തിരുവനന്തപുരം: പേട്ട കൊലയിൽ വ്യക്തി വൈരാഗ്യം തന്നെ എന്ന് ഉറപ്പിച്ച് പൊലീസ്. പത്തൊൻപതുകാരനായ അനീഷ് ജോർജിനെയാണ് സൈമൺ ലാലു കുത്തിക്കൊന്നത്. ഇരുവരും കുടുംബപരമായി അടുപ്പമുള്ളവരാണ്. പേട്ടയ്ക്ക് അടുത്ത് പള്ളിമുക്കിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് ഇരു കുടുംബവും പ്രാർത്ഥനകൾക്കും മറ്റും പോയിരുന്നത്. പള്ളിയിലെ ക്വയർ ടീമിലേയും സൺഡേ ക്ലാസിലേയും അംഗങ്ങളായിരുന്നു അനീഷ് ജോർജും സൈമൺ ലാലന്റെ കുട്ടികളും.

രാത്രിയിൽ തങ്ങൾക്കൊപ്പം വീട്ടിൽ കിടന്നുറങ്ങിയ മകൻ പുലർച്ചെ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് അനീഷിന്റെ കുടുംബം. അമ്മയെയും സഹോദരനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.' അവനെ കരുതിക്കൂട്ടി കൊന്നതാണ് ' സങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് ആരോപിക്കുന്നു. കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്ന് അദ്ദേഹം ചോദിക്കുന്നു.

അനീഷ് രാത്രി സൈമൺ ലാലന്റെ വീട്ടിലേക്കുപോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ നാലോടെ പേട്ട സ്റ്റേഷനിലെ പൊലീസുകാർ മകന് അപകടം സംഭവിച്ചതായി അറിയിക്കുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് മാതാപിതാക്കൾ മനസിലാക്കിയത്. താൻ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനുമുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി ജോർജ് പറഞ്ഞു. പേട്ട സ്റ്റേഷനിലെത്തിയശേഷമാണ് മകന് കുത്തേറ്റ വിവരം അറിഞ്ഞത്. പിന്നാലെ പൊലീസ് ജീപ്പിൽത്തന്നെ പിതാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് മകന്റെ മൃതദേഹം അച്ഛൻ കണ്ടത്.

അനീഷ് കൊല്ലപ്പെട്ട വിവരം ബന്ധുക്കളൊക്കെ എത്തിയ ശേഷമാണ് അമ്മ ഡോളിയെ അറിയിച്ചത്.ഏറെ വർഷങ്ങളായി പേട്ട ആനയറയിലെ വാടകവീട്ടിലാണ് ഇവരുടെ താമസം. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്ന് അറിയില്ലെന്ന് ബന്ധുക്കളും പറയുന്നു. കൊല്ലപ്പെട്ട അനീഷും പ്രതി സൈമൺലാലന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിലും സൺഡേ സ്‌കൂളിലും ഒരുമിച്ചായിരുന്നുവെന്ന് ബന്ധുക്കളും സമ്മതിക്കുന്നുണ്ട്.

ബുധൻ പുലർച്ചെ നാലിന് പേട്ട ചായക്കുടി ലെയ്‌നിലായിരുന്നു കൊല. വീട്ടിൽ പുലർച്ചെ ഒരാളെ കണ്ടപ്പോൾ കള്ളനെന്ന് കരുതി കുത്തുകയായിരുന്നുവെന്നാണ് ലാൽ പൊലീസിന് മൊഴി നൽകിയത്. അനീഷിനെ കുത്തിയശേഷം ലാൽതന്നെ പേട്ട സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസെത്തി അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ലാലിന്റെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.

നാലാഞ്ചിറ ബഥനി കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് അനീഷ്. സൈമന്റെ വീടിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് അനീഷിന്റെയും വീട്. വിദേശത്തായിരുന്ന സൈമൺ ഒന്നര വർഷം മുമ്പാണ് നാട്ടിലെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് ലാലുമായി വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീടിന്റെ പിറകിൽനിന്ന് കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരുമെത്തി രക്തക്കറയും വിരലടയാളവും ശേഖരിച്ചു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി ശംഖുംമുഖം അസി.കമീഷണർ ഡി കെ പൃഥ്വിരാജ് പറഞ്ഞു.