാലും പ്രീമിയം പെട്രോളിന് 0.85 റിയാലുമായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇത് ലോകത്തെ മറ്റെവിടെയുമുള്ള കുറഞ്ഞ നിരക്കുകളിൽ ഒന്നാണിതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

യുഎഇയെക്കാൾ കുറഞ്ഞ വിലയാണ് ഖത്തറിൽ പെട്രോളിന്. അതേസമയം സൗദിയിൽ ഇതിനെക്കാൾ കുറഞ്ഞവിലയ്ക്ക് പെട്രോൾ ലഭിക്കും. ഒരു ഖത്തറി സ്വദേശിയുടെ ശരാശരി ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ ലോക്കൽ പെട്രോൾ വില താങ്ങാവുന്നതാണെന്നും വെഹിക്കിൾ സെയിൽസ് വെബ് സൈറ്റായ കാർമുഡി നടത്തിയ സർവേയിൽ വ്യക്തമാകുന്നു. ഇതു സംബന്ധിച്ച് കാർമുഡി 19 രാജ്യങ്ങളിൽ സർവേ നടത്തിയിരുന്നു. ഖത്തറിലുള്ള  ഒരാളുടെ ശരാശരി ദിവസ വേതനത്തിന്റെ 0.07 ശതമാനമേ ഒരു ലിറ്റർ പെട്രോളിന് ആകുന്നുള്ളൂ. ഇത് സൗദിയേക്കാളും 0.1 ശതമാനം കുറവാണ്.

അതേസമയം കാർമുഡി സർവേ അനുസരിച്ച് കോങ്കോയിലുള്ളവർക്ക് ഒരി ലിറ്റർ പെട്രോൾ വാങ്ങണമെങ്കിൽ ഒരു ദിവസം മുഴുവൻ ജോലി ചെയ്യണമെന്നാണ് വ്യക്തമായിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ പെട്രോളിന് ലിറ്ററിന് 1.51 ഡോളറാണ് ശരാശരി വില. അതേസമയം ഇവിടങ്ങളിൽ ഇവരുടെ ശരാശരി ദിവസവേതനം 1.34 ഡോളർ ആണെന്നുമാണ് വ്യക്തമായിരിക്കുന്നത്.