- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഹൈസൻബർഗ്ഗ് ഹൈദരാബാദിൽ പിടിയിൽ! രസതന്ത്രത്തിൽ പിഎച്ച്ഡി എടുത്ത വിദഗ്ധൻ രഹസ്യ ലാബിൽ മയക്കുമരുന്ന് നിർമ്മിച്ച് വിറ്റു; മ്യൂ മ്യൂ എന്നറിയപ്പെടുന്ന മയക്കുമരുന്ന് നിർമ്മിച്ചു സമ്പാദിച്ചത് ലക്ഷങ്ങൾ; പിടിക്കപ്പെടുമ്പോൾ ലാബിൽ നിന്ന് കണ്ടെത്തിയത് 63.12 ലക്ഷത്തിന്റെ ലഹരിവസ്തുക്കൾ
ഹൈദരബാദ്: ലോകം മുഴുവൻ ഹിറ്റായ ബ്രേക്കിങ് ബാഡ് എന്ന സീരിസിൽ പ്രധാന കഥാപാത്രമായി വാൾട്ടർ വൈറ്റിനെ ആരാധകർ ആരും മറക്കാറില്ല. കാൻസർ ചികിത്സിക്കാൻ വേണ്ടി സ്വന്തമായി മയക്കുമരുന്നു ഉണ്ടാക്കി വിറ്റ പ്രൊഫസലൂടെ കഥാപാത്രമായിരുന്നു ഇത്. ഈ രസതന്ത്രം പ്രൊഫസർ പിൽക്കാലത്ത് ഹൈസൻബർഗ്ഗ് എന്ന പേരിൽ മയക്കുമരുന്നു രാജാവാകുകയും ചെയ്തു. ഈ സീരിസിനെ അനുകരിച്ചെന്നോണം രസതന്ത്രം ഉപയോഗിച്ചു മയക്കുമരുന്ന ഉപയോഗിച്ച പിഎച്ച്ഡിക്കാരൻ അറസ്റ്റിലായി. ഹൈദരാബാദിലാണ് രസതന്ത്ര വിദഗ്ധൻ പിടിയിലായത്.
നഗരത്തിലെ രഹസ്യ ലാബിൽ മയക്കുമരുന്ന് നിർമ്മിച്ച് വിറ്റ രസതന്ത്ര വിദഗ്ദ്ധനെയാണ് ഡിആർഐ പിടികൂടിയത്. ഇയാളുടെ സങ്കേതത്തിൽ നിന്നും മൂന്ന് കിലോയോളം മയക്കുമരുന്നും 12.4 ലക്ഷം രൂപയും പിടിച്ചെടുത്തെന്നാണ് റിപ്പോർട്ടുകൾ. മ്യൂ മ്യൂ എന്നറിയപ്പെടുന്ന മയക്കുമരുന്നാണ് ഇയാൾ രഹസ്യ പരീക്ഷണശാലയിൽ നിർമ്മിച്ചു വിറ്റത്.
മെഫിഡ്രോൺ, 4 മീഥൈൽമെഥ്കാത്തിനോൺ, 4 മീഥൈൽഎഫിഡ്രോൺ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മയക്കുമരുന്ന് ഇയാൾ സ്വന്തമായി നിർമ്മിച്ചെടുക്കുകയായിരുന്നു. ഇയാളുടെ ലാബിൽ നിന്ന് മൊത്തം 63.12 ലക്ഷം രൂപ വരുന്ന ലഹരിവസ്തുവാണ് കണ്ടെത്തിയത്. മയക്കുമരുന്നിനു പുറമെ ഇതു നിർമ്മിക്കാൻ ഉപയോഗിച്ച 219.5 കിലോയോളം അസംസ്കൃത വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇത് 15 മുതൽ 20 കിലോഗ്രാം വരെ മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രസതന്ത്രത്തിൽ പിഎച്ച്ഡി യോഗ്യതയുള്ള പ്രതി മുൻപ് ഒരു മരുന്നു നിർമ്മാണ കമ്പനിയിലാണ് പ്രവർത്തിച്ചിരുന്നത്. ഹൈദരാബാദ് നഗരത്തോടു ചേർന്നുള്ള അനധികൃത ലാബിൽ വെച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറു കിലോയിലധികം ലഹരിമരുന്ന് ഇയാൾ നിർമ്മിച്ചു വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മുംബയ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംഘത്തിനു വേണ്ടിയാണ് ഇയാൾ ലഹരിമരുന്ന് നിർമ്മിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ട് പേരെ വെള്ളിയാഴ്ച ഡി ആർ ഐ അറസ്റ്റ് ചെയ്തു.
1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം നിരോധിച്ച മയക്കുമരുന്നാണ് മെഫിഡ്രോൺ. കോളേജ് വിദ്യാർത്ഥികളടക്കം വ്യാപകമായി മാനസികോല്ലാസത്തിനായി ദുരുപയോഗം ചെയ്യുന്ന മയക്കുമരുന്നാണിത്. ഡ്രോൺ, മ്യൂ മ്യൂ തുടങ്ങിയ പേരുകളിലാണ് ഇത് പ്രാദേശികമായി അറിയപ്പെടുന്നത്. എം ഡി എം എ, അംഫാറ്റിമൈൻ, കൊക്കൈൻ തുടങ്ങിയവയ്ക്ക് സമാനമായ ഫലം ഉണ്ടാക്കാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
മറുനാടന് ഡെസ്ക്