- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂത്തുപറമ്പിലെ നഷ്ടം എൽജെഡിയുടെ കാലുമാറ്റത്തിന്റെ ഫലം; തളിപ്പറമ്പിൽ വോട്ട് കുറച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും; കത്രിക പൂട്ടിൽ വീണ് പിജെ ആർമി; തെരഞ്ഞെടുപ്പിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി; വിമതശബ്ദങ്ങളെ പൂട്ടി പടയൊരുക്കം തടഞ്ഞത് തന്ത്രങ്ങളിലൂടെ; കണ്ണൂരിൽ സിപിഎമ്മിന് പറയാനുള്ള ഒരുമയുടെ കഥ
കണ്ണൂർ: പാർട്ടി നിരീക്ഷണത്തിന്റെ കത്രികപൂട്ടിൽ പി.ജെ ആർമി വീണതോടെ പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറി. പി. ജയരാജന് സീറ്റു നിഷേധിച്ചതിലെ അദ്ദേഹത്തെ ആരാധിക്കുന്നവരുടെ അമർഷം വോട്ടു ചോർത്തുമോയെന്ന ആശങ്ക സി. പി. എം നേതൃത്വത്തിനുണ്ടായിരുന്നുവെങ്കിലും തളിപ്പറമ്പിലൊഴികെ മറ്റൊരിടത്തും വോട്ടുചോർച്ചയുണ്ടായില്ല. തളിപ്പറമ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം വോട്ടായി മാറിയെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
കൂത്തുപറമ്പ് മണ്ഡലത്തിൽ കഴിഞ്ഞ തവണ മന്ത്രി കെ.കെ ശൈലജയ്ക്കു ലഭിച്ച വോട്ട് എൽ. ജെ.ഡി സ്ഥാനാർത്ഥി കെ. പി മോഹനന് ലഭിക്കുമെന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടിയിരുന്നില്ല. പാർട്ടിയുടെ ഉറച്ച വോട്ടുകൾ രാഷ്ട്രീയമായി തന്നെ എൽ.ഡി. എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു വെങ്കിലും മുന്നണി മാറി വന്ന മോഹനനോടുള്ള അതൃപ്തി കാരണം മൂവായിരം വോട്ടിന്റെ ചോർച്ചയുണ്ടായി. എന്നാൽ പി.ജെ. ആർമിയുടെ വോട്ടല്ല ഇങ്ങനെ നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തൽ. പി.ജയരാജന്റെ ജന്മനാടായ കൂത്തുപറമ്പിൽപോലും യാതൊരു ചലനവുമുണ്ടാക്കാൻ പി. ജെ ആർമിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.
എന്നാൽ അവർ ഭീഷണിയാകുമെന്ന് പ്രതീക്ഷിച്ച കണ്ണൂരും അഴീക്കോടും ഭൂരിപക്ഷം കൂട്ടാനും കഴിഞ്ഞു. പി.ജയരാജന്റെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉയർന്നു വന്ന പ്രതിഷേധം സി. പി. എം കണ്ണൂർ ജില്ലാ നേതൃത്വം വളരെ തന്ത്രപരമായാണ് നേരിട്ടത്. കണ്ണൂരിൽ നിന്നും ആദ്യ പ്രതിഷേധ വെടിപൊട്ടിച്ച മുൻ അമ്പാടി മുക്ക് സഖാവും ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ ധീരജ് കുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും തൽക്ഷണം പുറത്താക്കിയാണ് നയം വ്യക്തമാക്കിയത്.
പിന്നീട് ഉറപ്പാണ് പി.ജെയെന്ന പേരിൽ പാർട്ടി ശക്തി കേന്ദ്രമായ ഇരിവേരി ലോക്കലിലെ ആർ. വി മെട്ടയിൽ പി.ജയരാജന്റെ പടുകൂറ്റൻ ബോർഡുയർന്നുവെങ്കിലും രായ്ക്കുരാമാനം അതെടുത്തു മാറ്റി അണികൾക്കു താക്കീത് നൽകാൻ നേതൃത്വത്തിന് കഴിഞ്ഞു. ഇതോടെ അപകടം മണത്തപ്പോൾ സോഷ്യൽ മീഡിയയിൽ പി.ജെ ആർമിയുടെ പടയൊരുക്കം തടയാനായി ഒരു പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചു.
സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകൾ നിരീക്ഷിച്ച ഇവർ പാർട്ടിവിരുദ്ധ പോസ്റ്റുകളിടുന്നവരുടെ വിവരം നേതൃത്വത്തിനെ അതാത് സമയം അറിയിക്കുകയും നേതാക്കൾ ഇവരെ വിളിച്ചു താക്കീതു ചെയ്യുകയും ചെയതതോടെ എതിർശബ്ദങ്ങൾ കുറയാൻ തുടങ്ങി. ഇതിനുപുറമേ പി.ജയരാജനോട് ആഭിമുഖ്യമുള്ള നേതാക്കളെല്ലാം പാർട്ടി നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങൾ സസൂക്ഷ്മമായി നിരീക്ഷിക്കാൻ സി.പി. എമ്മിനുള്ള പ്രത്യേക ടീം തന്നെയുണ്ടായിരുന്നു.
ഇതോടൊപ്പം കടുത്ത മത്സരം നടക്കുന്ന അഴീക്കോട്് മണ്ഡലത്തിന്റെ ചുമതല നൽകി പി.ജയരാജനെ പരോക്ഷമായി തളച്ചിടാനും കഴിഞ്ഞു. ജില്ലയ്ക്കു പുറത്ത് വളരെ ചുരുക്കം തെരഞ്ഞെടുപ്പ് പരിപാടികളിൽ മാത്രമേ ജയരാജൻ പങ്കെടുത്തിരുന്നുള്ളൂ. അതു കൊണ്ടു തന്നെ പി.ജെ ആർമി കണ്ണൂരിന് പുറത്ത് മറ്റിടങ്ങളിൽ തലപൊക്കിയതുമില്ല. താൻ കൂടി പങ്കെടുത്ത പാർട്ടി കമ്മിറ്റിയാണ് ഓരോ സ്ഥലത്തും യോഗ്യരായവർ മത്സരിക്കണമെന്നു തീരുമാനിച്ചതെന്നു പി.ജെ ആർമിയുയർത്തുന്ന വിമർശനങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടു തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ജയരാജൻ തന്നെ രംഗത്തു വന്നതോടെ തെരഞ്ഞെടുപ്പിൽ സി.പി. എം ഒറ്റക്കെട്ടാണെന്ന പ്രതീതി കൈവരുത്താനും കഴിഞ്ഞു.
എന്നാൽ ഇരിക്കൂർ സീറ്റ് നഷ്്ടപ്പെട്ട എ ഗ്രൂപ്പ് കോൺഗ്രസിനുള്ളിൽ മറ്റൊരു പാർട്ടിയെപ്പോലെ തന്നെയാണ് പ്രവർത്തിച്ചത്. കോൺഗ്രറിന്റെ ഉറച്ച മണ്ഡലങ്ങളിൽപ്പോലും വോട്ടുമറിച്ച് കനത്തനഷ്ടം വരുത്താൻ അവർക്കു കഴിഞ്ഞു. പാർട്ടിക്കുള്ളിലെ അടിയൊഴുക്ക് തടയാൻ സി. പി. എമ്മിന് മുൻകൂട്ടി കഴിഞ്ഞുവെങ്കിലും സുനാമി മുൻകൂട്ടി കാണുന്നതിൽ കോൺഗ്രസ് നേതൃത്വം ദയനീയമായി പരാജയപ്പെടുകയായിരുന്നു.