- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്‌സിനെടുക്കാൻ താത്പര്യമില്ലെങ്കിൽ ഫിലിപ്പീൻസ് വിട്ടു പോകുക; വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത ജയിലിൽ അടയ്ക്കും; ബലമായി കുത്തിവെക്കുമെന്നും ഫിലിപ്പീൻസ് പ്രസിഡന്റ്
മനില: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവരെ ജയിലിൽ അടയ്ക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടർട്ട്. വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് ബലമായി വാക്‌സിൻ കുത്തി വെക്കുമെന്നും ഡ്യൂട്ടർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് താഴ്ന്ന നിലയിൽ തന്നെ തുടരുന്നതിലുള്ള അമർഷം പ്രസിഡന്റ് പ്രകടിപ്പിച്ചത്.
'വാക്‌സിനെടുക്കാൻ താത്പര്യമില്ലെങ്കിൽ നിങ്ങൾ ഫിലിപ്പീൻസ് വിട്ടു പോകുക, ഇന്ത്യയിലോ അമേരിക്കയിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് പോകാം. ഇവിടെ തുടരുന്നിടത്തോളം കാലം വാക്‌സിൻ എടുക്കുക തന്നെ വേണം'- ഡ്യൂട്ടർട്ട് പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിൽ പോകാനാണോ വാക്‌സിനെടുക്കാനാണോ താത്പര്യമെന്ന് ചോദിക്കുമെന്നും വാക്‌സിൻ വേണ്ടെന്ന് മറുപടി നൽകുന്നവർക്ക് ബലമായി താൻ വാക്‌സിൻ കുത്തിവെക്കുമെന്നും ഡ്യൂട്ടർട്ട് കൂട്ടിച്ചേർത്തു. വിവാദപരവും കാർക്കശ്യം നിറഞ്ഞതുമായ പ്രസ്താവനകളിലൂടെ സ്ഥിരമായി വാർത്തകളിൽ നിറയുന്ന രാഷ്ട്രനേതാവാണ് ഡ്യൂട്ടർട്ട്.
വാക്‌സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുൻകൂട്ടിയുള്ള നിശ്ചയപ്രകാരം മാത്രം വാക്‌സിൻ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പീൻസ് തിങ്കളാഴ്ച റദ്ദാക്കി. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ 28,000 പേർക്ക് വാക്‌സിൻ എടുക്കാനുള്ള അറിയിപ്പ് നൽകിയിട്ടും 4,402 പേർ മാത്രമാണ് തലസ്ഥാനമായ മനിലയിൽ തിങ്കളാഴ്ച എത്തിച്ചേർന്നത്.
കൂടുതൽ ആകർഷകവും ലളിതവുമായ നയങ്ങളിലൂടെ മാത്രമേ വാക്സിൻ സ്വീകരിക്കുന്ന കാര്യത്തിൽ ജനങ്ങളെ പ്രേരിപ്പിക്കാനാവൂ എന്ന് മനില മേയർ ഇസ്‌കോ മൊറേനോ അഭിപ്രായപ്പെട്ടു.
വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് അതിർത്തികളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതായി ഹെൽത്ത് അണ്ടർ സെക്രട്ടറി മരിയ റൊസാരിയോ വെർഗെയർ അറിയിച്ചു. 5,249 പുതിയ കോവിഡ് കേസുകളും 128 മരണവുമാണ് തിങ്കളാഴ്ച ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് 1.36 ദശലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,749 പേർ കോവിഡ് മൂലം മരിച്ചു. 22,10,134 പേർ ഇതു വരെ കോവിഡ് വാക്സിൻ സ്വീകരിച്ചു.
ന്യൂസ് ഡെസ്ക്