ഡാളസ്: ക്രൈസ്തവർക്കിടയിൽ നിന്നും മറനീക്കി പുറത്തുവരുന്ന ഭിന്നതകൾ

മറന്നും, പരിഹരിച്ചും ഐക്യത്തോടെ മുന്നേറുമ്പോൾ മാത്രമാണ് ക്രിസ്തുവിനു
വഴിയൊരുക്കുന്ന സാക്ഷ്യസമൂഹമായി നിലനില്ക്കാൻ കഴിയുകയുള്ളുവെന്നു
നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഐസക് മാർ
പീലക്സിനോസ് എപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു.

ഡാളസ് സെന്റ് പോൾസ് ഇടവകയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ തിരുമേനി
ജൂൺ 25-നു ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ ധ്യാന പ്രസംഗം
നടത്തുകയായിരുന്നു.

ക്രിസ്തിവിനു വഴിയൊരുക്കുവാൻ ദൈവീക നിയോഗം ലഭിച്ച യോഹന്നാൻ
സ്നാപകൻ ജീവിതത്തിലൂടെ കാണിച്ചുതന്ന മാതൃക അനുകരണീയമാണ്. 'ശിഷ്യത്വം
സാക്ഷ്യ' അനുഭവമാക്കി മാറ്റിയതാണ് യോഹന്നാന്റെ ജീവിത വിജയത്തിന്റെ
അടിസ്ഥാനം. മറ്റുള്ളവരെ തന്നേക്കാൾ ശ്രേഷ്ഠരെന്ന് എണ്ണുന്നവരുടെ
ജീവിതത്തിൽ മാത്രമാണ് ധന്യത കണ്ടെത്താനാകുന്നത്. 'ഞാൻ മാത്രം' എന്ന
ചിന്തയോടെ മുന്നേറുമ്പോൾ 'ഞാനും സമൂഹവും ഇല്ലാതാകുന്നു' എന്ന ചിന്ത
ഓരോരുത്തരിലും രൂഢമൂലമാകേണ്ടതുണ്ട്.

അനുതാപത്തിലൂടെ ദൈവത്തിൽ സന്തോഷം കണ്ടെത്തി രൂപാന്തരം പ്രാപിച്ച
ജീവിതത്തിന്റെ ഉടമകളായി മാറുമ്പോൾ വ്യക്തികളും സമൂഹവും ഇടവകകളും
അനുഗ്രഹിക്കപ്പെടുമെന്നും തിരുമേനി ഉത്ബോധിപ്പിച്ചു.

ആദ്യ വിശുദ്ധ കുർബാനയിലൂടെ സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക്
പ്രവേശിച്ച 8 കുട്ടികൾക്ക് ഭദ്രാസനം നൽകുന്ന സർട്ടിഫിക്കറ്റുകൾ
എപ്പിസ്‌കോപ്പ വിതരണം ചെയ്തു. ഇടവക വികാരി ഷൈജു പി. ജോൺ അച്ചൻ
സ്വാഗതവും, സെക്രട്ടറി ലിജു തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
രാജൻകുഞ്ഞ് ചിറയിൽ, സഖറിയാ തോമസ്, ഏബ്രഹാം കോശി, ഹന്നാ ഉമ്മൻ, ഈശോ
ചാക്കോ തുടങ്ങിയവർ വിവിധ ശുശൂഷകൾക്ക് നേതൃത്വം നൽകി.