ഡബ്ലിൻ: പെട്രോൾ വിലയിൽ ഇനിയും ഇടിവു നേരിടുമെന്ന് മോട്ടോറിങ് എക്‌സ്‌പേർട്ടുകൾ. ഈ മാസാവസാനത്തോടെ ലിറ്ററിന് ഏഴു സെന്റു വരെ ഇളവ് ലഭിക്കുമെന്നാണ് പ്രവചനം. രാജ്യമെമ്പാടും പെട്രോൾ വില നിലവിൽ ലിറ്ററിന് ശരാശരി 1.30 യൂറോയാണ്. എന്നാൽ വില വരും ആഴ്ചകളിൽ ഇടിയാനാണ് സാധ്യതയെന്ന് കോണർ ഫോഗ്മാൻ വ്യക്തമാക്കുന്നു.

മൂന്നാഴ്ചത്തെ പെട്രോൾ വില കേന്ദ്രീകരിച്ച് ഫെബ്രുവരിയിലെ എണ്ണവില സംബന്ധിച്ച സർവേയിലാണ് പെട്രോൾ വില ഇനിയും കുറയുമെന്ന് വ്യക്തമായിരിക്കുന്നത്. പെട്രോൾ വില ലിറ്ററിന് ആറ് അല്ലെങ്കിൽ ഏഴ് സെന്റ് വരെ കുറയുമെന്നാണ് കണ്ടെത്തിയിട്ടുണ്ടെന്ന് ഫോഗ്മാൻ പറയുന്നു. യുഎസ് ഡോളറിനെതിരേ യൂറോയുടെ വില കുറയുന്നതും പെട്രോൾ വിലയിൽ ഇടിവു നേരിടാൻ കാരണമാകുന്നുണ്ട്. ഏതാനും ആഴ്ച പെട്രോൾ വിലയിൽ കുറവു നേരിടുമെന്നും അതിനു ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില അനുസരിച്ച് പെട്രോൾ വില പ്രവചിക്കാൻ സാധിക്കുകയുള്ളൂവെന്നും ഫോഗ്മാൻ ചൂണ്ടിക്കാട്ടി.

അതേസമയം പെട്രോൾ വിലയായി ഉപയോക്താക്കൾ എത്ര നൽകിയാലും ഒരു നിശ്ചിത തുക ടാക്‌സ് ഇനത്തിൽ സർക്കാരിന് ലഭിക്കുന്ന തരത്തിലാണ് സംവിധാനം. പെട്രോൾ വിലക്കുറവ് എത്രത്തോളം ഉണ്ടാകുന്നുവോ ഓരോ ലിറ്ററിനും സർക്കാരിന് ലഭിക്കുന്ന തുക അത്രത്തോളം വർധിക്കുന്ന രീതിയിാണ് നിലവിലെന്ന് ഫോഗ്മാൻ വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ റീട്ടെയ്ൽ വിലയ്ക്ക് ആനുപാതികമല്ലാതെയാണ് എക്‌സൈസ് ഡ്യൂട്ടി, കാർബൺ ടാക്‌സ്, നാഷണൽ ഓയിൽ റിസർവ് ലെവി എന്നിവ നിശ്ചയിച്ചിരിക്കുന്നത്.

2014-ൽ അയർലണ്ടിൽ പെട്രോൾ വില മൂന്നു ശതമാനവും ഡീസൽ വില 5.5 ശതമാനവും ഇടിഞ്ഞെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.