കോഴിക്കോട്: കേരളത്തിൽ കോൺഗ്രസ്- മുസ്ലിം ലീഗ് ശക്തികൾ അധികാരത്തിലെത്തുന്നതിനേക്കാൾ ബിജെപി ആഗ്രഹിക്കുക ഇവിടെ മാത്രം ശക്തിയുള്ള എൽഡിഎഫ് അധികാരത്തിലെത്താനാണെന്ന് മുൻ നക്‌സൽ നേതാവ് ഫിലിപ് എം പ്രസാദ്. ഭരണതുടർച്ചയുണ്ടായാൽ കോൺഗ്രസ് പ്രതിരോധത്തിലാവുമെന്നും ആന്തരിക ജീർണതകൾ കാരണം സിപിഐഎം തകരുമെന്നുമാണ് ബിജെപിയുടെ കണക്ക് കൂട്ടൽ എന്നും ഫിലിപ് എം പ്രസാദ് വിലയിരുത്തുന്നു.

ആ ശൂന്യത മുതലെടുത്ത് ബിജെപി അധികാരത്തിലെത്തുകയാണ് അവരുടെ തന്ത്രമെന്നും ഒരു സംസ്ഥാനത്തും ഭരണം കോൺഗ്രസിന് കിട്ടരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ഫിലിപ് എം തോമസ് പറഞ്ഞു. മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'ബിജെപി കേരളത്തിൽ ഒരു അവസരത്തിനു കാത്തിരിക്കുകയാണ്. അവർക്കിവിടെ സ്വന്തം വീടു വൃത്തിയാക്കാനുണ്ട്. പെട്ടെന്ന് അധികാരത്തിലെത്താനാകുമെന്ന് അവരുടെ ഉന്നത നേതൃത്വം കരുതുന്നില്ല, അവർ ലക്ഷ്യമിടുന്നത് കോൺഗ്രസിന്റെ തകർച്ചയും സിപിഎമ്മിന്റെ ജീർണതയുമാണ്. കോൺഗ്രസ് മുസ്ലിം ലീഗ് ശക്തികളുടെ കൈയിൽ അധികാരമെത്തുന്നതിനെക്കാൾ നല്ലത് കേരളത്തിൽ മാത്രം ശക്തിയുള്ള എൽഡിഎഫ് അധികാരത്തിൽ തുടരുന്നതാണ് എന്നതായിരിക്കണം അവരുടെ കണക്കു കൂട്ടൽ. ഭരണത്തുടർച്ചയുണ്ടായാൽ കോൺഗ്രസ് പ്രതിരോധത്തിലാവുമെന്നും ആന്തരിക ജീർണതകൾ കാരണം സിപിഎം തകരുമെന്നും അവർ കണക്കു കൂട്ടുന്നു. ആ ശൂന്യത മുതലെടുത്ത് അധികാരത്തിലെത്തുകയാണ് അവരുടെ തന്ത്രം. ഒരു സംസ്ഥാനത്തെയും ഭരണം കോൺഗ്രസിനു കിട്ടരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്.' ഫിലിപ് എം പ്രസാദ് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ എൽഡിഎഫിന് അനുകൂലമായി ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടായിട്ടില്ലെന്നും ഫിലിപ് എം പ്രസാദ് അഭിപ്രായപ്പെട്ടു.

'യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം പരമാവധി 5 ലക്ഷം മാത്രമാണ്. സിപിഐഎം 56 ലക്ഷം, കോൺഗ്രസ് 51 ലക്ഷം, ബിജെപി 31 ലക്ഷം എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകളുടെ കണക്ക്. കേരളത്തിലെ ജനസംഖ്യയുമായി തട്ടിച്ച് നോക്കുമ്പോൾ അഞ്ചുലക്ഷമെന്നത് വളരെ നേരിയ വ്യത്യാസമാണ്. ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി 5000 വോട്ടുകളുടെ വ്യത്യാസം മാത്രമെ ഉണ്ടായിട്ടുള്ളു. ഇത് മാറാൻ അധികസമയം വേണ്ടി വരില്ല. ഇതിനിടയിൽ ബിജെപി കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. അവർക്ക് 31 ലക്ഷം വോട്ട് സമാഹരിക്കാനായി. അത് സിപിഐഎം തിരിച്ചറിയുന്നുണ്ട്. അതിനാലാണ് ബിജെപി നേട്ടം ഗൗരവമായി കാണണമെന്ന പാർട്ടി ലൈൻ പുറത്ത് വന്നത്.'ഫിലിപ് എം പ്രസാദ് പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ചെലവഴിക്കാൻ ശ്രമിച്ചത് നന്ദിയുടെ നാണയമാണ്. എന്തു നൽകുമെന്നതല്ല എന്തു നൽകിയെന്നതാണ് ജനമനസ്സുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. ഇക്കാര്യത്തിൽ ആരും മോശമായിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ പേരിൽ എൽഡിഎഫ് അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ ഇതെല്ലാം കേന്ദ്ര സർക്കാർ നൽകിയതാണെന്ന വാദവുമായി ബിജെപി രംഗത്തുവന്നു. ഇതിനെക്കാളൊക്കെ കൂടുതൽ ചെയ്തിട്ടുണ്ടെന്നതായിരുന്നു യുഡിഎഫിന്റെയും കോൺഗ്രസിന്റെയും വാദം. മൈക്ക് കെട്ടി വിളിച്ചു പറഞ്ഞതാണിതെല്ലാം. ഞങ്ങൾ ഇതൊക്കെ ചെയ്തതിനു നന്ദി വേണമെന്നാണ് പറഞ്ഞുവച്ചതിന്റെ ചുരുക്കം. ഒടുവിൽ രാഷ്ട്രീയമൊക്കെ മാറ്റിവച്ച് എന്തു കിട്ടിയെന്നതു കണക്കാക്കി ജനം വോട്ടു ചെയ്തു.

ഇതിനിടയിൽ രാഷ്ട്രീയ പാർട്ടികളെക്കാൾ കൂടുതൽ വാരിക്കോരി നൽകിയ ഒരു വിഭാഗം അഞ്ച് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി. ഇവിടെ പ്രവർത്തിച്ചത് തമിഴ്‌നാട്ടിൽ ജയലളിത പരീക്ഷിച്ച അതേ രാഷ്ട്രീയമാണ്. അവർ ജനങ്ങൾക്കു സൗജന്യങ്ങൾ വാരിക്കോരി നൽകി. 'അമ്മ ഞങ്ങൾക്ക് ടിവി തന്നു, സൈക്കിൾ തന്നു, പാഠപുസ്തകം തന്നു, ലാപ്ടോപ് തന്നു' ഇത്തരം വായ്ത്താരികളാണവിടത്തെ തിരഞ്ഞെടുപ്പിന്റെ അജൻഡ ഇപ്പോഴും നിശ്ചയിക്കുന്നത് . ഇത് ജനാധിപത്യത്തിനു ഗുണം ചെയ്യുമോയെന്ന് പരിശോധിച്ചാൽ ആശയാടിസ്ഥാനത്തിൽ ചിന്തിക്കുന്നവർക്ക് നിരാശ നൽകിയേക്കാം.- ഫിലിപ്പ് എം പ്രസാദ് ചൂണ്ടിക്കാട്ടി.