വെറുക്കപ്പെട്ടവൻ, അമൂൽബേബി, ആറാട്ടുമുണ്ടൻ... വി എസ് അച്യുതാനന്ദൻ എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്റെ പല തഗ്ഗ് ഡയലോഗുകളും കാലം എത്രകഴിഞ്ഞാലും മലയാളി മറക്കാൻ ഇടയില്ല. 15 വർഷംമുമ്പ് അതായത് 2007ൽ ഒരു വാർത്താ സമ്മേളനത്തിലാണ്, അന്ന് മുഖ്യമന്ത്രിയായിരുന്നു വി എസ് , ഫാരീസ് അബൂബക്കർ എന്ന കോഴിക്കോട്ടുകാരനായ യുവ വ്യവസായിയെ വെറുക്കപ്പെട്ടവൻ എന്ന് വിശേഷിപ്പിച്ചത്. അതേതുടർന്ന് സിപിഎമ്മിലും, മാധ്യമലോകത്തും വിവാദപ്പെരുമഴയാണ് ഉണ്ടായത്. പക്ഷേ അടുത്തകാലത്തായി ഇദ്ദേഹത്തെക്കുറിച്ച് വാർത്തകൾ ഉണ്ടാവാറില്ലായിരുന്നു. ഇടക്ക് ഇന്ത്യൻ പൗരത്വം തന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയന്നും ഫാരിസിനെക്കുറിച്ച് കേട്ടിരുന്നു.

ഇപ്പോഴിതാ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്. പല രാഷ്ട്രീയ നാടകങ്ങളുടെയും സൂത്രധാരനായ പി സി ജോർജാണ് ഇത്തവണ ഫാരീസിനെ വീണ്ടും ലൈവാക്കി നിർത്തുന്നത്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ട പി സി, ജാമ്യം കിട്ടിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെ നിർത്തിപ്പൊരിക്കാൻ ഉപേയോഗിച്ച പേര് എം എ ഫാരിസ് എന്ന ഫാരിസ് അബൂബക്കറിന്റെത് ആയിരുന്നു.

ഫാരിസിന്റെ നിക്ഷേപങ്ങളിൽ പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപിച്ച പി സി ജോർജ്, മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ''പിണറായിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകും. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകൾ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷിക്കണം. പിണറായിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണം. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിന്റെ ഇടപാടുകളും പരിശോധിക്കണം. പിണറായിയുടെ ബിനാമിയാണ് ഫാരീസ്''- പി സി ജോർജ് പറഞ്ഞു. ഇതോടെ ഒരിടവേളക്ക് ശേഷം ഫാരിസ് അബൂബക്കറിലേക്ക് ആരോപണങ്ങളുടെ കുന്തമുന നീങ്ങുകയാണ്.

നായനാർ ഫുട്ബോൾ ഫെയിം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തിയിലെ ഒരു ബിസിനസ് കുടുംബത്തിലാണ് ഫാരിസ് ജനിക്കുന്നത്. ബാപ്പ മുണ്ടയിൽ അബൂബക്കർ, ഉമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്‌കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായിരുന്നു വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയ രീതിയിൽ തുകൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിച്ചാണ്, ഫാരിസ് ബിസിസസ് തുടങ്ങുന്നത്. പക്ഷേ എങ്ങനെ ആണെന്ന് അറിയില്ല, കണ്ണടച്ചു തുറക്കുന്നതിന് മുമ്പേ കയറ്റുമതി ബിസിനസിലൂടെ അദ്ദേഹം സമ്പന്നനായി. വെറും 27-28 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം കോടീശ്വരനായി.

പക്ഷേ ഇതൊന്നും ഒരു തട്ടിപ്പിലുടെയും വെട്ടിപ്പിലൂടെയും ഉണ്ടാക്കിതല്ലെന്നും നിയമനാനുസൃതമായി ബിസിനസ് ചെയ്്ത് സ്വരൂപിച്ചതാണെന്നുമാണ് ഫാരിസിന്റെ വാദം. പക്ഷേ അദ്ദേഹത്തിന്റെ കയറ്റുമതി എന്തായിരുന്നു, റിയൽ എസ്റ്റേറിലെ പങ്കാളികൾ ആരൊക്കെയാണ് എന്നൊന്നും ഇന്നും അധികപേർക്കും അറിയില്ല. അന്നും ഇന്നും ഫാരിസ് മാധ്യമങ്ങൾക്ക് പിടികൊടുക്കന്നതും, പൊതു ചടങ്ങിൽ പങ്കെടുക്കുന്നതും അത്യപുർവമാണ്.

ഒരു ഫുട്ബോൾ കളിയുടെ പേരിലാണ് ഈ വ്യവസായി കേരളം എമ്പാടും അറിയപ്പെടുന്നത്. അതായിരുന്നു 2007ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേള. ഇത് വിജയ് മല്യയുടെ കിങ് ഫിഷർ സ്പോൺസർ ചെയ്തതും വലിയ വാർത്തയായിരുന്നു. ഇതിന് 60 ലക്ഷം രൂപ സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നൽകിയത് ഫാരിസ് ആണെന്നാണ് ആരോപണം ഉയർന്നത്. സിപിഎമ്മിൽ വി എസ്- പിണറായി വിഭാഗീയത കത്തി നിൽക്കുന്ന കാലം.

ഇപി ജയരാജനും പിണറായിക്കുമെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി ഈ സംഭവം വി എസ് പക്ഷവും മാധ്യമങ്ങളും കുത്തിപ്പൊക്കി. അന്ന് വിഎസിന്റെ സ്വന്തം പത്രം എന്ന് പേരുണ്ടായിരുന്ന മാതൃഭൂമി ആയിരുന്നു ആക്രമണത്തിൽ മുന്നിൽ നിന്നത്. പക്ഷേ ഇതിനുള്ള മറുപടികൾ ഒക്കെ വന്നുകൊണ്ടിരുന്നത് ദീപികയിൽ ആയിരുന്നു. അപ്പോഴാണ് നസ്രാണി ദീപിക ഫാരിസ് വാങ്ങിയതിന്റെ കഥകൾ പുറത്തുവരുന്നത്.

നസ്രാണി ദീപിക, പിണറായി ദീപികയാവുന്നു

'അന്തിപ്പിച്ചക്ക് വന്നവൻ അമ്മയ്ക്ക് നായരായി' എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു, ഫാരിസ് ദീപിക പിടിച്ചത്. അഡ്വക്കേറ്റ് ജയശങ്കറിന്റെ ഭാഷയിൽ പറഞ്ഞാൽ സക്കാത്ത് നൽകാനെത്തിയവൻ ഉടമയായി. നഷ്ടത്തിലായ ദീപിക ദിനപത്രത്തിന് സംഭാവന നൽകിയാണ് ഫാരിസ് മാധ്യമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദീപികയെ അദ്ദേഹം ഏറ്റെടുത്തു. മാർ മാത്യു അറയ്ക്കൽ സജീവ ഒത്താശ ഇതിനുണ്ടായിരുന്നു. 2005 മുതൽ 2008 വരെയുള്ള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാർ മാത്യു അറയ്ക്കൽ-ഫാരീസ് അബുബക്കർ ടീമിന്റെ കൈകളിൽ എത്തുന്നത്.

ഫാരിസും രാഷ്ട്രദീപിക കമ്പനിയുടെ അന്നത്തെ ചെയർമാനായിരുന്ന കാഞ്ഞിരപ്പള്ളി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ. മാത്യു അറക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് വാർത്തകൾ പുറത്തുവന്നു. ഫാരിസിന്റെ ചെലവുചുരക്കൽ പദ്ധതിയുടെ ഭാഗമായി ദീപികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതിയിലൂടെ, നിർബന്ധിതമായി പുറത്താക്കിയത് വൻ വിവാദമായി.

അന്ന് ദീപകയിൽ ഫാരിസിന്റെ വലം കൈയായിരുന്നതും മറ്റൊരു വിവാദ വ്യക്തിത്വമായിരുന്നു. പീന്നീട് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോൾ അതു പെൺകുട്ടിയുടെ പിതാവിന്റെ പുറത്ത് ചാർത്തിയ വിവാദ വൈദികൻ റോബിൻ വടക്കുംചേരിയായിരുന്നു അത്. ഫാരിസ് ദീപികയുടെ ചെയർമാൻ ആയപ്പോൾ എംഡിയായി പ്രവർത്തിച്ചത് ഫാ റോബിൻ വടക്കുംചേരിയാണ്. ഒരു പ്രൊഡക്ഷൻ മാനേജരായി കയറിയ ഈ വൈദികൻ ഫാരിസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി. ദീപികയെ ആർക്കും വേണ്ടാത്ത ഒരു പത്രമാക്കി മാറ്റിയത് ഈ കാലത്തായാരിന്നു. ഇവിടെ ജോലി ചെയ്യുന്ന കാലത്തും റോബിൻവടക്കും ചേരിക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. പത്രത്തിൽ ജോലി ചെയ്തിരുന്ന ഒരു വിവാഹമോചിതയുമായി ഈ വൈദികന് ബന്ധമുണ്ട് എന്ന ആരോപണം സജീവമായിരുന്നു.

പിന്നീട് മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പായ മാർ ക്ലീമ്മീസ് നേരിട്ട് രംഗത്തിറങ്ങി, കോടികൾ സംഘടിപ്പിച്ചു നൽകിയാണ് ദീപിക തിരിച്ചു പിടിച്ചത്. ദീപികയുടെ ഏറ്റവും വലിയ ആസ്ഥിയായിരുന്ന കൊച്ചി നഗരാതിർത്തിയിലെ ബഹുനില മന്ദിരം അന്ന് ഫാരിസ് അബൂബക്കറിന് എഴുതി കൊടുക്കേണ്ടി വന്നു. അതിനു ചുക്കാൻ പിടിച്ചതും ഈ ഫാദർ റോബിൻ വടക്കുംചേരി തന്നെ ആയിരുന്നു. പിന്നീട് റോബിനച്ചൻ പീഡനക്കേസിൽ അകത്തായപ്പോൾ, ഫാരിസിന്റെ സഹായം കിട്ടിയിരുന്നുവെന്നും ആക്ഷേപം ഉയർന്നു.

ഫാരിസിനെ വിഎസിനെതിരെ നിരന്തരമായി എഴുതാൻ വേണ്ടി പിണറായി വിജയൻ കൊണ്ടു വന്നതാണ് എന്നായിരുന്നു ആരോപണം. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് സജീവം ആയിരുന്ന ആ കാലത്ത് ദീപികയുടെ എഡിറ്റോറിയലുകൾ എകെജി സെന്ററിൽ നിന്നായിരുന്നു വന്നിരുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു. പിണറായിയുടെ നവകേരളയാത്രയൊക്കെ റിപ്പോർട്ട് ചെയ്യാൻ പോയ ദീപികയുടെ ലേഖകന്മാർക്ക് വാർത്ത എഴുതാനുള്ള അവകാശംപോലും ഇല്ലായിരുന്നു. എല്ലാം തിരുവനന്തപുരത്ത നിന്ന് പിണറായിയുടെ പിആർഒമാർ തരും. എന്നും പിണറായിയെ പൊക്കുന്നതും വിഎസിനെ തേജോവധം ചെയ്യുന്നുമായ വാർത്തകൾ നിരന്തരം ദീപികയിൽ പ്രത്യക്ഷപ്പെട്ടു. 'അന്ന് ദ്വാദശിയിൽ മണി ദീപിക തെളിഞ്ഞു' എന്ന അക്കാലത്തെ ഹിറ്റായ ഒരു സിനിമാഗാനം കേട്ട് ദീപിക വായിക്കുന്ന പിണറായിയെ ഗോപീകൃഷ്ണൻ മാതൃഭൂമിയിൽ കാർട്ടൺ ആക്കി. നസ്രാണി ദീപിക അങ്ങനെ പിണറായി ദീപികയായി!
.
ഫാരീസ് അബൂബക്കറിന്റെ നിയന്ത്രണത്തിൽ ദീപികയും രാഷ്ട്രദീപികയും പുലരുന്ന കാലത്ത് പാർട്ടി ഔദ്യോഗികപക്ഷത്തിന്റെ മുഖപത്രമെന്ന നിലയിലായിരുന്നു അത് ഇറങ്ങിയിരുന്നത്. ഇടയ്ക്ക് ഔദ്വോഗിക നേതാക്കളുടെയും അവരുമായി ഇഷ്ടം പുലർത്തുന്നവരുടെ അഭിമുഖവും അക്കാലത്ത് ദീപികയുടെ പ്രത്യേകതയായിരുന്നു. പിണറായിക്ക് ദോഷം ചെയ്യുന്ന വാർത്തകൾ തമസ്‌ക്കരിച്ചുമുന്നേറിയ പത്രം പിന്നീട് ക്രിസ്ത്യൻ മേധാവികൾ തിരിച്ചുപിടിച്ചപ്പോൾ പാർട്ടികൂറ് വിട്ടു. പക്ഷേ ഫാരിസ് 'മെട്രോ വാർത്തയെന്ന' പേരിൽ സ്വന്തമായി പത്രം തുടങ്ങി അതിലൂടെ 'വി എസ് വധം' പരമ്പരപോലെ വന്നുകൊണ്ടിരിക്കുന്നു.

പിണറായി എപ്പോഴും പരാതി പറയാറുള്ള കാര്യമായിരുന്നു, മാധ്യമ സിൻഡിക്കേറ്റ് എന്നത്. പ്രമുഖമാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർ കൂടിയാലോചിച്ച്, തനിക്കെതിരെ ഒരുപോലെ നുണവാർത്തകൾ വരുന്നു എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ഈ സിൻഡിക്കേറ്റിനെ മറികടക്കാൻ പിണറായിയുടെ ടീമിന്റെ ബുദ്ധിയായിരുന്നു, തങ്ങളെ അനുകൂലിക്കുന്ന ഒരു മാധ്യമ സംഘം ഉണ്ടാക്കുക എന്നത്. എതിരാളികൾ അതിനെ പിൻഡിക്കേറ്റ് എന്ന് വിളിച്ചു

വെറുക്കപ്പെട്ടവൻ എന്ന് വി എസ്

തിരുവനന്തപുരം പ്രസ് ക്ലബ് 2007 ൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു, അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഫാരിസ് അബൂബക്കറെ വെറുക്കപ്പെട്ടവനെന്ന് ആദ്യമായി വിശേഷിപ്പിച്ചത്. ജീർണ്ണതയുടെ അഴുക്കുപുരണ്ട കറൻസി പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി എസ് അച്യുതാനന്ദൻ ഫാരിസിന്റെ കാര്യം പരാമർശിച്ചത്. വെറുക്കപ്പെട്ടവന്റെ പണം പാർട്ടിക്ക് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനയായിരുന്നു അത്. ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു, എന്ന വാർത്തയും കേരളത്തിൽ ചർച്ചയായി. അതും കുത്തിപ്പൊക്കിയത് വി എസ് പക്ഷം തന്നെയായിരുന്നു.

പക്ഷേ വി എസ് പോലും പ്രതീക്ഷിക്കാത്ത സംഭവമാണ് പിന്നീട് ഉണ്ടായത്. പാർട്ടിയും പാർട്ടി ചാനലായ കൈരളിയും പൂർണ്ണമായും ഫാരിസിന് ഒപ്പം നിന്നും. കൈരളി ടീവിയിൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ അതിഗുരുതരമായ ആരോപണങ്ങളാണ് വിഎസിനെതിരെ ഫാരിസ് ഉന്നയിച്ചത്. ഫാരിസിനു പിന്നാലെ വിഎസിന്റെ അഭിമുഖം പ്രതീക്ഷിച്ചെങ്കിലും കൈരളി സംപ്രേഷണം ചെയ്തില്ല. ഇത് വിഎസിന് തന്റെ രാഷ്ട്രീയ ജീവത്തിലെ വലിയ വിഷമം ആയിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഇന്നും പറയുന്നു.

വി എസ്.അച്യുതാനന്ദന്റെ ഔദ്യോഗിക ജീവചരിത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്. ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും വി എസ് ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പി.ജയനാഥാണ് ജീവചരിത്രം തയാറാക്കിയത്. ഇതിൽ ഈ സഭവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. -'' വി എസ് മുഖ്യമന്ത്രിയായിരിക്കെ വിഎസും ഫാരിസും തമ്മിൽ ഒരു പ്രശ്നത്തിൽ മാധ്യമങ്ങൾ വഴി വാക്കുതർക്കമുണ്ടായി. വിഎസും മറ്റൊരാളുമായി ഒരു പ്രശ്നമുണ്ടായാൽ, പാർട്ടി നിലപാട് വിഎസിനൊപ്പമായിരിക്കും എന്ന പ്രതീക്ഷ സ്വാഭാവികമാണ്. ഈ തർക്കത്തിൽ അതുകൊണ്ടുതന്നെ വി എസ് പാർട്ടിയെ ഒപ്പം പ്രതീക്ഷിച്ചു. പക്ഷേ, കിട്ടിയില്ല. ഉപരി, ഫാരിസിനൊപ്പമായിരുന്നു. മാത്രമല്ല, ആ നിലപാട് പരസ്യമാകുകയും ചെയ്തു. പാർട്ടിയുടെ ടെലിവിഷൻ ചാനൽ, കൈരളി ടിവി, ആ പ്രശ്നത്തിൽ, ഫാരിസ് താമസിച്ച ചെന്നൈയിൽ പോയി സുദീർഘമായ അഭിമുഖം തയാറാക്കി ആവർത്തിച്ചു സംപ്രേഷണം ചെയ്തു. അതിൽ പക്ഷപാതമില്ലായിരുന്നെങ്കിൽ വിഎസിന്റെ അഭിമുഖം അതിനു പിന്നാലെയെങ്കിലും സംപ്രേഷണം ചെയ്യുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കപ്പെടും. അതുണ്ടായില്ല.''-

ഫാരിസിനുവേണ്ടി തെരുവു യുദ്ധം

വെറുക്കപ്പെട്ടവൻ എന്ന് വി എസ് മുദ്രകുത്തിയപ്പോൾ വിഎസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ മാതൃഭൂമി ഒരു പടികൂടി മുന്നോട്ടു പോയി. ഒരു ഫോട്ടോ പോലും പുറത്തു കാട്ടാത്ത വിധം ദുരൂഹതയുടെ ആവരണത്തിലാണ് ഫാരിസെന്ന് മാതൃഭൂമി എഴുതി. ഫോട്ടോ പോലുമില്ലാത്തവനെന്ന് പിണറായി ഗ്രൂപ്പിന്റെ പ്രഖ്യാപിത എതിരാളിയായ മാതൃഭൂമി വിശേഷിപ്പിച്ചയാളിനെ രണ്ടുമണിക്കൂർ കാമറയ്ക്കു മുന്നിലിരുത്തിയാണ് കൈരളി തിരിച്ചടിച്ചത്.

അന്ന് അതിഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ആ അഭിമുഖത്തൽ ഉന്നയിച്ചത്. ഫാരിസ് ഇങ്ങനെ പറയുന്നു. '' കേരളത്തിലെ മുഖ്യമന്ത്രിയെ ( വി എസ്) നേരിട്ട് അറിയില്ല. കാഞ്ഞിരപ്പള്ളി പിതാവ് വഴി ഒരിക്കൽ ബന്ധപ്പെട്ടു''. എന്തിനാണ് ബന്ധപ്പെട്ടത് എന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുമ്പോൾ അഹങ്കാരത്തോടെ ശബ്ദം ഉയർത്തുകയാണ് ഫാരിസ് ചെയ്തത്. '' അതൊന്നും എനിക്ക് പറയാൻ സൗകാര്യം ഇല്ല. അദ്ദേഹത്തെക്കുറിച്ചല്ലല്ലോ... ഹേ, അദ്ദേഹത്തെക്കുറിച്ചുള്ള വിവാദം ഇവിടെ വരുകയും ഇല്ലല്ലോ. ഞാൻ അങ്ങോട്ട് വി എസ് അച്യുതാനന്ദനെ ബന്ധപ്പെട്ടിട്ടില്ല. എന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടിരുന്നു. അത് കാഞ്ഞിരപ്പള്ളി പിതാവും ആയിട്ടാണ്. '' - ഫാരിസ് പറഞ്ഞു.

നായനാൻ ഫുട്ബോളിന് പണം നൽകിയതിനെക്കുറിച്ചും ഫാരിസ് ഇങ്ങനെ പ്രതികരിച്ചു. ''നായനാരോടുള്ള ആദരവും സ്നേഹവും കൊണ്ടാണ് പണം നൽകിയത്. കോൺഗ്രസുകാരും ലീഗുകാരും ഒന്നും കൊടുത്ത പണത്തിന്റെ പേരിൽ ഗ്രൂപ്പു വൈരം തീർക്കില്ല. മലബാറുകാർക്ക് നായനാർ എന്താണെന്ന് അറിയാം. അത് മുസ്ലിം ലീഗ് ആയാലും കോൺഗ്രസ് ആയാലും. നായനാർ ഏവർക്കും പ്രിയങ്കരൻ ആയിരുന്നു. നായനാരുടെ അത്രയും വ്യക്തിത്വമുള്ള ഒരു നേതാവിനെ എന്റെ ജീവിതകാലത്ത് കണ്ടിട്ടില്ല. അതുകൂടാതെ ഞങ്ങൾക്ക് അൽപ്പം സ്വൽപ്പം ഫുട്ബോൾ ഭ്രാന്തുള്ളവരുടെ കൂട്ടത്തിലാണ്. '' -ഫാരിസ് പറഞ്ഞു.

പിണറായി വിജയന്റെ ബിനാമിയാണ് താൻ എന്ന് ആരോപിക്കുന്നവർ ആ തെളിവ് സിബിഐക്ക് നൽകണം. ദീപകയിൽ 20 കോടിയോളം രൂപ മുടക്കിയിട്ടുണ്ട്. പത്രത്തിന്റെ ഉടമസ്ഥത വൈകാതെ തന്നെ സഭക്ക് കൈമാറുമെന്നും ഫാരീസ് ആ അഭിമുഖത്തിൽ പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്ത ആ അഭിമുഖം വൻ വിവാദമായി. അഭിമുഖത്തിലെ ബ്രിട്ടാസിന്റെ വിധേയ ഭാവവും വിനീത ശൈലിയുംപോലും വലിയതോതിൽ വിമർശിക്കപ്പെട്ടു. ബ്രിട്ടാസിന്റെ വീടിനു മുന്നിൽ പോസ്റ്റർ പതിച്ചും കൈരളിക്കെതിരെ പ്രകടനം നടത്തിയും ഓഫീസിനു കല്ലെറിഞ്ഞുമാണ് ആദ്യദിവസങ്ങളിൽ വി എസ് വിഭാഗം പ്രതിഷേധിച്ചത്. ഈ പ്രശ്നത്തിന്റെ പേരിൽ നേതാക്കൾ പരസ്പരം തെരുവിൽ ഏറ്റുമുട്ടിയതോടെ സിപിഎമ്മിനുള്ളിലെ അന്തരീക്ഷം സ്ഫോടനാത്മകമായി. പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കൈരളി ടിവിക്കെതിരെ പ്രമേയം പാസാക്കി കേന്ദ്ര നേതൃത്വത്തിനയച്ചു. അന്ന് വി എസ് പക്ഷക്കാരനായ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലാണ് ഇതിന് നേതൃത്വം നൽകിയത്.

എന്നാൽ ഔദ്യോഗികപക്ഷവും ശക്തമായി തിരിച്ചടിച്ചു. വി എസ് ഫാരിസിനെ വെറുക്കപ്പെട്ടവൻ എന്നു വിളിച്ചത് ശരിയായില്ലെന്ന് മന്ത്രി സുധാകരൻ തുറന്നടിച്ചു. പിന്നാലെ സൗമ്യനായ പാലൊളിമുഹമ്മദുകുട്ടിയും വിഎസിനെതിരെ രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചു. സ്വന്തം ചെയ്തികളുടെ ഫലമാണ് വി എസ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പാലൊളി തുറന്നടിച്ചത്. ബ്രിട്ടാസിനെ പാർട്ടി എകെജി സെന്റിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ വി എസ് ആവട്ടെ, വെറുക്കപ്പെട്ടവൻ എന്ന് പ്രയോഗം ആവർത്തിച്ചു.

ആദ്യമായി പൊതുവേദിയിൽ വന്നത് 2011ൽ

ഈ കോലാഹലങ്ങൾ ഒക്കെ നടക്കുമ്പോളും അപൂർവമായി മാത്രമേ, ഫാരിസ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. അങ്ങനെ ഒന്നായിരുന്നു, 2011ൽ ചെന്നൈ മലബാർ മുസ്ലിം അസോസിയേഷന്റെ, തറക്കല്ലിടൽ ചടങ്ങ് സാക്ഷ്യം വഹിച്ചത്. ആ ചടങ്ങിൽ അധ്യക്ഷൻ ഫാരിസ് അബൂബക്കർ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ പൊതുചടങ്ങായാണ് ഇത് വിലയിരുത്തപ്പെട്ടത്. എഴു കോടി മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ കമ്മറ്റി ചെയർമാനും ഫാരിസ് ആയിരുന്നു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എംഎം ഹസൻ, പാണക്കാട് ഹൈദരലി തങ്ങൾ, ടി കെ ഹംസ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അന്ന് വിഭാഗീയതയെക്കുറിച്ചും പൊതുവേദികളിൽ പങ്കെടുക്കാത്തതിനെ കുറിച്ചും, ഫാരീസ് വാചാലനായി.'' ഞാൻ, ഒരു വേദിയിലും പൊതുവെ വരാത്ത ആളാണ്. എന്നെക്കുറിച്ച് പറയുന്നത് എപ്പോഴും ഒളിച്ച് നടക്കുന്ന ആൾ എന്നാണ്. നമ്മൾ മലയാളികളുടെ ഒരു പ്രശ്നം നമുക്ക് എല്ലായിടത്തും വിഭാഗീയത ഉണ്ടെന്നതാണ്. അത് പാർട്ടികളയാലും സാമുദായിക സംഘടനകൾ ആയാലും അതിൽ ഒരു വിഭാഗീയത ഉണ്ട്. രണ്ട് ഗ്രൂപ്പ് ഉണ്ടാവും''- അങ്ങനെ പോയി ആ പ്രസംഗം.

ഫാരിസ് വെറുക്കപ്പെടേണ്ടവൻ അല്ല എന്നും മറിച്ച് ആദരിക്കപ്പെടേണ്ടവൻ ആണെന്നും, തുടർന്ന് സംസാരിച്ച എം എം ഹസൻ പറഞ്ഞു. ഫാരിസ് വെറുക്കപ്പെട്ടവനാകുന്നത് വി എസിന് മാത്രമാണെന്നും ഫാരിസിനെ കണ്ടാൽ ഓടിയോളിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അങ്ങനെ എം എ ഫാരീസ് എന്ന ഫാരിസ് അബൂബക്കർ ചടങ്ങിൽ താരമായി. പക്ഷേ വി എസ് മാത്രം നിലപാട് മാറ്റിയില്ല. കളങ്കിതരെ പുകഴ്‌ത്തിയ കുഞ്ഞാലിക്കുട്ടിയെയും ഹസനെയും അദ്ദേഹം നിശിതമായി വിമർശിച്ചു.

എല്ലാപേജും കളറായ മെടോ വാർത്ത

കത്തോലിക്കാ സഭ പത്രം തിരിച്ചുപിടിച്ചതോടെ 2008 ഒക്ടോബറിലാണ് ഫാരിസ് മെട്രോവാർത്ത പത്രം തുടങ്ങിയത്. മെട്രോവാർത്തയെ കേരളത്തിലെ രണ്ടാമത്തെ മികച്ച പത്രമാക്കും എന്നായിരുന്നു അവകാശവാദം. തന്നെ വ്യക്തിഹത്യ ചെത്ത മാതൃഭൂമിക്ക് മറുപടിയാണ് പുതിയ പത്രമെന്നും ഫാരിസ് വീമ്പിളക്കി. കേരളത്തിൽ ആദ്യമായി എല്ലാ പേജും കളറിൽ അച്ചടിച്ച പത്രം പക്ഷേ വിചാരിച്ചപോലെ ജനകീയമായില്ല. അതോടെ അധികം വൈകാതെ സ്ഥാപനം കാർണിവൽ ഗ്രൂപ്പിന് വിറ്റ് ഫാരിസ് തന്റെ മറ്റ് ബിസിനസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

കുറച്ചു കാലത്തിനുശേഷം ഫാരിസ് കേരളം വിട്ടുവെന്ന് വാർത്ത വന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യത്തേക്ക് കുടിയേറി എന്നായിരുന്നു പ്രചരണം. കൊച്ചി കേന്ദ്രമാക്കി 'വാർത്താ ഹൗസ്' എന്ന ചാനൽ തുടങ്ങാനുള്ള പദ്ധതിയും ഇതിനോടൊപ്പം ഉപേക്ഷിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്ന പദ്ധതികൾ പൊടിതട്ടിയെടുക്കാനുള്ള നീക്കം അദ്ദേഹം ആരംഭിച്ചുവെന്ന് ഇടക്ക് വാർത്തയുണ്ടായി. കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തിട്ടും മെട്രോ വാർത്തയ്ക്കു കാര്യമായ പുരോഗതിയുണ്ടായില്ല. ഇപ്പോൾ അവരിൽ നിന്നും പത്രത്തിന്റെ ഉടമസ്ഥാവകാശം തിരിച്ചുവാങ്ങാനുള്ള ചർച്ചകൾ ഫാരിസ് നടത്തിയിരുന്നു. അതോടൊപ്പം ചാനലിന്റെ ലൈസൻസ് നേടിയെടുക്കാനും ശ്രമം തുടങ്ങിയിരുന്നു.

സിപിഎം കണ്ണൂർ ലോബിയുമായി അടുത്ത ബന്ധമാണ് ഫാരിസിന് ഇപ്പോഴുമുള്ളത്. ഇപി ജയരാജൻ, പിണറായി വിജയൻ എന്നിവരുമായി മികച്ച ബന്ധമായിരുന്നു ഫാരിസിന് എക്കാലത്തും. 2016ൽ മാധ്യമങ്ങളുടെ എല്ലാം കണ്ണ് വെട്ടിച്ച് തിരുവനന്തപുരത്തെത്തി ഫാരിസ് മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്തും മണത്തറിയുന്ന മാധ്യമങ്ങൾ മാസങ്ങൾ കഴിഞ്ഞാണ് ഈ വിവരം അറിഞ്ഞത്.

പിണറായി തിരിച്ചുവന്നപ്പോൾ വീണ്ടും

2016ൽ പിണറായി അധികാരത്തിൽ എത്തിയതോടെ ഫാരിസിന്റെ പേര് അവിടിവിടെ വീണ്ടും ഉയർന്ന് കേൾക്കാൻ തുടങ്ങി. 2017ൽ വി എസ് തടഞ്ഞ ലാൻഡ് ബാങ്കിങ് നടപ്പിലാക്കാൻ ഫാരിസ് വീണ്ടും ശ്രമം തുടങ്ങിയെന്ന് വാർത്തകൾ വന്നു.

കൊച്ചിയിലെ കണ്ടെയ്നർ റോഡിലെ പത്തേക്കർ ചെമ്മീൻ കെട്ട് നികത്തി കരഭൂമിയാക്കി സെന്റിന് 15 ലക്ഷത്തിന് മറിച്ചു വിറ്റ് 150 കോടിയുണ്ടാക്കാൻ ബ്രോക്കർമാർ മാർക്കറ്റിൽ ഇറങ്ങിയിരുന്നു. ഇവർക്ക് പിന്നിൽ ഫാരിസ് ആണെന്നായിരുന്നു ആരോപണം. കണ്ടെയ്നർ റോഡിന്റെ വശത്ത് മുളവുകാട് വില്ലേജിന്റെ അധീനതയിൽപ്പെട്ട ഭൂമിയാണ് മൂന്ന് വശങ്ങളും മതിൽകെട്ടി മറച്ച്, മണ്ണിട്ട് നികത്തി കരഭൂമിയാക്കിയത്. ഈ സ്ഥലത്തിന്റെ മൂന്ന് വശവും കായൽ പ്രദേശമാണെന്നിരിക്കെയാണ് പഞ്ചായത്തിന്റെയും വില്ലേജിന്റേയും മൗന സമ്മതത്തോടെയാണ് നിയമ ലംഘനം നടന്നത്. സ്ഥലം വാങ്ങുന്നവർക്ക് കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ എല്ലാ ലൈസൻസും സംസ്ഥാന സർക്കാരിർ നിന്ന് വാങ്ങിത്തരാമെന്ന് പറഞ്ഞ രാജീവൻ എന്ന ബ്രോക്കറുമായി ഫാരിസ് അടുത്തബന്ധമാണെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചത്.

വി എസ് അച്യൂതാനന്ദൻ സർക്കാരിന്റെ ഭരണത്തിന് കീഴിലാണ് 2008 ൽ 18 പേരിൽ നിന്നായി ഫാരിസ് അബൂബക്കറിന്റെ ചെന്നൈ ആസ്ഥാനമായ കമ്പനി പത്തേക്കറിൽ അധികം വരുന്ന സ്ഥലം വാങ്ങിയത്. സിപിഎം ഭരിക്കുന്ന മുളവുകാട് പഞ്ചായത്തിന്റെ വഴിവിട്ട സഹായമാണ് ഫാരിസിനെപ്പോലെയുള്ളവർക്ക് എത്രവലിയ നിയമലംഘനം നടത്താൻ സഹായകരമാവുന്നതെന്ന് എറണാകുളം ഡിസിസി അംഗം അഡ്വ ദിലീഷ് ജോൺ ആരോപിച്ചിരുന്നു. 2019ലെ കുന്നത്ത് നാട് ഭൂമി വിവാദത്തിലും ഫാരീസിന്റെ പേര് പരാമർശിക്കപ്പെട്ടു. കുന്നത്ത് നാട് ഭൂമി ഇടപാടിൽ പ്രതിസ്ഥാനത്തുള്ള കമ്പനിക്ക് ഫാരിസുമായി ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. കമ്പനികാര്യ വെബ്‌സൈറ്റിൽ ഈ കമ്പനിയുടെ ഡയറക്ടർമാരായുള്ളത് ഫാരിസിന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് മാധ്യമങ്ങൾ എഴുതി.

അനധികൃത നിലം നികത്തൽ തടഞ്ഞ കലക്ടറുടെ ഉത്തരവു റദ്ദാക്കി വീണ്ടും നിലം നികത്താൻ സർക്കാരിന്റെ പച്ചക്കൊടിയെന്ന വാർത്തയോടെയാണ് കുന്നത്തുനാട്ടിലെ ഭൂമി വിദം തുടങ്ങിയത്. എറണാകുളം കുന്നത്തുനാട് വില്ലേജിലെ 15 ഏക്കർ ഭൂമി നികത്താനാണു കലക്ടറുടെ ഉത്തരവു റദ്ദാക്കി റവന്യു വകുപ്പ് അനുമതി നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു കലക്ടറുടെ ഉത്തരവു തിരക്കിട്ടു റദ്ദാക്കിയത്. കേരള നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം നിരാകരിച്ചതുമായിരുന്നു ഉത്തരവ്. എല്ലാം ഉദ്യോഗസ്ഥതല വീഴ്ചയായി ചിത്രീകരിച്ച് ഒതുക്കാനും നീക്കം നടക്കുന്നതിനിടെയാണ് ഫാരിസ് ബന്ധം മറനീക്കി പുറത്തു വരുന്നത്.

കൊച്ചിയിൽ രജിസ്റ്റർ ചെയ്ത സ്പീക്‌സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണു ഭൂമി. കമ്പനിയുടെ ഡയറക്ടർമാരായി സ്പീക്‌സ് പ്രോപ്പർട്ടീസ് വിശദീകരിക്കുന്ന മൂന്ന് പേർക്കും ഫാരീസ് അബൂബേക്കറുമായി അടുത്ത ബന്ധമുണ്ട്. ഇവരുടെ പല കമ്പനികളിലും ഫാരീസ് അബൂബേക്കർ ഡയറക്ടറാണ്. പിന്നീട് ഈ അനുമതി സർക്കാർ മരവിപ്പിച്ചു. നിലം നികത്താൻ സർക്കാർ നൽകിയ അനുമതി മരവിപ്പിച്ചതുകൊണ്ട് മാത്രം കാര്യമായില്ലെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയും, വൻ അഴിമതിയും വെളിച്ചത്തുകൊണ്ട് വരാൻ സമഗ്രമായ അന്വേഷണം വേണമെന്നും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതായത് ഒരു കാര്യം ഉറപ്പാണ്, അധികാരത്തിന്റെ ഇടനാഴികളിൽ ഇപ്പോഴും ഫാരിസ് ഉണ്ട്. അയാൾ ആരുടെ ബിനാമിയാണെന്നൊക്കെ അത് ആരോപിച്ചവർ തെളിയിക്കട്ടെ.

വാൽക്കഷ്ണം: എന്തൊക്കെ ആയാലും നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ഫാരിസ്. കോഴിക്കോട് നന്ദിയിലെ അദ്ദേഹത്തിന്റെ നാട്ടിൽപോയി ഫാരിസിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അടികിട്ടും. പെൺകുട്ടികളുടെ വിവാഹം തൊട്ട് യുവാക്കളുടെ തൊഴിൽ പ്രശ്നം വരെ പരിഹരിക്കുന്ന ഒരു ഗോഡ്ഫാദറിന്റെ ഇമേജാണ്, ഇദ്ദേഹത്തിന് ജന്മനാട്ടിലുള്ളത്!