- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പള കമ്മീഷന്റേത് അമിതാധികാര പ്രവണതയുള്ള റിപ്പോർട്ട്; ഒ.ബി.സി സംവരണം, ക്രീമിലെയർ വ്യവസ്ഥ, മുന്നാക്ക സാമ്പത്തിക സംവരണം തുടങ്ങിയ നിർദേശങ്ങൾ വ്യതിചലനത്തിന്റെ തെളിവ്: എതിർപ്പുമായി മെക്ക
തിരുവനന്തപുരം: ഒ.ബി.സി സംവരണം, ക്രീമിലെയർ വ്യവസ്ഥ, മുന്നാക്ക സാമ്പത്തിക സംവരണം എന്നിവ സംബന്ധിച്ച ശമ്പള കമ്മീഷൻ നിർദേശങ്ങളും ശിപാർശകളും ടേംസ് ഓഫ് റഫറൻസിൽ നിന്നും വ്യതിചലിച്ചുള്ള അമിതാധികാര പ്രയോഗമാണെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. സംവരണവും ക്രീമിലെയർ മാനദണ്ഡങ്ങളും വരുമാന പരിധിയും സംബന്ധിച്ചുള്ള സുപ്രീം കോടതി വിധികൾക്കും നിർദേശങ്ങൾക്കും കടകവിരുദ്ധമാണ് ശമ്പള കമ്മീഷന്റെ അന്തിമ റിപ്പോർട്ട്.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിന്യായങ്ങൾക്കു വിരുദ്ധമായ റിപ്പോർട്ട് കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിനും ചുമതലകൾക്കും ഉപരിയാണെന്ന് വ്യക്തമാണ്. ഭരണഘടനാ താൽപര്യങ്ങൾക്ക് വിരുദ്ധമായ റിപ്പോർട്ടുകൾ സർക്കാർ അംഗീകരിക്കരുതെന്നും മെക്ക ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
അഞ്ചേകാൽ ലക്ഷം വരുന്ന സർക്കാർ ജീവനക്കാരുടെ മക്കൾ മാത്രമാണ് ഉദ്യോഗാർഥികൾ എന്ന മുൻവിധിയും തെറ്റായ ധാരണയോടെയാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. അരക്കോടിയോളം അഭ്യസ്തവിദ്യരായ യുവാക്കളുള്ള സംസ്ഥാനത്തെ പ്രശ്നങ്ങൾ കൂടുതൽ അപ്രായോഗികവും സങ്കീർണമാക്കുന്നതുമാണ് റിപ്പോർട്ടെന്നും അലി ആരോപിച്ചു. സംസ്ഥാനത്തെ യുവാക്കളോടുള്ള വെല്ലുവിളിയും പിന്നാക്ക വിഭാഗങ്ങൾക്ക് ദോഷകരവുമായ റിപ്പോർട്ട് നിരാകരിക്കണമെന്നാണ് മെക്കയുടെ ആവശ്യമെന്നും അലി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ