സ്ലാമിനുവേണ്ടി മരിക്കുകയാണെങ്കിൽ സ്വർഗത്തിൽ 72 കന്യകമാരെ നിങ്ങൾക്ക് ലഭിക്കുമെന്നാണ് ഐസിസിൽ ജിഹാദികളായി ചേരുന്നവർക്ക് ലഭിക്കുന്ന വാഗ്ദാനം. എന്നാൽ, അതിനാരെയും കൊല്ലേണ്ടെന്നും തന്റെ രാജ്യത്തേക്ക് വന്നാൽ 42 കന്യകമാരെ ലഭിക്കുമെന്നാണ് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേർ്‌ട്ടെയുടെ പ്രഖ്യാപനം. ഐസിസിനെ പരിഹസിക്കാനായി നടത്തിയതാണെങ്കിലും, ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ പ്രസിഡന്റ് നടത്തിയ പരാമർശം ഫിലിപ്പീൻസിൽ വിവാദമായി.

ഐസിസിന്റെ തിക്തഫലം നേരിട്ടനുഭവിച്ച രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. കഴിഞ്ഞവർഷം അഞ്ചുമാസത്തോളം മരാവി പട്ടണത്തിന്റെ നിയന്ത്രണം ഭീകരർ കൈക്കലാക്കിയിരുന്നു. ഒടുവിൽ ഒക്ടോബറിൽ സൈനിക ഇടപെടലിലൂടെയാണ് മരാവിയെ മോചിപ്പിച്ചത്. 148 ദിവസമാണ് നഗരത്തിന്റെ നിയന്ത്രണം ഭീകരർ പിടിച്ചെടുത്തത്. നൂറുകണക്കിന് വിദേശികളെയും നാട്ടുകാരെയും ഭീകരർ ബന്ധികളാക്കുകയും ചെയ്തു. സർക്കാർ മന്ദിരങ്ങൾ നശിപ്പിക്കുകയും ചെയ്തു. സൗത്ത് ഈസ്റ്റ് ഏഷ്യൻ മേഖലയിൽ ഐസിസിന്റെ തലവനായി സ്വയം പ്രഖ്യാപിച്ച ഹാപ്പിലോണടക്കം 1189 പേരാണ് മരാവിയിൽ കൊല്ലപ്പെട്ടത്.

നാശത്തിന്റെ പ്രതയശാസ്ത്രമാണ് ഐസിസിന്റേതെന്ന് പ്രസിഡന്റ് പറയുന്നു. ഒരു കാരണവുമില്ലാതെ കൊല്ലുകയും നശിപ്പിക്കുകയുമാണവരെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നു മരാവിയിലെ ഐസിസ് ആധിപത്യമെന്നും അദ്ദേഹം പറയുന്നു. 42 കന്യകമാരെ സ്വർഗത്തിൽ കിട്ടുമെന്ന് വിശ്വസിച്ച് കൊല്ലുകയും നശിപ്പിക്കുകയുമൊന്നും വേണ്ട. സ്വർഗത്തിലേതിനെക്കാൾ മികച്ച കന്യകമാർ രാജ്യത്തുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായി ഫിലിപ്പീൻസിൽ മുസ്ലിം മേഖലകൾ പലതും വർഷങ്ങളായി സർക്കാരിന്റെ നോട്ടമില്ലാതെയും പരിഗണിക്കപ്പെടാതെയും കിടക്കുകയായിരുന്നു. ഇവിടങ്ങളിൽ തീവ്രവാദം വളർന്നത് കാണാതിരുന്നതിന്റെ ഫലമാണ് മരാവിയിലുണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു. സിറിയയിലും ഇറാഖിലുംനിന്നുള്ള ഐസിസിന്റെ വാർത്തകൾ ഫിലിപ്പീൻസിലെ തീവ്രവാദ ശക്തികേന്ദ്രങ്ങളെ പ്രചോദിപ്പിക്കുകയും അവർ സ്വയം വളരുകയുമായിരുന്നു പിന്നീടുണ്ടായത്.