- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയർഹോമുകളിൽ താമസിക്കുന്ന പ്രായംചെന്നവർക്കും ജീവനക്കാർക്കും മുൻഗണന; തുടർന്ന് രോഗം ഭേദമായി ആശുപത്രി വിടാനൊരുങ്ങുന്ന 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നൽകും; ഫൈസർ കോവിഡ് വാക്സിൻ വിതരണം ചെയ്യാനൊരുങ്ങി ബ്രിട്ടൻ; ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റൽ ഹബ്ബുകളിൽ എത്തിച്ചു; മഹാമാരിക്കെതിരായ ആദ്യഫലപ്രദ പ്രതിരോധത്തെ സസൂക്ഷ്മം നിരീക്ഷിച്ച് ലോകം
ലണ്ടൻ: ലക്ഷങ്ങളുടെ ജീവനനെടുത്ത കോവിഡ് മഹാമാരിയിൽനിന്നും അവസാനാം ലോകം രക്ഷപ്പെടുന്നു. 95 ശതമാനവും ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസർ വാക്സിൻ ബ്രിട്ടനിൽ നാളെ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനുള്ള എല്ലാ സജ്ജീകരണവും പുർത്തിയായതായി ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെയർ ഹോമുകളിൽ താമസിക്കുന്ന പ്രായംചെന്നവർക്കും അവിടുത്തെ ജീവനക്കാർക്കുമാവും വാക്‌സിൻ ആദ്യം നൽകുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രോഗം ഭേദമായി ആശുപത്രി വിടാനൊരുങ്ങുന്ന 80 വയസിന് മുകളിൽ പ്രായമുള്ളവർക്കാവും അടുത്ത ഘട്ടത്തിൽ വാക്‌സിൻ നൽകുക.
ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്‌ലൻഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വാക്‌സിൻ വിതരണം തുടങ്ങുമെന്ന് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. വടക്കൻ അയർലൻഡിൽ ഈയാഴ്ച ആദ്യംതന്നെ വാക്‌സിൻ നൽകിത്തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കൃത്യമായ തീയതി അവർ പുറത്തുവിട്ടിട്ടില്ല. കോവിഡ് 19 വാക്‌സിന് അനുമതി നൽകിയ ആദ്യ പാശ്ചാത്യ രാജ്യമാണ് യു.കെ. ഫൈസർ/ബയേൺടെക് വാക്‌സിൻ വളരെ താഴ്ന്ന താപനിലയിൽ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളയിൽ കുത്തിവെക്കണമെന്നതും അടക്കമുള്ള നിബന്ധനകൾ വാക്‌സിൻ വിതരണം സങ്കീർണമാക്കുന്നുണ്ട്. എന്നാൽ ഒരു രാജ്യത്ത് വാക്‌സിൻ വിതരണം ആദ്യമായി തുടക്കം കുറിക്കുന്ന സാഹചര്യം ലോകം മുഴുവൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റൽ ഹബ്ബുകളിൽ വാക്‌സിൻ എത്തിച്ചു കഴിഞ്ഞുവെന്ന് അധികൃതർ സ്‌കൈ ന്യൂസിനോട് പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ വാക്‌സിൻ എത്തിക്കാനുള്ള നടപടിക്രമങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നുവെന്നും അധികൃതർ അവകാശപ്പെട്ടു. ഫൈസർ/ബയേൺടെക് വാക്‌സിന്റെ 40 ലക്ഷം ഡോസുകൾ ഡിസംബർ അവസാനത്തോടെ ലഭ്യമാകുമെന്നാണ് യു.കെയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ഫൈസറിന്റെ വാക്‌സിൻ കോവിഡ് ബാധയെ 95 ശതമാനവും പ്രതിരോധിക്കുമെന്നാണ് പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്. വാക്‌സിന്റെ നാല് കോടി ഡോസുകൾക്കാണ് യു.കെ ഇതുവരെ ഓർഡർ നൽകിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിന് വാക്‌സിൻ നൽകാനെ ഇത് മതിയാകൂ. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് വാക്‌സിൻ സൂക്ഷിക്കേണ്ടത്.
യൂറോപ്പിൽ മറ്റ് എവിടത്തെക്കാളും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്തത് യു.കെയിൽ ആയിരുന്നു. കോവിഡ് വാക്‌സിന് അമേരിക്കയെക്കാളും യൂറോപ്പിലെ മറ്റുരാജ്യങ്ങളെക്കാളും വേഗത്തിൽ അനുമതി നൽകിയ യു.കെയുടെ നടപടിയിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നുവെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സഫ്രോൺ കോർഡറി പറയുന്നത്. ഫൈസർ/ബയേൺടെക് വാക്‌സിൻ മറ്റേത് വാക്‌സിനെയുംപോലെ സുരക്ഷിതമാണെന്നും അത് സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവർ നിരീക്ഷിക്കുമെന്നും യു.കെ അധികൃതർ ഞായറാഴ്ച ഉറപ്പ് നൽകിയിരുന്നു.
കോവിഡ് വാക്‌സിന്റെ ആദ്യ ഡോസുകൾ വ്യാഴാഴ്ച രാത്രിയോടെ യു.കെയിൽ എത്തിയെന്നാണ് വിവരം. ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്‌ലൻഡ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് വാക്‌സിൻ സൂക്ഷിച്ചിട്ടുള്ളതെന്ന് സിഎൻഎൻ റിപ്പോർട്ടുചെയ്തു. പ്രത്യേകം തയ്യാറാക്കിയ ഫ്രീസറുകളിൽ മാത്രമെ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്‌സിൻ സൂക്ഷിക്കാനാവൂ.
മറുനാടന് ഡെസ്ക്