ക്രൂരനായ ഭരണാധികാരിയെന്ന വിളിപ്പേരാണ് ഫിലിപ്പിൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടേർട്ടെയ്ക്ക് ചേരുക. രാജ്യത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിന്, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയൊക്കെ വെടിവെച്ചുകൊല്ലാനായിരുന്നു പ്രസിഡന്റിന്റെ ഉത്തരവ്. മാഫിയ സംഘാംഗങ്ങളെയും സാധാരണക്കാരെയുമടക്കം ആയിരങ്ങളെയാണ് പൊലീസും പട്ടാളവും ചേർന്ന് തെരുവിൽ വെടിവെച്ചുവീഴ്‌ത്തിയത്. ഇപ്പോൾ വിമതരെ അമർച്ച ചെയ്യാൻ, ഓരോ കൊലപാതകത്തിനും പ്രതിഫലം പ്രഖ്യാപിച്ച് പട്ടാളത്തെ ഉത്തേജിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിമതർക്കെതിരായ നടപടികൾ ഡുട്ടേർട്ടെ ശക്തമാക്കിയത്. ഒരു വിമതനെ കൊന്നാൽ, വെടിവെക്കുന്ന പട്ടാളക്കാരന് 500 ഡോളർ വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂ പീപ്പിൾസ് ആർമി എന്ന സംഘടനയിലെ അംഗങ്ങളെയാണ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. സംഘടനയിലെ വനിതാ അംഗങ്ങളെ വെടിവെക്കുമ്പോൾ അവരുടെ ലൈംഗികാവയവത്തിൽതന്നെ വെടിവെക്കണമെന്നും കഴിഞ്ഞദിവസം ഡുട്ടേർട്ടെ പ്രഖ്യാപിച്ചിരുന്നു.

ഫിലിപ്പീൻസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്രവാദികളാണ് ന്യൂ പീപ്പിൾസ് ആർമി ഗറില്ലകൾ. ഇതിലുൾപ്പെട്ട വനിതകളുടെ ലൈംഗികാവയവം തകർക്കുക വഴി അവരെ ഉപയോഗശൂന്യമാക്കാമെന്നായിരുന്നു ഡുട്ടേർട്ടെയുടെ പ്രഖ്യാപനം. ഓരോ വിമതനെയും കൊല്ലുമ്പോൾ 500 ഡോളർ വീതം പ്രതിഫലം നൽകുക വഴി പ്രതിരോധ ബജറ്റിൽ 47 ശതമാനത്തോളം കുറവ് വരുത്താനാകുമെന്നും ഇപ്പോൾ പ്രസിഡന്റ് പറയുന്നു. കാട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഒരാളെയെങ്കിലും വെടിവെച്ചുകൊല്ലാനാവുമെന്നും നാലുവർഷംകൊണ്ട് അവരുടെ ശല്യമില്ലാതാക്കാനാകൂമെന്നും പ്രസിഡന്റ് സെബു വിമാനത്താവളത്തിൽവെച്ച് പറഞ്ഞു.

വനിതാ ഗറില്ലകളെ കൊല്ലുന്നതിന് പകരം ഉപയോഗശൂന്യമാക്കുകയാണ് വേണ്ടതെന്നും അതിനവരുടെ ലൈംഗികാവയവം തകർക്കണമെന്നും പ്രഖ്യാപിച്ചതിന് ഡുട്ടേർട്ടെ കടുത്ത വിമർശനം നേരിട്ടിരുന്നു. എന്നാൽ, അതിൽ കൂസാതെയാണ്് പക്ഷികളെ വെടിവെക്കുന്നതിനേക്കാൾ എളുപ്പമാണ് വിമതരെ വെടിവെക്കാനെന്ന പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്. പ്രസിഡന്റിന്റെ വാക്കുകൾ മനുഷ്യാവകാശങ്ങൾ ഹനിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റുമുട്ടൽ നടക്കുമ്പോൾ ലൈംഗികാതിക്രമങ്ങൾ നടത്താൻ സൈന്യത്തിന് അധികാരം കൊടുക്കുകയാണ് പ്രസിഡന്റ് ചെയ്തിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനാ പ്രവർത്തകനായ കാർലോസ് കോണ്ടെ പറഞ്ഞു. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കെതിരാണ്. ശത്രുക്കളെ ഏതുവിധേയനയും ഇല്ലാതാക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുകയാണ് പ്രസിഡൻ്‌റ്. കൊലപാതകങ്ങൾക്കൊപ്പം ലൈംഗികാതിക്രമങ്ങൾ നടത്താനും അത് സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും കോണ്ടെ ആരോപിച്ചു.