റിയാദ്: മലയാളികൾ ഏറെയുള്ള മേഖലകളിൽ ഒന്നിന് പിന്നാലെ ഒന്നായി സൗദിവത്കരണ നടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് സൗദി. പ്രവാസികൾ ഏറെയുള്ള മൊബൈൽ കടകൾക്ക് പിറകെ ഫാർമസി മേഖലയും സൗദിവത്കരിക്കുമെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചു. തൊഴിൽ വകുപ്പിന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഔദ്യോഗിക വക്്താവ് ഖാലിദ് അബ അൽഖൈലാണ് പ്രഖ്യാപനം നടത്തിയത്.

ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു. മലയാളികളുൾപ്പെടെ നിരവധി വിദേശികൾ ജോലി ചെയ്യുന്ന മേഖലയാണ് ഫാർമസി. മലയാളികളുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രമുഖ ആശുപത്രികളോടനുബന്ധിച്ചെല്ലാം മരുന്ന് ഷാപ്പുകളുമുണ്ട്. സൗദിവത്കരണം നടപ്പാകുന്നതോടെ ഈ മേഖലയിൽ നിന്ന് വിദേശികൾ മാറി നിൽക്കേണ്ടി വരും. ഇത് പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

തൊഴിലില്ലായ്മ കുറക്കുക എന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് വിവിധ തൊഴിലുകളിൽ സൗദിവത്കരണം ത്വരിതപ്പെടുത്തുന്നത്. വാർത്താ വിനിമയ മേഖല സൗദിവത്കരിക്കുന്ന പ്രഖ്യാപനവുമായി തൊഴിൽ വകുപ്പ് മുന്നോട്ടു പോകുന്നതിനിടെയാണ് വിദേശികളെ ആശങ്കയിലാക്കുന്ന അടുത്ത പ്രഖ്യാപനം വരുന്നത്.

മൊബൈൽ കടകളിൽ പരിശോധനകൾ വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ മുതൽ മൊബൈൽ വിൽപന, അറ്റകുറ്റപ്പണി, കസ്റ്റമർ കെയർ എന്നീ മേഖലകളിൽ മുഴുവൻ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് തൊഴിൽ വകുപ്പിന്റെ ഉത്തരവ്. നിയമം നടപ്പാക്കുന്നതിൽ വിട്ടു വീഴ്ചയില്‌ളെന്ന പ്രഖ്യാപനവുമായി അധികൃതർ മുന്നോട്ടു പോകുന്നതനിടെയാണ് ഫാർമസി മേഖലയും സൗദിവത്കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.