മനാമ: എല്ലാവർക്കും മൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്താൻ അവകാശമുണ്ടെങ്കിലും അവ അയൽക്കാര്ക്ക് ശല്യമായാൽ നടപടി ഉറപ്പാണെന്ന് ഉടമകൾക്ക് മുന്നറിയിപ്പ്. ദുർഗന്ധമുണ്ടാക്കുന്നതോ, ശബ്ദംകൊണ്ട് ശല്യപ്പെടുത്തുന്നതോ, ആക്രമണകാരികളോ ആയ വളർത്തുമൃഗങ്ങളുടെ ഉടമൾക്കെതിരെ മുൻസിപ്പൽ ഇൻസ്‌പെക്ടർമാർ പിഴ ചുമത്തിയേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഇതുസംബന്ധിച്ച മുഹറഖ് മുൻസിപ്പൽ കൗൺസിൽ നിർദ്ദേശം വർക്‌സ്, മുൻസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്‌ളാനിങ് മന്ത്രാലയം അംഗീകരിച്ചെന്നും ഇത് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

പരിശോധകരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ പൊലീസ് ഇടപെടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ബഹ്‌റൈനിലുള്ളവർ അടുത്തടുത്ത് താമസിക്കുന്നവരായതിനാൽ വളർത്തുമൃഗങ്ങൾ അയൽക്കാർക്ക് ശല്യമായി തീരുന്നത് അംഗീകരിക്കാനാകില്ല. നായ്ക്കളുടെ നിർത്താതുള്ള കുരക്കൽ മൂലം ഉറക്കം നഷ്ടപ്പെടുക, പക്ഷികളുടെ കൂട്ടിൽ നിന്നും അസഹനീയമായ ദുർഗന്ധമുയരുക എന്നിവയൊന്നും സഹിക്കാനാകുന്ന കാര്യമല്ല. മറ്റുള്ളവർക്ക് ശല്യമാകാത്ത വിധം മൃഗങ്ങളെയോ പക്ഷികളെയോ വളർത്തുന്നത് ആർക്കും പ്രശ്‌നമുള്ള കാര്യമല്ല.

പുതിയ മുൻസിപ്പൽ ചട്ടം മൃഗങ്ങളെ വളർത്തുന്നത് നിരോധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് സ്വന്തം താൽപര്യ പ്രകാരം നായ്കളെയോ, പൂച്ചയെയോ, പ്രാവിനെയോ, കോഴിയേയോ, മുയലിനേയോ മറ്റേതെങ്കിലും ജീവികളേയോ വളർത്താം. എന്നാൽ പരാതി ലഭിച്ചാൽ മുൻസിപ്പൽ ഇൻസ്‌പെകടർമാർ പരിശോധിച്ച് നിജസ്ഥിതി വിലയിരുത്തുകയും ആവശ്യമെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യും.