പത്തനാപുരം: സോളർ വിഷയത്തിൽ സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായെന്ന സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കെ.ബി.ഗണേശ്‌കുമാർ എംഎൽഎ. മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിക്കാൻ ഗണേശ്‌കുമാർ തയാറായില്ല. 21 പേജുണ്ടായിരുന്ന സരിതയുടെ കത്തിൽ നാലുപേജ് ഗണേശ്‌കുമാറിന്റെ നിർദേശപ്രകാരം കൂട്ടിച്ചേർത്തതാണെന്നായിരുന്നു ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ.

ഗണേശ്കുമാറിന്റെ നിർദേശപ്രകാരം 21 പേജുള്ള കത്തിൽ നാലുപേജ് പിന്നീട് കൂട്ടിച്ചേർക്കുകയാണുണ്ടായതെന്നാണ് ഫെനിയുടെ ആരോപണം. കോൺഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേർത്തത്. കേരള കോൺഗ്രസ് (ബി) നേതാവും ഗണേശിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേർക്കാനുള്ള നാലു പേജുകൾ എത്തിച്ചു നൽകിയത്. ഗണേശിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തുന്നതെന്നു ശരണ്യ മനോജ് പറഞ്ഞതായും ഫെനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2015 മാർച്ച് 13 നായിരുന്നു ഇതെന്നും ഫെനി പറഞ്ഞു. പത്തനംതിട്ട ജയിലിൽ നിന്ന് ഞാൻ കൊണ്ടു വന്ന കത്ത് തന്റെ കൈയിയിൽ നിന്ന് വാങ്ങിയത് ഗണേശ് കുമാറിന്റെ പി.എ പ്രദീപാണ്. എന്റെ വാഹനത്തിൽ വച്ചാണ് ഇവർ എഴുതിചേർത്ത പേജുകൾകൂടി കത്തിലേക്ക് കൂട്ടിചേർത്തതെന്നും ഫെനി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടവർ ലൊക്കേഷൻ പരിശോധിച്ചാൽ കാര്യങ്ങളൊക്കെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പേരുകൾ കൂട്ടിച്ചേർക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് താൻ ചോദിച്ചിരുന്നു. ഇനി ഏതായാലും ഗണേശിന് മന്ത്രിയാകാൻ പറ്റില്ല, അതുകൊണ്ട് ചിലർക്കൊക്കെ പണി കൊടുത്തേ പറ്റൂ എന്നായിരുന്നു മറുപടി- ഫെനി പറഞ്ഞു.

ജയിലിലായിരിക്കുമ്പോൾ എഴുതിയ കത്ത് ഗണേശിന്റെ പിഎയുടെ കയ്യിൽ മാത്രമേ നൽകാവൂവെന്ന് സരിത നിർദേശിച്ചിരുന്നു. അതുതന്നെയാണ് താൻ ചെയ്തത്. ഗണേശിന്റെ കാറിലെത്തി പ്രദീപ് തന്റെ കയ്യിൽനിന്ന് കത്തുവാങ്ങി. കത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ കമ്മിഷനിൽ വിചാരണ ചെയ്തപ്പോൾ പറയാൻ കമ്മിഷൻ തന്നെ അനുവദിച്ചില്ല, വക്കീൽ ചോദിച്ചപ്പോൾ ഫെനി അതുപറയാനല്ല ഇവിടെ ഇരിക്കുന്നതെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. അതിനാലാണ് അതെനിക്ക് പറയാൻ കഴിയാഞ്ഞത്.

കമ്മിഷന്റെ നിലപാടുകൾ പക്ഷപാതപരമാണെന്ന് ആദ്യം തന്നെ തനിക്കും സരിതയ്ക്കും മനസിലായിരുന്നു. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. തമ്പാനൂർ രവി പറഞ്ഞിട്ടാണെന്നാണ് അന്നു പറഞ്ഞത്. എന്നാൽ അതായിരുന്നില്ല സത്യാവസ്ഥ. അന്നത്തെ സർക്കാരിനെതിരെ എന്തെങ്കിലും പറയാൻ ജസ്റ്റിസ് ശിവരാജൻ പലതവണ നിർബന്ധിച്ചിരുന്നു. അന്ന് ശിവരാജൻ സാറിന്റെ നിലപാട് ശരിയല്ലെന്നും ഹൈക്കോടതിയിൽ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. ബിജു രാധാകൃഷ്ണനും ജസ്റ്റിസ് ശിവരാജനെതിരെയും സെക്രട്ടറി ദിവാകരനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ചില നേതാക്കന്മാരുടെ പേരു പറയണമെന്നു പറഞ്ഞ് ദിവാകരൻ തന്നെ സ്വാധീനിച്ചുവെന്ന് മൊഴി നൽകാൻ ബിജു തയാറായപ്പോൾ അതിന് അനുവദിച്ചിരുന്നില്ലെന്നും ഫെനി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം മുൻ യുഡിഎഫ് മന്ത്രിയും ഇപ്പോൾ ഇടത് എംഎ‍ൽഎയുമായ ഗണേശ് കുമാറിന്റെ പേര് സരിത ഒഴിവാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് റിപ്പോർട്ടിൽ ഉൾപ്പെട്ട കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാനാണ് രംഗത്തെത്തി. കേസിന്റെ തുടക്കത്തിൽ ഉയർന്നു കേട്ട പല പേരുകളും റിപ്പോർട്ട് വന്നപ്പോൾ അപ്രത്യക്ഷമായതായും ബെന്നി ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റു ചില പേരുകൾ ഇപ്പോൾ ഉൾപ്പെട്ടിട്ടുമുണ്ട്. റിപ്പോർട്ടിൽ കേൾക്കാത്ത പേരുകൾക്ക് മുൻതൂക്കം കിട്ടി. സോളാർ റിപ്പോർട്ടിൽ ഇടപെടലും ഗൂഢാലോചനയും നടന്നതിന്റെ തെളിവാണ് ഇതെന്നാണ് ബെന്നി പറയുന്നത്.

സോളാർ വിവാദത്തിന്റെ സൂത്രധാരൻ കെബി ഗണേശ് കുമാറെന്ന് ആരോപിച്ച് സരിതയുടെ ബിസിനസ് പങ്കാളി ആയിരുന്ന ബിജു രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്റെ നിർദ്ദേശപ്രകാരമെന്നും ബിജു വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. എഴുതി തയ്യാറാക്കിയ പരാതിയിലാണ് ബിജു രാധാകൃഷ്ണൻ കെ.ബി ഗണേശ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സോളാർ പ്രശ്നത്തിന്റെ യഥാർത്ഥ സൂത്രധാരനും കാരണക്കാരനും കെ.ബി ഗണേശ് കുമാറാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഗണേശ്കുമാറിനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം.

സരിതയും ഗണേശ് കുമാറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ ആരോപണം ഉയർന്നിരുന്നു. ഗണേശിന്റെ ഭാര്യ യാമിനി തങ്കച്ചി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേരിട്ട് കണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഗണേശിന് മന്ത്രി സ്ഥാനം നഷ്ടമായതും. അക്കാലത്ത് ഗണേശിന് മർദ്ദനമേറ്റതിന്റെ ചിത്രം പ്രചരിച്ചിരുന്നു. ഇത് ഗണേശിന് ബന്ധമുള്ള ഒരു സ്ത്രീയുടെ ഭർത്താവ് മർദ്ദിച്ചതാണെന്നാണ് യാമിനി വെളിപ്പെടുത്തിയത്. ആ സ്ത്രീ സരിതയാണെന്നും ബിജു രാധാകൃഷ്ണനാണ് ഗണേശിനെ മർദ്ദിച്ചതെന്നുമാണ് അന്ന് വാർത്തകൾ പ്രചരിച്ചതെന്നും കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ പരസ്യമായി പറയാൻ നിർബന്ധിതരായിരിക്കുകയാണ്.

ടീം സോളാർ കമ്ബനിയുടെ യഥാർത്ഥ ഉടമസ്ഥൻ ഗണേശ് കുമാറാണ്. സരിത ഗണേശ് കുമാറിന്റെ ബിനാമിയാണെന്നും ബിജുരാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ സോളാർ കേസിൽ ഗണേശ് എന്തുകൊണ്ട് പ്രതിയായില്ലെന്ന് ചോദിച്ച് കോൺഗ്രസ് നേതാക്കളും എത്തുന്നത്.