തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സമരം തുടരാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ലെന്നാണ് സമരക്കാർ പറയുന്നത്. നിലവിലെ സമരം തുടരാനാണ് മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ തീരുമാനം. ആവശ്യങ്ങളിൽ രേഖാമൂലം വ്യക്തത വരുത്തണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡോക്ടർമാർ.

പി.ജി. ഡോക്ടർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു. കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപന്റ് വർദ്ധന, തുടങ്ങിയ ആവശ്യങ്ങളാണ് പി.ജി. ഡോക്ടർമാർ ഉന്നയിച്ചത്. ആവശ്യങ്ങൾ നേരിട്ട് സർക്കാർ അംഗീകരിച്ചില്ലെങ്കിലും അതിന് പകരമായി സർക്കാർ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുകയായിരുന്നു.

പിജി ഡോക്ടർമാരുടെ ജോലിഭാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. റസിഡൻസി മാനുവൽ അനുസരിച്ചാണോ ജോലി ക്രമീകരണം എന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. പിജിക്കാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചതാണെന്നാണ് മന്ത്രി പറയുന്നത്. ഉന്നതതല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

റെസിഡൻസി മാനുവലിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. റെസിഡൻസി മാനുവലിൽ നിന്നും അധികമായി ആർക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതൽ എന്ന് അറിയാൻ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സമിതി രൂപീകരിക്കും.

സ്‌റ്റൈപ്പൻഡ് നാല് ശതമാനം വർധനയ്ക്ക് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ധനകാര്യവകുപ്പിന് ഫയൽ അയച്ചിട്ടുണ്ട്. ധനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ വർദ്ധിപ്പിക്കാം എന്നാണ് മന്ത്രി അറിയിച്ചത്. ഇക്കാര്യം സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജോലി ഭാരം കുറയ്ക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. 307 നോൺ അക്കാദമിക്ക് റസിഡൻസി ഡോകടർമാരെ ഇതിനകം നിയമിച്ചിട്ടുണ്ടെന്നും കൂടുതൽ സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കാനുള്ള പരിമിതി സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒന്നാം വർഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവർ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല.

കോവിഡ് കാലത്ത് മികച്ച സേവനമാണ് പിജി ഡോക്ടർ നൽകിയത്. അവശ്യങ്ങളോട് സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ആശുപത്രികളിൽ എത്തുന്ന സാധാരണകാർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത്. ചെയ്യാനാകുന്ന കാര്യങ്ങൾ ഒക്കെ സർക്കാർ ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

വാർഡുകളിലും അത്യാഹിത വിഭാഗത്തിലും പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ചെയ്യുന്ന സേവനങ്ങൾ വലുതാണ്. ആരോഗ്യ വകുപ്പിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് 373 എൻ.എ.ജെ.ആർ.മാരെ നിയമിക്കുന്നതിന് ഉത്തരവായത്. അവരിൽ ഏറെ പേരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരിടത്തും ഇതുപോലെ നിയമിച്ചിട്ടില്ല.

ഇനിയും കൂടുതൽ എൻഎജെആർമാരെ നിയമിക്കണമെന്നാണ് അവർ പറയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അധികമായി നിയമിച്ച 249 എസ്ആർമാരെ, അവർ ആവശ്യപ്പെട്ടാൽ ഇവരെ ഒഴിവാക്കി അത്രയും തുകയ്ക്ക് കൂടുതൽ എൻഎജെആർമാരെ നിയമിക്കുന്ന കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.

ഹൗസ് സർജന്മാർ തിരികെ ഡ്യൂട്ടിയിൽ കയറുകയും, താൽക്കാലികമായി നിയമിച്ച ജൂനിയർ റെസിഡന്റ് ഡോക്ടർമാർ എത്തുകയും ചെയ്തതോടെ മെഡിക്കൽ കോളേജുകളിൽ സേവനം സ്തംഭിക്കുന്ന തരത്തിലുള്ള പ്രതിന്ധിയില്ല. ഒപി സമയം നീട്ടിയും അടിയന്തരമല്ലാത്ത ചികിത്സകൾ മാറ്റിവെച്ചും തൽക്കാലം മുന്നോട്ടു പോവുകയാണ്. സമരം നടക്കുന്നതറിഞ്ഞ് സംസ്ഥാനത്താകെ മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

സ്‌റ്റൈപ്പൻഡ് വർദ്ധന, കൂടുതൽ നോൺ റസിഡന്റ് ഡോക്ടർമാരുടെ നിയമനം, ശമ്പളപരിഷ്‌കരണം നടപ്പാക്കൽ എന്നീ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളിൽ നിന്ന് പുറകോട്ട് പോകാൻ പിജി ഡോക്ടർമാർ തയ്യാറല്ല.

സമരം ആറ് ദിവസം പിന്നിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പി.ജി. ഡോക്ടർമാർ സമരവുമായി ഇനിയും മുന്നോട്ട് പോയാൽ ആരോഗ്യ മേഖലയിൽ പ്രതിസന്ധി രൂപപ്പെട്ടേക്കും. ഇത് കണക്കിലെടുത്താണ് ആവശ്യങ്ങൾ നേരിട്ട് അംഗീകരിച്ചില്ലെങ്കിലും സർക്കാർ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.