കൊച്ചി: രാജ്യത്തെ പെട്രോൾവില അടുത്തകാലത്തെങ്ങും കുറയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ വ്യക്തമാക്കിയതോടെയാണ് രാജ്യത്ത് എണ്ണവില കുറയില്ലെന്ന സൂചനകൾ വ്യക്തമായത്. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാനവരുമാനമാന സ്രോതസ്സായതിനാൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് കാണിച്ച് കൗൺസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

ഇക്കാര്യത്തിൽ കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗൺസിൽ കോടതിയെ അറിയിച്ചു. ഇതേ നിലപാട് ജിഎസ്ടി കൗൺസിൽ നേരത്തെയും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഇതിൽ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജിഎസ്ടി കൗൺസിലിന്റെ യോഗ തീരുമാനങ്ങൾ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്റെ രൂപത്തിൽ നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന നികുതി ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ജിഎസ്ടി കൗൺസിൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാൻ കഴിയില്ലെന്ന നിലപാടാണ് കൗൺസിൽ നേരത്തെ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇതുതന്നെ കൂടുതൽ വിശദീകരിച്ചാണ് ഇപ്പോൾ സത്യവാങ്മൂലം നൽകിയത്. വില വർധനവിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളെക്കൂടി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.

രാജ്യാന്തര എണ്ണവിലയ്ക്ക് അനുസരിച്ചു പ്രാദേശിക ഇന്ധനവില നിശ്ചയിക്കുമെന്നു പ്രഖ്യാപിച്ച എണ്ണക്കമ്പനികൾ മൗനം തുടരുകയാണ്. ഒരു മാസത്തിനിടെ രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയിട്ടും പ്രാദേശിക ഇന്ധനവിലയിൽ ഒരു രൂപ പോലും കമ്പനികൾ കുറച്ചിട്ടില്ല. ഒരിടവേളയ്ക്കു ശേഷം എണ്ണവില വീണ്ടും ഉയർന്നിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ വില ഉയർന്നിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഓമിക്രോൺ കേസുകൾ വർധിച്ചതായിരുന്നു എണ്ണവിലയെ ബാധിച്ചത്. ഓമിക്രോൺ വകഭേദത്തിന് വ്യാപാനശേഷിയുണ്ടെങ്കിലും ഡെൽറ്റയുടെ അത്രയും തീവ്രമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് എണ്ണവില വീണ്ടും തിരിച്ചുകയറാൻ തുടങ്ങിയിരിക്കുന്നത്.

രാജ്യാന്തര എണ്ണവിലയ്ക്ക് അനുസരിച്ചു പ്രാദേശിക ഇന്ധനവില നിശ്ചയിക്കുമെന്നു പ്രഖ്യാപിച്ച എണ്ണക്കമ്പനികൾ മൗനം തുടരുകയാണ്. ഒരു മാസത്തിനിടെ രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയിട്ടും പ്രാദേശിക ഇന്ധനവിലയിൽ ഒരു രൂപ പോലും കമ്പനികൾ കുറച്ചിട്ടില്ല. കഴിഞ്ഞ മാസാദ്യം കേന്ദ്ര സർക്കാർ പെട്രോൾ- ഡീസൽ വിലയിൽ ഇളവുകൾ വരുത്തിയ ശേഷം എണ്ണക്കമ്പനികൾ മൗനത്തിലാണ്. 15 ദിവസത്തെ രാജ്യാന്തര എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് പ്രാദേശിക വില നിശ്ചയിക്കുന്നതെന്ന വാദവും പൊളിഞ്ഞു കഴിഞ്ഞു. ഇളവുകൾ പരമാവധി വൈകിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ നീക്കത്തിൽ സർക്കാരും മൗനം തുടരുകയാണ്.