ബാങ്കോക്ക്: 2018 ലെ മിസ്സ് യൂണിവേഴ്സായി ഫിലിപ്പീൻസ് സുന്ദരി കാത്രിയോണ എൽസാ ഗ്രേയെ തിരഞ്ഞെടുത്തു. ഫസ്റ്റ് റണ്ണറപ്പായി മിസ് ദക്ഷിണാഫ്രിക്കയും സെക്കൻഡ് റണ്ണറപ്പായി മിസ് വെനസ്വേലയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ നെഹ്വൽ ചൗദാസമയ്ക്ക് 22ാം സ്ഥാനത്തെത്തി.

സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഇരുപത്തിനാലുകാരിയായ കാത്രിയോണ എയ്ഡ്‌സ് രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകയും അദ്ധ്യാപികയുമാണ്. 93 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഫിലിപ്പൻസ് സുന്ദരി വിശ്വസുന്ദരി പട്ടം സ്വന്തമാക്കുകയായിരുന്നു. ഫസ്റ്റ് റണ്ണറപ്പായ മിസ് ദക്ഷിണാഫ്രിക്ക തമ്രിയാൻ ഗ്രീൻപ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. സെക്കൻഡ് റണ്ണറപ്പ് മിസ് വെനസ്വേല സ്റ്റെഫാനി ഗുട്ടേർസ് നിയമ വിദ്യാർത്ഥിനിയാണ്.

സ്പെയിനിന്റെ ആംഗല പോൺസ് മിസ് യൂണിവേഴ്സ് മത്സരത്തിനെത്തുന്ന ആദ്യ ട്രാൻസ്ജെൻഡറായി ചരിത്രം സൃഷ്ടിച്ചു. അറുപത്തിയേഴാമത് മിസ് യുണിവേഴ്സ് മത്സരത്തിൽ പ്രശസ്തരായ വനിതാ സംരഭകരും ഫാഷൻ ഡിസൈനർമാരും മുൻ വർഷങ്ങളിലെ വിജയികളും വിധികർത്താക്കളായി എത്തി. തായ്ലന്റിലെ ബാങ്കോക്കിലാണ് മത്സരം നടന്നത്.