തിരുവനന്തപുരം: വകുപ്പ് മന്ത്രിയുമായി കടുത്ത ഭിന്നതയിലുള്ള റവന്യു സെക്രട്ടറി പി.എച്ച. കുര്യൻ അതെ പദവിയിൽ തുടരുന്ന കാര്യത്തിൽ നാളെത്തെ മന്ത്രിസഭായോഗം നിർണായകം. കുര്യനെ മാറ്റണമെന്ന റവന്യു മന്ത്രിയുടെ ആവശ്യത്തിൽ തീരുമാനം എടുക്കാതെ നീട്ടി കൊണ്ടുപോകുന്ന മുഖ്യമന്ത്രി നീലകുറിഞ്ഞി ഉദ്യാന വിവാദത്തോടെ തീരുമാനം എടുക്കാൻ നിർബന്ധിതനായിരിക്കുകയാണ്. എന്നാൽ പി .എച്ച് കുര്യൻ അവധിയിൽ പോയേക്കുമെന്നും സൂചനയുണ്ട്. മകന്റെ വിവാഹത്തിന് വേണ്ടി അവധി എടുക്കുന്ന കുര്യനെ ആ അവസരം ഉപയോഗപെടുത്തി മാറ്റിയേക്കും .

കഴിഞ്ഞ ദിവസം ഡൽഹിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവധിയിൽ പോകുന്ന കാര്യം കുര്യൻ അറിയിച്ചിരുന്നു. നിർബന്ധിച്ചു മാറ്റി എന്ന അപമാനകരമായ സ്ഥിതി ഉണ്ടാക്കാതെ മന്ത്രിയുമായുള്ള പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന താല്പര്യമാണ് ഇതിലൂടെ കുര്യൻ മുന്നോട്ടു വെച്ചത്. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ കുര്യൻ , കാനം രാജേന്ദ്രന്റെ അയൽ നാട്ടുകാരനാണ്. ജനുവരി 13ന് തിരുവനന്തപുരം , ഗിരിദീപം കൺവെൻഷൻ സെന്റെറിൽ നടക്കുന്ന മകന്റെ വിവാഹം ക്ഷണിക്കാനാണ് കുര്യൻ തന്നെ കണ്ടതെന്നാണ് കാനം രാജേന്ദ്രന്റെ വിശദീകരണം.

എന്നാൽ കൂടിക്കാഴ്ചക്കിടെ മന്ത്രിയുമായുള്ള ഭിന്നത ചർച്ചാവിഷയം ആയി എന്നത് നിഷേധിക്കുന്നുമില്ല. മന്ത്രിക്കു മുകളിലല്ല സെക്രട്ടറി എന്നു പറഞ്ഞിരുന്ന കാനത്തിന്റെ പ്രതികരണം പി .എച്ച്. കുര്യനെ മാറ്റാൻ പാർട്ടി ആവശ്യപെട്ടിട്ടില്ലെന്ന് തിരുത്തൽ വന്നതും ഡൽഹി ചർച്ചക്ക് ശേഷമാണ്.കുര്യനെ റവന്യു സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം ആലോചിച്ചിട്ടേ ഇല്ലെന്നാണ് ഇതേപ്പറ്റി ചോദിക്കുമ്പോളുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി. എന്നാൽ മകന്റെ വിവാഹം പ്രമാണിച്ച് അവധിയിൽ പ്രവേശിച്ചേക്കുമെന്ന വിവരം അവിടെയും എത്തിയിട്ടുണ്ട്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആയതു കൊണ്ട് വിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾക്കായാണ് അവധി എടുക്കുന്നത്.

എപ്പോഴും സജീവ ശ്രദ്ധ വേണ്ട റവന്യു പോലുള്ള സുപ്രധാന വകുപ്പിൽ കുറച്ചു ദിവസമാണെങ്കിൽ പോലും ആളില്ലാതിരിക്കാൻ ആവില്ല. അതുകൊണ്ട് തന്നെ ഈ സാഹചര്യം വിശദീകരിച്ചാകും കുര്യനെ മാറ്റുക. പകരം ചുമതല ആർക്കെങ്കിലും നൽകിയ ശേഷം പിന്നീട് അത് സ്ഥിരം ആക്കുന്ന രീതിയാകും അവലംബിക്കുക. അഡിഷണൽ ചീഫ് സെക്രട്ടറി റാങ്കിൽ ഉള്ള പരിചയ സമ്പന്നനായ മറ്റൊരു നല്ല ഉദ്യോഗസ്ഥനെ കിട്ടാനില്ല എന്നതാണ് കുര്യനെ മാറ്റാത്തതിന്റെ കാരണമായി സിപിഐ നേതൃത്വം പറയുന്നത്. റവന്യു മന്ത്രി പലതവണ ഉന്നയിച്ച ആവശ്യം നിരാകരിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനുള്ള ന്യായീകരണം ആണ് ഇതെങ്കിലും മികച്ച ഉദ്യോഗസ്ഥരെ കിട്ടാനില്ല എന്നത് യാഥാർഥ്യമാണ്. പക്ഷെ നീലകുറിഞ്ഞി ഉദ്യാന വിവാദത്തോടെ കുര്യനെ മാറ്റേണ്ടത് അഭിമാന പ്രശ്‌നമായി എടുത്തിരിക്കുന്ന റവന്യു വകുപ്പ് നാളത്തെ മന്ത്രിസഭാ യോഗത്തെ ഉറ്റു നോക്കുകയാണ്.

ഐ .എ .എസ് തലത്തിലെ പുതിയ അഴിച്ചു പണിയിലും റവന്യൂ സെക്രട്ടറി ്.കുര്യനെ മാറ്റണമെന്ന സിപിഐയുടെയും റവന്യു മന്ത്രിയുടെയും ആവശ്യം നിരാകരിച്ച് മുഖ്യമന്ത്രി തിരിച്ചടി നല്കിയിരുന്നു. തോമസ് ചാണ്ടിയുടെ രാജി വൈകിയെന്ന് ആരോപിച്ച് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സിപിഐക്ക് കുര്യനിലൂടെ മറുപടി നൽകാനായിരുന്നു് മുഖ്യമന്ത്രിയുടെ തീരുമാനം. ഐ.എ .എസ് അഴിച്ചു പണിയിൽ മുഖ്യമന്ത്രി ഭരിക്കുന്ന പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കുര്യന് നൽകുകയായിരുന്നു. കുര്യനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് നൽകി കാത്തിരിക്കുന്ന സിപിഐ ക്ക് ഈ തീരുമാനം വലിയ നാണക്കേടായി. ഇതിനിടെയാണ് പുതിയ നീക്കം നടക്കുന്നത്. കുര്യനുമായി തുടക്കം മുതൽ ഭിന്നതയിലായിരുന്ന മന്ത്രി ഇ .ചന്ദ്രശേഖരൻ ദുബായ് കോൺസുലേറ്റിനു ഭൂമി നൽകാനുള്ള തീരുമാനം വന്നപ്പോളാണ് പൂർണമായും അകന്നത്.

മന്ത്രി അറിയാതെ കോൺസുലേറ്റിനു ഭൂമി നൽകാനുള്ള തീരുമാനം മന്ത്രിസഭയിൽ വന്നതായിരുന്നു പ്രകോപനം . മന്ത്രിസഭായോഗത്തിൽ തന്നെ എതിർപ്പ് അറിയിച്ച മന്ത്രി , പിന്നാലെ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച് മുഖ്യമന്ത്രിക്ക് കത്തും നൽകി. സി.പി.എം നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും സിപിഐ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തൊട്ടടുത്ത മന്ത്രിസഭായോഗം മുതൽ കുര്യന്റെ മാറ്റം പ്രതീക്ഷിച്ചിരുന്ന സിപിഐ ക്ക് നിരാശ ആയിരുന്നു ഫലം. തോമസ് ചാണ്ടി വിഷയത്തിൽ നിലപാട് കടുപ്പിച്ചതോടെയാണ് സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രി മാറ്റി വെച്ചത്. ഇതിനിടയിൽ മാറ്റാനുള്ള നീക്കത്തെ പ്രതിരോധിച്ചു കുര്യനും ഇടപെടൽ നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ വഴിയായിരുന്നു കുര്യന്റെ പ്രതിരോധ നീക്കങ്ങൾ.

സിപിഐ യുടെയും വകുപ്പ് മന്ത്രിയുടെയും താൽപര്യങ്ങൾക്കു വഴങ്ങാത്തതാണ് തന്നെ മാറ്റാൻ ശ്രമിക്കുന്നതിന്റെ കാരണം എന്നാണ് കുര്യൻ മുൻ ഐ.എ .എസ് ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതരെ ധരിപ്പിച്ചത്. മന്ത്രിസഭാ ബഹിഷ്‌കരണം കൂടി വന്നതോടെ ഒരുതരത്തിലും സിപിഐയുടെ സമ്മർദത്തിന് നിന്നു കൊടുക്കേണ്ടന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയും ഓഫീസും എത്തി. അതുകൊണ്ടാണ് ഇന്നലെയും കുര്യനെ മാറ്റാനുള്ള തീരുമാനം എടുക്കാതെ അദേഹത്തിന് പുതിയ ചുമതല കൂടി നല്കിയത്.