- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈസർ വാക്സിൻ സ്വീകരിച്ച രണ്ട് നഴ്സുമാർക്ക് പാർശ്വഫലങ്ങൾ; ആശങ്കയോടെ എൻ എച്ച് എസ് ജീവനക്കാർ; ഏതെങ്കിലും അലർജിയുള്ളവർ വാക്സിൻ എടുക്കരുതെന്ന് അധികൃതർ; ബ്രിട്ടനിലെ കോവിഡ് വാക്സിൻ വിതരണം രണ്ട് ദിവസം പിന്നിടുമ്പോൾ സംഭവിക്കുന്നത്
ലണ്ടൻ: ബ്രിട്ടനിലെ കോവിഡ് വാക്സിൻ വിതരണത്തെ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിനിടെ ആശങ്കപ്പെടുത്തുന്ന ചില വാർത്തകളും അവിടെ നിന്നും പുറത്തുവരുന്നുണ്ട്. ഫൈസർ വാക്സിൻ എടുത്ത രണ്ട് എൻ എച്ച് എസ് നഴ്സുമാർക്ക് അനഫിലാക്സിസ് എന്ന അവസ്ഥയ്ക്ക് സമാനമായ പാർശ്വഫലങ്ങൾ കണ്ടതോടെപൊതുജനങ്ങൾക്കിടയിൽ വാക്സിനെ കുറിച്ചു പടർന്ന അശങ്കയകറ്റാൻ ശാസ്ത്രജ്ഞർ രംഗത്തിറങ്ങി. ശരീരത്തിന്റെ സംവേദന ക്ഷമത കൂടുതലായിരിക്കുമ്പോൾ അത് ഏതെങ്കിലും ആന്റിജനോട് വിപരീതമായ രീതിയിൽ പ്രതികരിക്കും. ഇത് അലർജിക്ക് സമാനമായ സാഹചര്യമുണ്ടാക്കും. ഇതിനെയാണ് അനഫിലാക്സിസ് എന്ന് പറയുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയരോഗ പ്രതിരോധ നടപടി എന്ന ബഹുമതി സിദ്ധിച്ച ബ്രിട്ടന്റെ കോവിഡ് വാക്സിനേഷൻ പദ്ധതി ആരംഭിച്ച് 24 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഏതെങ്കിലും വിധത്തിലുള്ള അലർജികൾ ഉള്ളവർഈ വാക്സിൻ എടുക്കരുതെന്ന നിർദ്ദേശവുമായി അധികൃതർ എത്തി. ഏതെങ്കിലും വിധത്തിലുള്ള മരുന്നുകൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയോട് അലർജിയുള്ളവർ ഈ വാക്സിൻ എടുക്കരുതെന്ന് ബ്രിട്ടന്റെ ഡ്രഗ് റെഗുലേറ്റർ ആവശ്യപ്പെടുന്നു.
ഇത്തരത്തിൽ വാക്സിൻ എടുക്കുന്നതിൽ നിന്നും വിലക്കപ്പെടുന്നവരുടെ എണ്ണം എത്രവരും എന്ന് കണക്കാക്കിയിട്ടില്ല. എന്നിരുന്നാലും ഏകദേശം ഏഴ് ദശലക്ഷം ആളുകൾക്ക് ഗുരുതരമായ അലർജി സംബന്ധ പ്രശ്നങ്ങൾ ഉണ്ടെന്നാണ് എൻ എച്ച് എസ് പറയുന്നത്. ഇതിൽ 2.5 ലക്ഷത്തോളം പേർക്ക് എപ്പോഴും എഡിപെൻ കൊണ്ടുനടക്കേണ്ടതായി വരുന്നു. വാക്സിൻ എടുത്ത ശേഷം പാർശ്വഫലം പ്രദർശിപ്പിച്ച രണ്ട് നഴ്സുമാരേയും ഉടൻ ചികിത്സയ്ക്ക് വിധേയരാക്കി. അവർ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതായി എൻ എച്ച് എസ് അധികൃതർ പറഞ്ഞു. ഇവരുടേ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
ത്വക്കിനു മീതെ തിണർത്തു പൊന്തുകയും ശ്വാസതടസ്സാം അനുഭവപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുഖവും നാക്കും നീരുവന്ന് വീർക്കുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തു. ഈ അലർജി റിപ്പോർട്ട് പുറത്തുവന്നെങ്കിലും, അത് ഗൗരവമായി എടുക്കാതെ ഇന്നും വാക്സിനേഷൻ പരിപാടി തുടരും. പ്രതിദിനം 5000 നും 7000 നും ഇടയ്ക്ക് ആളുകൾക്കാണ് വാക്സിൻ നൽകാൻ പദ്ധതിയിടുന്നത്. 8 ലക്ഷം ഡോസുകളാണ് ആദ്യ ഘടുവായി ബ്രിട്ടനിലെത്തിയിട്ടുള്ളത്.
അതേസമയം മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി, ഏതെങ്കിലും വിധത്തിലുള്ള മരുന്നുകളോടോ ഭക്ഷണ പദാർത്ഥങ്ങളോടോ അലർജിയുള്ളവർക്ക് വാക്സിൻ നൽകരുതെന്ന നിർദ്ദേശം എൻ എച്ച് എസിനു നൽകി. 95 ശതമാനം വരെ ഫലപ്രാപ്തി തെളിയിച്ച വാക്സിന്റെ ആരോപിക്കപ്പെടുന്ന അപകടങ്ങൾ അത സാരമായതല്ലെന്നാണ് ശാസ്ത്ര ലോകവും പറയുന്നത്. വാക്സിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് റിപ്പോർട്ടുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് ഫൈസറിന്റെ വക്താവ് അറിയിച്ചു. ഇത് കൂടുതൽ പരിശോധിക്കുന്നതാണ്. അതുവരെ താത്ക്കാലികമായി അലർജിയുള്ളവരെ വാക്സിൻ എടുക്കുന്നതിൽ നിന്നും ഓഴിവാക്കിയിരിക്കുകയാണെന്നും അവർ അറിയിച്ചു.
മറുനാടന് ഡെസ്ക്